Latest Videos

പിസിആര്‍ പരിശോധനാ ഫലത്തില്‍ കൃത്രിമം; ബഹ്റൈനില്‍ രണ്ട് പേര്‍ക്ക് ജയില്‍ ശിക്ഷ

By Web TeamFirst Published Aug 13, 2021, 11:10 PM IST
Highlights

രണ്ട് പേരില്‍ ഒരാള്‍ക്ക് പുതിയ പരിശോധനാ ഫലം കൈവശമില്ലാതിരുന്നതിനാല്‍ നേരത്തെ എടുത്ത പരിശോധനാ ഫലത്തിലെ തീയ്യതി തിരുത്താന്‍ തീരുമാനിക്കുകയായിരുന്നു.

മനാമ: കൊവിഡ് പി.സി.ആര്‍ പരിശോധാ ഫലത്തില്‍ കൃത്രിമം കാണിച്ച രണ്ട് പേര്‍ക്ക് ബഹ്റൈനില്‍ ഒരു വര്‍ഷം വീതം ജയില്‍ ശിക്ഷ. സര്‍ട്ടിഫിക്കറ്റിലെ തീയ്യതി തിരുത്തിയ ശേഷം കിങ് ഫഹദ് കോസ്‍വേ വഴി സൗദി അറേബ്യയിലേക്ക് യാത്ര ചെയ്യാന്‍ ശ്രമിക്കവെയാണ് ഇവര്‍ പിടിയിലായത്. 

രണ്ട് പേരില്‍ ഒരാള്‍ക്ക് പുതിയ പരിശോധനാ ഫലം കൈവശമില്ലാതിരുന്നതിനാല്‍ നേരത്തെ എടുത്ത പരിശോധനാ ഫലത്തിലെ തീയ്യതി തിരുത്താന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ കോസ്‍വേയിലെ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് കണ്ടെത്തി. സൗദി അധികൃതര്‍ വിവരം കൈമാറിയതനുസരിച്ച് ബഹ്റൈന്‍ പൊലീസ് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.

താന്‍ നേരത്തെ കൊവിഡ് പരിശോധന നടത്തിയിരുന്നതായും നെഗറ്റീവ് ഫലം ലഭിച്ചിരുന്നത് കൊണ്ട് തീയ്യതി തിരുത്തി അത് തന്നെ ഉപയോഗിക്കുകയായിരുന്നുവെന്നും ഇയാള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. വ്യാജ പരിശോധനാ ഫലം ആണ് ഒപ്പമുള്ളയാളുടെ കൈവശമുള്ളതെന്ന് പിടിയിലായ രണ്ടാമനും അറിയാമായിരുന്നു. വ്യാജ രേഖ ചമച്ചതിനാണ് ഇരുവര്‍ക്കുമെതിരെ കുറ്റം ചുമത്തിയിരുന്നത്. ഇത് ബഹ്റൈനില്‍ 10 വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്ന് ചീഫ് പ്രോസിക്യൂട്ടര്‍ അറിയിച്ചു.

click me!