സൗദി യാത്രക്കിടെ ബഹ്‌റൈനില്‍ കുടുങ്ങിയ ഇന്ത്യക്കാരുടെ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമം തുടരുകയാണെന്ന് അംബാസഡര്‍

By Web TeamFirst Published May 26, 2021, 9:34 AM IST
Highlights

സൗദി അധികൃതരുമായി ബന്ധപ്പെട്ട് കോവിഷീല്‍ഡും ആസ്ട്രാസെനകയും ഒന്നുതന്നെയാണന്ന്  ബോധ്യപ്പെടുത്താന്‍ സാധിച്ചിട്ടുണ്ടെന്നും അതിനാല്‍ ആശങ്കയില്ലാതെ കോവിഷീല്‍ഡ് സീകരിച്ച സാക്ഷ്യപത്രവുമായി സൗദിയിലേക്ക് വരാമെന്നും  അംബാസഡര്‍ പറഞ്ഞു. നാട്ടില്‍ ആധാര്‍ കാര്‍ഡ് നമ്പറാണ് വാക്‌സിന്‍ സ്വീകരിച്ച സാക്ഷ്യപത്രത്തില്‍ രേഖപ്പെടുത്തുന്നതെന്ന കാര്യം ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് ഡല്‍ഹിയിലെ ഇന്ത്യന്‍ കൊവിഡ് സെല്ലുമായി ബന്ധപ്പെട്ട് പാസ്‌പോര്‍ട്ട് നമ്പറുകള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

റിയാദ്: സൗദിയിലേക്കുള്ള യാത്രാമധ്യേ ബഹ്‌റൈനില്‍ കുടുങ്ങിയ ഇന്ത്യക്കാരുടെ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമം തുടരുന്നതായി സൗദിയിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔസാഫ് സഈദ് അറിയിച്ചു. സൗദിയിലെ ഇന്ത്യന്‍ സാമൂഹ്യ പ്രതിനിധികളോട് ഓണ്‍ലൈന്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 1500ഓളം ആളുകളാണ് നിലവില്‍ സൗദിയിലേക്കുള്ള അനുമതിയും കാത്ത് ബഹ്‌റൈനില്‍ കഴിയുന്നത്.

സൗദി അറേബ്യ അംഗീകരിച്ച പ്രതിരോധ വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്ക് ദമ്മാം കിങ് ഫഹദ് കോസ്വേ വഴി സൗദിയിലേക്ക് എത്താന്‍ കഴിയില്ലെന്ന പുതിയ നിബന്ധനയാണ് യാത്രക്കാര്‍ക്ക് വിനയായത്. സൗദി വിദേശകാര്യ മന്ത്രാലയവുമായും ആരോഗ്യവകുപ്പുമായും ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ തുടരുകയാണ്. വൈകാതെ പരിഹാരം കണ്ടെത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, നിലവിലെ പ്രത്യേക സാഹചര്യത്തില്‍ ഇന്ത്യയില്‍നിന്ന് വരാന്‍ ഉദ്ദേശിക്കുന്നവര്‍ എത്തിച്ചേരേണ്ട രാജ്യം നിഷ്‌കര്‍ഷിക്കുന്ന നിബന്ധനകള്‍ പാലിക്കാന്‍ ശ്രദ്ധിക്കണമെന്ന് അദ്ദേഹം ഉണര്‍ത്തി. അല്ലാത്തപക്ഷം മറ്റൊരു രാജ്യത്ത് കുടുങ്ങിപ്പോവുകയായിരിക്കും ഫലം.
ഇന്ത്യയിലെ കോവിഷീല്‍ഡ് വാക്‌സിന്‍ എടുത്തവര്‍ക്ക് സൗദിയിലേക്ക് വരാം. ഇവര്‍ക്ക് ക്വാറന്റീന്‍ ആവശ്യമില്ല. സൗദിയില്‍ ഇത് 'ആസ്ട്രാസെനക' എന്ന പേരിലാണ് അറിയപ്പെടുന്നത്.

സൗദി അധികൃതരുമായി ബന്ധപ്പെട്ട് കോവിഷീല്‍ഡും ആസ്ട്രാസെനകയും ഒന്നുതന്നെയാണന്ന്  ബോധ്യപ്പെടുത്താന്‍ സാധിച്ചിട്ടുണ്ടെന്നും അതിനാല്‍ ആശങ്കയില്ലാതെ കോവിഷീല്‍ഡ് സീകരിച്ച സാക്ഷ്യപത്രവുമായി സൗദിയിലേക്ക് വരാമെന്നും  അംബാസഡര്‍ പറഞ്ഞു. നാട്ടില്‍ ആധാര്‍ കാര്‍ഡ് നമ്പറാണ് വാക്‌സിന്‍ സ്വീകരിച്ച സാക്ഷ്യപത്രത്തില്‍ രേഖപ്പെടുത്തുന്നതെന്ന കാര്യം ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് ഡല്‍ഹിയിലെ ഇന്ത്യന്‍ കൊവിഡ് സെല്ലുമായി ബന്ധപ്പെട്ട് പാസ്‌പോര്‍ട്ട് നമ്പറുകള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അടുത്ത ദിവസങ്ങളില്‍ അതിനുള്ള നടപടി ആരംഭിക്കും.

അതേസമയം, ഇന്ത്യയില്‍ വിതരണം ചെയ്യുന്ന കോവാക്‌സിന്‍ സൗദി അംഗീകരിച്ചിട്ടില്ല. വിവിധ സംസ്ഥാനങ്ങളില്‍ നിരവധി പേര്‍ കോവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിച്ച് സൗദിയിലേക്കുള്ള യാത്രക്കായി കാത്തിരിക്കുന്നുണ്ട്. കോവാക്‌സിന് അംഗീകാരം ലഭ്യമാക്കുന്നതിനുള്ള നടപടി തുടരുകയാണന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് ബാധിച്ച് മരിച്ചവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ട് ആരംഭിച്ച സംസാരത്തില്‍ ഇന്ത്യന്‍ സമൂഹവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിലൂടെ അദ്ദേഹം കടന്നുപോയി.
കൊവിഡ് പ്രതിസന്ധിയില്‍ ഇന്ത്യയിലേക്ക് ഓക്‌സിജനും സിലണ്ടറുകളും മരുന്നുകളും എത്തിക്കാന്‍ സൗദി അധികൃതര്‍ വലിയ സഹായങ്ങളാണ് ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ പുതുതായി പടരുന്ന ബ്ലാക്ക് ഫംഗസിനുള്ള മരുന്നുകള്‍ അടുത്തതായി അയക്കുന്നതിനുള്ള ശ്രമം തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വന്ദേഭാരത് മിഷന്‍ വിമാന സര്‍വിസിലൂടെ അഞ്ചര ലക്ഷം പേരെ നാട്ടിലെത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഇന്ത്യയില്‍നിന്നെത്തുന്ന ഹജ്ജ് തീര്‍ഥാടകര്‍ക്ക് സേവനം ചെയ്യുന്നതിന് എംബസി പൂര്‍ണസജ്ജമായിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!