ജയിൽ മോചിതൻ ആയിട്ടും ഇന്ത്യയിലേക്ക് മടങ്ങണം എന്ന സ്വപ്നം ബാക്കിയാക്കി അറ്റ്‍ലസ് രാമചന്ദ്രന്‍റെ മരണം

Published : Oct 03, 2022, 06:36 AM ISTUpdated : Oct 03, 2022, 11:29 AM IST
 ജയിൽ മോചിതൻ ആയിട്ടും ഇന്ത്യയിലേക്ക് മടങ്ങണം എന്ന സ്വപ്നം ബാക്കിയാക്കി അറ്റ്‍ലസ് രാമചന്ദ്രന്‍റെ മരണം

Synopsis

പ്രതിസന്ധികളോട് പൊരുതി പലവട്ടം ജയിച്ചുകയറിയ ജീവിതമായിരുന്നു അറ്റ്‍ലസ് രാമചന്ദ്രന്‍റേത്. ജയിൽ മോചിതൻ ആയിട്ടും ഇന്ത്യയിലേക്ക് മടങ്ങണം എന്ന സ്വപ്നം ബാക്കിയാക്കിയാണ് അറ്റ്‍ലസ് രാമചന്ദ്രന്‍ററെ മരണം

ജനകോടികളുടെ വിശ്വസ്ത സ്ഥാപനം എന്ന പരസ്യവാചകം പറഞ്ഞ് അറ്റലസ് രാമചന്ദ്രൻ നടന്നു കയറിയത് മലയാളിയുടെ മനസുകളിലേക്കാണ്. പ്രതിസന്ധികളോട് പൊരുതി പലവട്ടം ജയിച്ചുകയറിയ ജീവിതമായിരുന്നു അദ്ദേഹത്തിന്റെത്. ജയിൽ മോചിതൻ ആയിട്ടും ഇന്ത്യയിലേക്ക് മടങ്ങണം എന്ന സ്വപ്നം ബാക്കിയാക്കിയാണ് അറ്റ്‍ലസ് രാമചന്ദ്രന്‍ററെ മരണം. അനുഭവങ്ങളുടെ പാഠപുസ്തകം ആയിരുന്നു അറ്റ്ലസ് രാമചന്ദ്രൻ എന്ന എം എം രാമചന്ദ്രൻ.

തൃശ്ശൂർ സെൻതോമസ് കോളേജിൽ നിന്ന് ബിരുദവും ഡൽഹി സ്കൂൾ ഓഫ് എക്കണോമിക്സിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടിയ രാമചന്ദ്രൻ ബാങ്ക് ഉദ്യോഗസ്ഥനാണ് കരിയർ തുടങ്ങുന്നത്. കൊമേഴ്സ്യൽ ബാങ്ക് ഓഫ് കുവൈത്തിൽ ജോലി ചെയ്യുമ്പോഴാണ് സ്വർണ്ണ കച്ചവടത്തിന്റെ സാധ്യതകളിൽ എം എം രാമചന്ദ്രന്റെ കണ്ണുടക്കുന്നത്. അങ്ങനെയാണ് അറ്റ്ലസ് ജ്വല്ലറിയുടെ പിറവി. ഒപ്പം അറ്റ്ലസ് രാമചന്ദ്രന്റെയും.

കുവൈത്തിലെ സ്വർണ്ണ കച്ചവട രംഗത്ത് വളരെ പെട്ടെന്ന് തന്നെ അറ്റ്ലസ് സ്വന്തം മേൽവിലാസം ഉണ്ടാക്കി. പക്ഷേ ഗൾഫ് യുദ്ധം അറ്റ്ലസ് രാമചന്ദ്രന്റെ കുവൈത്തിലെ ബിസിനസ് പാടെ ഇല്ലാതാക്കി. എന്നാല്‍ തോറ്റുകൊടുക്കാൻ തയ്യാറല്ലായിരുന്നു അദ്ദേഹം. യുഎഇയിൽ എത്തി എല്ലാം ഒന്ന് മുതൽ വീണ്ടും തുടങ്ങി. ഇതിനിടയ്ക്ക് സിനിമാ നിർമ്മാണ മേഖലയിലും അറ്റ്ലസ് രാമചന്ദ്രന്റെ കൈ പതിഞ്ഞു.

അങ്ങനെയാണ് വൈശാലിയും സുകൃതവും വാസ്തുഹാരയും പോലുള്ള മനോഹരമായ സിനിമകൾ മലയാളിക്ക് ലഭിക്കുന്നത്. ചന്ദ്രകാന്ത് ഫിലിംസ് എന്ന പേരിലായിരുന്നു അദ്ദേഹം സിനിമകൾ നിർമ്മിച്ചതും വിതരണം ചെയ്തതും. കൗരവർ, ഇന്നലെ, വെങ്കലം തുടങ്ങിയ സിനിമകളിലൂടെ അദ്ദേഹം വിതരണ രംഗത്തും എത്തി. അറബിക്കഥ ഉൾപ്പെടെ 14 സിനിമകളിൽ അഭിനയിച്ച രാമചന്ദ്രൻ 2010 ൽ ഹോളിഡേയ്സ് എന്ന സിനിമ സംവിധാനം ചെയ്തു. കവിയും അക്ഷരശ്ലോക പണ്ഡിതനുമായ പിതാവിൽ നിന്നാണ് അറ്റ്ലസ് രാമചന്ദ്രനും അക്ഷരശ്ലോകത്തിലുള്ള കമ്പം പകർന്നു കിട്ടുന്നത്.

ഗൾഫിലും നാട്ടിലും ആയി ഒട്ടേറെ അക്ഷരശ്ലോക സദസ്സുകൾ ആണ് അറ്റ്ലസ് രാമചന്ദ്രന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെട്ടത്. 2015 മുതൽ അറ്റ്ലസ് രാമചന്ദ്രന്റെ ജീവിതത്തിൽ പ്രതിസന്ധികളുടെ കാലഘട്ടം ആയിരുന്നു. ബിസിനസ്സിൽ തിരിച്ചടികൾ നേരിട്ടു. വിവിധ ബാങ്കുകളില്‍ നിന്നായി എടുത്ത 55 കോടിയിലേറെ ദിര്‍ഹത്തിന്‍റെ വായ്പ തിരിച്ചടയ്ക്കുന്നതില്‍ വീഴ്ച വന്നതിനേത്തുടര്‍ന്ന് 2015 ഓഗസ്റ്റില്‍ അറസ്റ്റിലായിരുന്നു. ദുബായ് കോടതി അറ്റ്ലസ് രാമചന്ദ്രന്  മൂന്ന് വര്‍ഷത്തെ തടവ് ശിക്ഷയും അനഭവിക്കേണ്ടി വന്നു. പക്ഷേ എല്ലാത്തിനെയും പുതിയ അനുഭവ പാഠങ്ങളായി കണ്ട് വീണ്ടുമൊരു തിരിച്ചുവരവിനായി തയ്യാറെടുക്കുമ്പോഴാണ് അറ്റ്ലസ് രാമചന്ദ്രൻ വിട പറയുന്നത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

click me!

Recommended Stories

യൂസഫലിയുടെ തുടർഭരണ പരാമർശം; ദുബായിൽ വൻ കൈയടി
യുഎഇ സ്വദേശിവത്കരണം, നിയമം പാലിച്ചില്ലെങ്കിൽ ജനുവരി 1 മുതൽ കടുത്ത നടപടി, മുന്നറിയിപ്പ് നൽകി അധികൃതർ