
മനാമ: മധ്യപൂര്‍വേഷ്യയിലെ ഏറ്റവും വലിയ ക്രിസ്ത്യന്‍ ദേവാലയം(Christian Church) വത്തിക്കാന്‍ പ്രതിനിധികളുടെ സാന്നിദ്ധ്യത്തില്‍ ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസാ അല്‍ ഖലീഫ (King Hamad bin Isa Al Khalifa)ഉദ്ഘാടനം ചെയ്യും. ഡിസംബര്‍ ഒമ്പതിന് രാവിലെ 11 നാണ് കന്യകാമറിയത്തിന്റ പേരിലുളള 'ഔര്‍ ലേഡി ഓഫ് അറേബ്യ' കത്തീഡ്രലിന്റെ ഉദ്ഘാടനമെന്ന് പ്രൊജക്ട് മേധാവി ഫാ.സജി തോമസ് ബഹ്‌റൈനില്‍(Bahrain) വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ബഹ്റൈന്‍, കുവൈറ്റ്, ഖത്തര്‍, സൗദി അറേബ്യ എന്നിവ ഉള്‍പ്പെടുന്ന നോര്‍ത്ത് അറേബ്യന്‍ അപ്പസ്തോലിക് വികാരിയത്തിന്റെ കേന്ദ്രം കൂടിയായിരിക്കും ഈ പള്ളി. അവാലിയില്‍ ബഹ്‌റൈന്‍ രാജാവ് സമ്മാനിച്ച 9,000 ചതുരശ്ര മീറ്റര്‍ സ്ഥലത്താണ് കത്തീഡ്രലും വികാരിയത്തിന്റെ ആസ്ഥാന കാര്യാലയവും നിര്‍മിച്ചിരിക്കുന്നത്.
ഡിസംബര്‍ 10ന് രാവിലെ 10ന് ദേവാലയത്തിന്‍റെ കൂദാശാകര്‍മ്മം മാര്‍പാപ്പയെ പ്രതിനിധീകരിച്ച് എത്തുന്ന സുവിശേഷവത്ക്കരണ തിരുസംഘം അധ്യക്ഷന്‍ കര്‍ദിനാള്‍ ലൂയിസ് അന്‍റോണിയോ ടാഗ്ലെ നിര്‍വഹിക്കും. വത്തിക്കാന്‍ അംബാസഡററായ ആര്‍ച്ച് ബിഷപ്പ് യൂജിന്‍ ന്യൂജന്റ്, ദക്ഷിണ അറേബ്യ വികാരി അപ്പസ്തോലിക്കയും ഉത്തര അറേബ്യ വികാരിയത്തിന്റെ അഡ്മിനിസ്ട്രേറ്ററുമായ ബിഷപ്പ് പോള്‍ ഹിന്‍ഡര്‍ എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിക്കും. ബഹ്‌റൈന്റെ തലസ്ഥാനമായ മനാമയില്‍ നിന്ന് 20 കിലോമീറ്റര്‍ മാത്രം അകലെയുളള അവാലിയിലാണ് 95,000 ചതുരശ്ര അടിയോളം വരുന്ന കെട്ടിട സമുച്ചയം. 2,300 ലധികം വിശ്വാസികളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന കത്തീഡ്രലിന്റെ വശങ്ങളില്‍ ചാപ്പലുകളും വിശാലമായ പാര്‍ക്കിങ് സൗകര്യവുമുണ്ട്.
2014 മേയ് 19ന് വത്തിക്കാന്‍ സന്ദര്‍ശന വേളയില്‍ ബഹ്റൈന്‍ രാജാവ് കത്തീഡ്രലിന്റെ ചെറുമാതൃക മാര്‍പാപ്പക്ക് സമ്മാനിച്ചിരുന്നു. ഏകദേശം 80,000 കത്തോലിക്കക്കാര്‍ ബഹ്റൈിനിലുണ്ട്. ഫിലിപ്പീന്‍സ്, ഇന്ത്യ എന്നീ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികളാണ് ഇതില്‍ ഭൂരിഭാഗവും. മനാമ സേക്രഡ് ഹാര്‍ട്ട് ചര്‍ച്ച് വികാരി ഫാ. സേവ്യര്‍ മരിയന്‍ ഡിസൂസ, റോഡ്രിഗോ സി. അക്കോസ്റ്റ, ജീസസ് സി പാലിങ്കോട്, മൈക്കല്‍ ബ്യൂണോ കാര്‍ണി, ജിക്‌സണ്‍ ജോസ് ബിനോയ്, ബിനോയ് അബ്രഹാം, രഞ്ജിത് ജോണ്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam