പ്രവാസികളുടെ ജീവിതസംരക്ഷണത്തിന് എന്ത് സൗകര്യം ഒരുക്കി? ചോദ്യവുമായി ബി ഗോപാലകൃഷ്ണന്‍

Published : May 02, 2020, 07:42 PM IST
പ്രവാസികളുടെ ജീവിതസംരക്ഷണത്തിന് എന്ത് സൗകര്യം ഒരുക്കി? ചോദ്യവുമായി ബി ഗോപാലകൃഷ്ണന്‍

Synopsis

കേരളം നേരിടാൻ പോകുന്ന ഏറ്റവും വലിയ പ്രതിസന്ധിയായിരിക്കും പ്രവാസികളുടെ തിരിച്ചു വരവ്. ഇതിനകം തന്നെ നാല് ലക്ഷത്തിന് മുകളിൽ പ്രവാസികൾ നോർക്കയിൽ തിരിച്ച് വരവിന് രജിസ്ട്രർ ചെയ്തിട്ടുണ്ട്.  മടങ്ങണമെന്ന് ആഗ്രഹിക്കുന്നവരെ മുഴുവൻ കൊണ്ടു വരുവാൻ തയ്യാറാണന്ന് സൈന്യം പറയുകയും ചെയ്തു. 

തിരുവനന്തപുരം: പ്രവാസികളെ തിരികെ കൊണ്ടു വന്നാല്‍ മാത്രം പോരെന്നും അവര്‍ക്ക് അവർക്ക് ജീവിത സൗകര്യവും കേരളം ഒരുക്കണമെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍. കേരളം നേരിടാൻ പോകുന്ന ഏറ്റവും വലിയ പ്രതിസന്ധിയായിരിക്കും പ്രവാസികളുടെ തിരിച്ചു വരവ്. ഇതിനകം തന്നെ നാല് ലക്ഷത്തിന് മുകളിൽ പ്രവാസികൾ നോർക്കയിൽ തിരിച്ച് വരവിന് രജിസ്ട്രർ ചെയ്തിട്ടുണ്ട്.  മടങ്ങണമെന്ന് ആഗ്രഹിക്കുന്നവരെ മുഴുവൻ കൊണ്ടു വരുവാൻ തയ്യാറാണന്ന് സൈന്യം പറയുകയും ചെയ്തു.

അടിസ്ഥാന പ്രശ്നം കേരളത്തിലേക്ക് മടങ്ങിവരുന്ന പ്രവാസികൾക്ക് എന്ത് സൗകര്യമാണ് ഒരുക്കിയത് എന്നതാണ്. ക്വാറന്‍റൈന്‍ ചെയ്യുവാൻ ഹോട്ടലുകളും സ്കൂളകളും ഒരുക്കാം. പക്ഷേ ഇവരുടെ ജീവിത സംരക്ഷണത്തിന് എന്ത് പദ്ധതിയാണ് സർക്കാർ തയ്യാറാക്കിയിട്ടുള്ളതെന്ന ചോദ്യം ഏറെ പ്രസക്തമാണ്. തിരിച്ച് വരുന്ന പ്രവാസി മലയാളികളെ കൊവിഡ് ദുരന്തം കഴിഞ്ഞാൽ തിരിച്ച് പഴയ ജോലിയിൽ പ്രവേശിപ്പിക്കാൻ കമ്പനികളും സ്പോൺസർമാരും തയാറാണോയെന്ന് അറിയണമെന്ന് ബി ഗോപാലകൃഷ്ണന്‍ പറഞ്ഞു.

ഈ കാര്യത്തിൽ ഏന്തെങ്കിലും ഉറപ്പ് നോർക്ക വഴി സാധ്യമാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് കഴിയുമോ. അഥവാ അത് ഉണ്ടായില്ലങ്കിൽ ഇവർക്ക് പുനരധിവാസ പാക്കേജ് കേരളത്തിൽൽ തയ്യാറാക്കാൻ ഒരു വിദഗ്ധ സമിതിയെ നിയോഗിക്കാൻ കേരള സർക്കാർ തയ്യാറാകണം. അന്യദേശ തൊഴിലാളികൾ തിരിച്ച് പോകുന്ന വേളയിൽ ഈ കാര്യം ആസൂത്രണം ചെയ്യുവാൻ കേരള സർക്കാർ മുൻകൈ എടുക്കുന്നത് ഉചിതമാകും.

മാത്രമല്ല ചില മത തീവ്രവാദ സംഘടനകൾ അറബ് രാജ്യത്തലവന്മാരേയും ബിസിനസ് ഉടമകളേയും പല വിധത്തിൽ സ്വാധീനിച്ച് മത ധ്രുവീകരണത്തിന് ശ്രമം നടത്തുന്നതായി ധാരാളം റിപ്പോർട്ടുകൾ ഉണ്ട്. ദില്ലി നൂനപക്ഷ ചെയർമാനെതിരെ കേസ് ഫയൽ ചെയ്തത് പോലും ഇത്തരം ശ്രമങ്ങൾ നടത്തിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ്. ഇത്തരം നടപടികൾ   മടങ്ങിവരുന്നവർക്ക് തിരിച്ച് പോകാനുള്ള സാധ്യതകളെ കുറക്കുമെന്നുള്ളതിൽ സംശയമില്ല.

അറബ് രാജ്യങ്ങൾ എന്നും മലയാളികൾക്ക് താങ്ങും തണലുമായിരുന്നു . എന്നാൽ ചില മത തീവ്രവാദസംഘടനകൾ നടത്തുന്ന ദുഷ്പ്രചരണത്തിന്റെ ഭാഗമായി മലയാളികൾ പരസ്പരം പോരടിക്കുന്ന ദൗർഭാഗ്യകരമായ സന്ദർഭങ്ങളും ഉണ്ടാകുന്നു. ഈ പശ്ചാത്തലത്തിൽ പ്രത്യേകിച്ച് വർഷ കാലവും പ്രളയ സാധ്യതയും ഉള്ള കേരളത്തിൽ പ്രവാസികൾ കൂട്ടത്തോടെ എത്തുമ്പോൾ സ്വീകരിക്കേണ്ട നടപടികൾ ഗൗരവമായി പരിശോധിക്കപ്പെടുകയും അവർക്ക് ജീവിത മാർഗം നൽകാൻ സർക്കാർ എത്രയും വേഗം നടപടികൾ സ്വീകരിക്കേണ്ടതുമാണെന്നും ഗോപാലകൃഷ്ണന്‍ ആവശ്യപ്പെട്ടു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മസ്‌കറ്റ്- റിയാം തീരദേശ റോഡിൽ ഭാഗിക ഗതാഗത നിയന്ത്രണം
യുഎഇയിൽ നിന്ന് നാട്ടിലേക്കുള്ള യാത്രക്കിടെ മലയാളി ഒമാനിൽ മരിച്ചു