
മനാമ: പ്രവാസികളിലെ ആത്മഹത്യ കുറയ്ക്കുന്നതിനായി ബോധവത്കരണ ക്യാമ്പയിനുകള്‍ സംഘടിപ്പിക്കുന്നു. കൊവിഡ് മഹാമാരി ഏല്‍പ്പിച്ച സാമ്പത്തിക ആഘാതങ്ങള്‍ മൂലമുണ്ടാകുന്ന നിരാശയും വിഷാദവും ആത്മഹത്യയിലേക്ക് നയിക്കുന്ന പശ്ചാത്തലത്തിലാണ് പ്രവാസികളെ ബോധവത്കരിക്കാനുള്ള പദ്ധതികളൊരുക്കുന്നത്.
ഒരാഴ്ചക്കിടെ മാത്രം ആറ് പ്രവാസികളാണ് ബഹ്‌റൈനില്‍ മരിച്ചത്. ഇതില്‍ നാലുപേരും ആത്മഹത്യ ചെയ്തതായാണ് കരുതുന്നത്. മറ്റ് രണ്ടുപേരില്‍ ഒരാള്‍ ഹൃദയാഘാതം മൂലമാണ് മരിച്ചത്. ഒരാളുടെ മരണത്തില്‍ പൊലീസ് ക്രിമിനല്‍ കുറ്റകൃത്യം സംശയിക്കുന്നുണ്ട്. ഇന്ത്യക്കാരായ ശ്രീജിത്ത് തെക്കയില്‍ (35), സുനില്‍ കുമാര്‍(39), പര്‍മീന്ദര്‍ സിങ് (24), പാകിസ്ഥാന്‍ സ്വദേശി മുഹമ്മദ് വകീല്‍ (27) എന്നിവരെ താമസസ്ഥലത്തെ സീലിങ് ഫാനില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. മാര്‍ച്ച് 17 മുതല്‍ 21 വരെയുള്ള കാലയളവിലാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കൊവിഡ് മഹാമാരിയുടെ പ്രത്യാഘാതങ്ങളാണ് ഇത്തരം സംഭവങ്ങളെന്ന് ഇന്ത്യന്‍ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ഐസിആര്‍എഫ്) ചെയര്‍മാന്‍ ഡോ. ബാബു രാമചന്ദ്രനെ ഉദ്ധരിച്ച് ജിഡിഎന്‍ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തു. ചെറുകിട ബിസിനസുകളില്‍ നിക്ഷേപിച്ചവരും ജോലി നഷ്ടപ്പെട്ടവരുമായി നിരവധി പ്രവാസികളുണ്ടെന്നും ഇവര്‍ തങ്ങളുടെ നഷ്ടങ്ങളില്‍ നിന്നും മുക്തരാകാനും തിരികെ സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്താനും പ്രയാസപ്പെടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കടബാധ്യതകളുള്ളവരും അത് തിരികെ അടയ്ക്കാന്‍ സാധിക്കാത്തവരുണ്ട്. നൈരാശ്യം തോന്നുന്ന നിമിഷത്തിലാകും അവര്‍ ജീവിതം അവസാനിപ്പിച്ചതെന്നും ഡോ. ബാബു രാമചന്ദ്രന്‍ അഭിപ്രായപ്പെട്ടു. ആത്മഹത്യകള്‍ക്കെതിരായ ബോധവത്കരണ പരിപാടികള്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി സംഘടിപ്പിക്കാറുണ്ട്. എന്നാല്‍ ഈ ക്യാമ്പയിനുകള്‍ ഇനിയും വര്‍ധിപ്പിക്കുകയും കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുകയും ചെയ്യേണ്ടതുണ്ട് അദ്ദേഹം വ്യക്തമാക്കി.
ആത്മഹത്യകള്‍ തടയുന്നതിനായി 38415171/35990990 എന്നിങ്ങനെ രണ്ട് ഹെല്‍പ്പ്‌ലൈന്‍ നമ്പരുകളാണ് ഐസിആര്‍എഫ് ഒരുക്കിയിട്ടുള്ളത്. മറ്റുള്ളവരെ കേള്‍ക്കാന്‍ തയ്യാറാകണമെന്നും അത് ഒരു പക്ഷേ ഒരു ജീവന്‍ രക്ഷിക്കാന്‍ കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam