ഇത് വെറുപ്പുളവാക്കുന്ന കുറ്റം, അംഗീകരിക്കാനാവില്ല; ഹിന്ദു ദൈവങ്ങളുടെ പ്രതിമകള്‍ തകര്‍ത്ത വനിതക്കെതിരെ ബഹ്റൈന്‍

Published : Aug 17, 2020, 06:54 PM ISTUpdated : Aug 17, 2020, 09:13 PM IST
ഇത് വെറുപ്പുളവാക്കുന്ന കുറ്റം, അംഗീകരിക്കാനാവില്ല; ഹിന്ദു ദൈവങ്ങളുടെ പ്രതിമകള്‍ തകര്‍ത്ത വനിതക്കെതിരെ ബഹ്റൈന്‍

Synopsis

മതപരമായ പ്രതീകങ്ങള്‍ നശിപ്പിക്കുന്നത് ബഹ്‌റൈന്‍ ജനതയുടെ സംസ്‌കാരത്തിന്റെ ഭാഗമല്ലെന്നും ഇത് അംഗീകരിക്കാനാകാത്തതും വിദ്വേഷത്തിന്റെ കുറ്റകൃത്യം അവഗണിക്കപ്പെടേണ്ടതുമാണെന്ന് ഖാലിദ് ബിന്‍ അഹമ്മദ് അല്‍ ഖലീഫ ട്വീറ്റ് ചെയ്തു. 

മനാമ: വ്യാപാര സ്ഥാപനത്തില്‍ സൂക്ഷിച്ച ഹിന്ദു ദൈവങ്ങളുടെ പ്രതിമകള്‍ എറിഞ്ഞുടച്ച് മതവിശ്വാസത്തെ അപകീര്‍ത്തിപ്പെടുത്തുകയും മനപ്പൂര്‍വ്വം നാശനഷ്ടങ്ങളുണ്ടാക്കുകയും ചെയ്ത വനിതയ്‌ക്കെതിരെ ബഹ്റൈന്‍. വെറുപ്പുളവാക്കുന്ന കുറ്റകൃത്യമാണിതെന്ന് ബഹ്‌റൈന്‍ ഉന്നത ഉദ്യോഗസ്ഥനും റോയല്‍ അഡ്വൈസറുമായ ഖാലിദ് ബിന്‍ അഹമ്മദ് അല്‍ ഖലീഫ പറഞ്ഞു.

ട്വിറ്ററിലൂടെയാണ് അദ്ദേഹം പ്രതിഷേധം അറിയിച്ചത്. മതപരമായ പ്രതീകങ്ങള്‍ നശിപ്പിക്കുന്നത് ബഹ്‌റൈന്‍ ജനതയുടെ സംസ്‌കാരത്തിന്റെ ഭാഗമല്ലെന്നും ഇത് അംഗീകരിക്കാനാകാത്തതും വിദ്വേഷത്തിന്റെ കുറ്റകൃത്യം അവഗണിക്കപ്പെടേണ്ടതുമാണെന്ന് ഖാലിദ് ബിന്‍ അഹമ്മദ് അല്‍ ഖലീഫ ട്വീറ്റ് ചെയ്തു. 

ഇത്തരത്തിലുള്ള പ്രവൃത്തികള്‍ അംഗീകരിക്കാനാവില്ലെന്ന് ഏരിയ എംപിയും പാര്‍ലമെന്റിലെ വിദേശകാര്യ, പ്രതിരോധ, ദേശീയ സുരക്ഷാ സമിതി അംഗവുമായ അമ്മര്‍ അല്‍ ബനായ് പറഞ്ഞതായി 'ജിഡിഎന്‍' ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തു. ഹമദ് രാജാവിന്റെ ഭരണത്തിന്‍ കീഴിലുള്ള ബഹ്‌റൈന്‍ പരസ്പര സഹകരണത്തിന്റെയും മതപരമായ സഹിഷ്ണുതാ മനോഭാവത്തിന്റെയും പേരിലാണ് അറിയപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു.

എല്ലാ മതവിഭാഗങ്ങളെയും അംഗീകരിക്കാന്‍ പഠിച്ചുകൊണ്ടാണ് ബഹ്‌റൈന്‍ ജനത മുമ്പോട്ട് പോകുന്നതെന്നും ഈ തരത്തിലുള്ള അപരിഷ്‌കൃത പെരുമാറ്റത്തിന് ബഹ്‌റൈനില്‍ ശിക്ഷ ലഭിക്കാതിരിക്കില്ലെന്നും എംപി പറഞ്ഞു. മറ്റ് മതവിഭാഗങ്ങള്‍, രാജ്യക്കാര്‍, വിവിധ സമൂഹങ്ങള്‍ എന്നിവയോട് ബഹ്‌റൈന്‍ ജനത അനാദരവ് കാണിക്കില്ല. ഇതൊരു ഒറ്റപ്പെട്ട സംഭവമാണ്. അതിനാല്‍ തന്നെ ബഹ്‌റൈന്‍ ജനതയെയോ ഇസ്ലാമിനെയോ ഇത് പ്രതിനിധീകരിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയതായി 'ജിഡിഎന്‍ ഓണ്‍ലൈന്‍റെ' റിപ്പോര്‍ട്ടില്‍ പറയുന്നു.  

സംഭവത്തിലുള്‍പ്പെട്ട സ്ത്രീയ്ക്കെതിരെ ബഹ്റൈന്‍ പൊലീസ് നടപടിയെടുത്തിരുന്നു. ഇവരെ വിചാരണ ചെയ്യും. സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോ ശ്രദ്ധയില്‍പ്പെട്ടതോടെ ഞായറാഴ്ച ക്യാപിറ്റല്‍ ഗവര്‍ണറേറ്റ് പൊലീസ് ഡയറക്ടര്‍ ജനറല്‍ 54കാരിയായ ഈ സ്ത്രീയെ വിളിച്ചുവരുത്തിയിരുന്നു. ഇവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചെന്നും കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുമെന്നും ബഹ്റൈന്‍ പൊലീസ് ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു. ബഹ്റൈന്‍ ആഭ്യന്തര മന്ത്രാലയവും ഈ വിഷയത്തില്‍ പ്രതികരിച്ച് ട്വീറ്റ് ചെയ്തു.

മനാമയിലെ ജുഫൈറില്‍ ഒരു കടയിലെത്തിയ രണ്ട് സ്ത്രീകളില്‍ ഒരാള്‍ വില്‍പ്പനയ്ക്ക് വെച്ചിരുന്ന ഹിന്ദു ദൈവങ്ങളുടെ പ്രതിമകള്‍ സ്ഥാപിച്ച സ്ഥലത്തെത്തുന്നതും സെയില്‍സ്മാനോട് സംസാരിച്ച ശേഷം പ്രതിമകള്‍ എറിഞ്ഞുടയ്ക്കുന്നതുമായ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതേ തുടര്‍ന്ന് സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പെടെ വലിയ രീതിയിലുള്ള പ്രതിഷേധങ്ങള്‍ ഉയര്‍ന്നു. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നാട്ടിലില്ലാത്ത പ്രവാസികൾക്ക് ആൾമാറാട്ടത്തിലൂടെ ലൈസൻസ്; തിരൂരിൽ ആർടിഒ ഓഫീസ് കേന്ദ്രീകരിച്ച് വൻ തിരിമറി, ഒരാൾക്ക് 50000 രൂപ
യൂറോപ്യൻ രാജ്യമല്ല, ഇത് മഞ്ഞുപെയ്യുന്ന സൗദി അറേബ്യ