
ദുബൈ: റമദാന്‍ മാസപ്പിറവി നിരീക്ഷിക്കണമെന്ന് ആഹ്വാനം ചെയ്ത് യുഎഇ മാസപ്പിറവി നിര്‍ണയ സമിതി. ശഅബാന്‍ 29 ആയ ഞായറാഴ്ച റമദാന്‍ മാസപ്പിറവി നിരീക്ഷിക്കണമെന്ന് യുഎഇ മാസപ്പിറവി നിര്‍ണയ സമിതി രാജ്യത്തെ വിശ്വാസികളോട് ആവശ്യപ്പെട്ടു.
മാസപ്പിറവി ദർശിക്കുന്നവർ 026921166 എന്ന നമ്പറില്‍ അറിയിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു. യുഎഇയില്‍ തിങ്കളാഴ്ച റമദാന്‍ ഒന്നാകാന്‍ സാധ്യതയുള്ള ദിവസമാണ്. എന്നാല്‍ ഞായറാഴ്ച മാസപ്പിറവി കണ്ടില്ലെങ്കില്‍ ചൊവ്വാഴ്ചയായിരിക്കും വ്രതം ആരംഭിക്കുക.
ഞായറാഴ്ച റമദാന്‍ മാസപ്പിറവി നിരീക്ഷിക്കണമെന്ന് സൗദി സുപ്രിം കോടതിയും രാജ്യത്തെ ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഞായറാഴ്ച ശഅബാൻ 29 പൂർത്തിയാകുന്ന സാഹചര്യത്തിലാണിത്. മാസപ്പിറവി ദർശിക്കുന്നവർ അടുത്തുള്ള കോടതിയെ അറിയിക്കുവാനും സുപ്രിംകോടതി അഭ്യർഥിച്ചു. ഒപ്പം മാസപ്പിറവിക്ക് സാക്ഷികളായവരും അവരുടെ സാക്ഷ്യം രേഖപ്പെടുത്തണമെന്നും കോടതി ആവശ്യപ്പെട്ടു.
Read Also - യുഎഇയിൽ പ്രതികൂല കാലാവസ്ഥ; 13 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, എയര്‍പോര്‍ട്ടിന്‍റെ പ്രവര്‍ത്തനത്തെയും ബാധിച്ചു
യുഎഇയില്‍ റമദാനില്‍ സ്വകാര്യ മേഖലാ ജീവനക്കാരുടെ ജോലി സമയം കുറച്ചതായി അറിയിച്ചിരുന്നു. ജോലി സമയത്തില്‍ രണ്ട് മണിക്കൂറാണ് കുറച്ചത്. മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയമാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.
എട്ടു മണിക്കൂര്‍ ജോലിയുള്ളവരുടെ ജോലി സമയം ആറ് മണിക്കൂറായി കുറയും. ജോലിയുടെ സ്വഭാവത്തിനും ആവശ്യകതക്കും അനുസരിച്ച് കമ്പനികള്‍ക്ക് റമദാനിലെ ദൈനംദിന പ്രവൃത്തി സമയത്തിന്‍റെ പരിധിക്കുള്ളില്‍ ഫ്ലെക്സിബിള്‍ അല്ലെങ്കില്‍ റിമോട്ട് വര്‍ക്ക് രീതികള്‍ സ്വീകരിക്കാമെന്നും അധികൃതര്‍ അറിയിച്ചു. പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ജോലിസമയം പുനഃക്രമീകരിച്ചിട്ടുണ്ട്. തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2.30 വരെയും വെള്ളിയാഴ്ചകളിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെയും ആയിരിക്കും ജോലി സമയം. തിങ്കൾ മുതൽ വ്യാഴം വരെ മൂന്നര മണിക്കൂറും വെള്ളിയാഴ്ച ഒന്നര മണിക്കൂറുമാണ് കുറച്ചത്. വർക്ക് ഫ്രം ഹോം ഉൾപ്പെടെ സൗകര്യപ്രദമായ രീതികൾ സർക്കാർ സ്ഥാപനങ്ങൾക്കും മന്ത്രാലയങ്ങൾക്കും സ്വീകരിക്കാമെങ്കിലും ആകെ ജീവനക്കാരുടെ 70 ശതമാനത്തിൽ കൂടുതൽ വർക്ക് ഫ്രം ഹോം അനുവദിക്കാനാവില്ലെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ