Latest Videos

പൊണ്ണത്തടി മൂലം പറക്കാനാവാതെ കടല്‍ കാക്കകള്‍! പുതിയ നിര്‍ദ്ദേശത്തിന് ബഹ്റൈനില്‍ അംഗീകാരം

By Web TeamFirst Published Feb 16, 2021, 3:18 PM IST
Highlights

കഴിച്ചുകഴിഞ്ഞ് ബാക്കി വരുന്ന മക്ബൂസ് പോലെയുള്ള വിഭവങ്ങളുടെ അവശിഷ്ടങ്ങള്‍ നിരവധി കുടുംബങ്ങള്‍ കടല്‍കാക്കകള്‍ക്കും മറ്റ് ജീവികള്‍ക്കുമായി അലക്ഷ്യമായി നിക്ഷേപിക്കാറുണ്ട്. എന്നാല്‍ ഇത്തരത്തിലുള്ള ഭക്ഷണങ്ങള്‍ അമിതമായി ലഭിക്കുന്നത് മൂലം കടല്‍ കാക്കകള്‍ പറക്കാന്‍ പോലുമാവാത്ത അവസ്ഥയിലാണ്.

മനാമ: മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും ഭക്ഷണം കൊടുക്കുന്നതും സംരക്ഷിക്കുന്നതും മനുഷ്യത്വപരമായ പ്രവൃത്തിയാണ്. എന്നാല്‍ പക്ഷിമൃഗാദികളുടെ ശരീരഘടനയെ തന്നെ തകരാറിലാക്കുന്ന രീതിയില്‍ ഭക്ഷണം നല്‍കിയാലോ? ഇത്തരത്തില്‍ അപൂര്‍വ്വമായൊരു സംഭവം ബഹറൈനില്‍ പുതിയൊരു തീരുമാനത്തിന് വഴിതെളിച്ചിരിക്കുകയാണ്.

തീറ്റ കൂടി പൊണ്ണത്തടി മൂലം പറക്കാനാവാത്ത അവസ്ഥയിലാണ് ബഹ്‌റൈന്‍ തീരങ്ങളില്‍ ഇപ്പോള്‍ കടല്‍കാക്കകള്‍ കാണപ്പെടുന്നതെന്ന വസ്തുത വടക്കന്‍ മുന്‍സിപ്പല്‍ കൗണ്‍സിലിന്റെ ടെക്‌നിക്കല്‍ കമ്മറ്റി ചെയര്‍മാന്‍ അബ്ദുല്ല അല്‍ ഖുബൈസിയാണ് കൗണ്‍സിലര്‍മാര്‍ക്ക് മുമ്പില്‍ അവതരിപ്പിച്ചത്. കടല്‍ക്കാക്കകളുടെ പൊണ്ണത്തടിയും ബഹ്‌റൈന്‍ ജനതയുടെ ഇഷ്ട ഭക്ഷണമായ മക്ബൂസും തമ്മിലൊരു ബന്ധമുണ്ട്. ചോറും ചിക്കന്‍ ബ്രാത്തും മസാലകളും ഉണങ്ങിയ നാരങ്ങയുമൊക്കെ ചേര്‍ത്തുണ്ടാക്കുന്ന രുചികരമായ വിഭവമാണ് മക്ബൂസ്- ബഹ്‌റൈനികളുടെ പ്രിയപ്പെട്ട ഭക്ഷണം. കടല്‍ക്കാക്കകള്‍ക്കും ഏറെ പ്രിയപ്പെട്ടതാണ് മക്ബൂസ്.  

കഴിച്ചുകഴിഞ്ഞ് ബാക്കി വരുന്ന മക്ബൂസ് പോലെയുള്ള വിഭവങ്ങളുടെ അവശിഷ്ടങ്ങള്‍ നിരവധി കുടുംബങ്ങള്‍ കടല്‍കാക്കകള്‍ക്കും മറ്റ് ജീവികള്‍ക്കുമായി അലക്ഷ്യമായി നിക്ഷേപിക്കാറുണ്ട്. എന്നാല്‍ ഇത്തരത്തിലുള്ള ഭക്ഷണങ്ങള്‍ അമിതമായി ലഭിക്കുന്നത് മൂലം കടല്‍ കാക്കകള്‍ പറക്കാന്‍ പോലുമാവാത്ത അവസ്ഥയിലാണെന്ന് അബ്ദുല്ല അല്‍ ഖുബൈസി പറഞ്ഞു.

വലിച്ചെറിയുന്ന ഭക്ഷണാവശിഷ്ടങ്ങള്‍ കൃത്യമായി സംസ്‌കരിക്കാതെ കെട്ടിക്കിടക്കുന്നത് മൂലം പ്രദേശത്ത് എലികളുള്‍പ്പടെ നിരവധി ജീവികളുടെ ശല്യമുണ്ടാകാറുണ്ട്. മാത്രമല്ല അഴുകിയ ഭക്ഷണം കുമിഞ്ഞുകൂടിയുണ്ടാകുന്ന രൂക്ഷഗന്ധവും പ്രദേശവാസികള്‍ക്ക് ബുദ്ധിമുട്ടാക്കുകയാണ്. ബാക്കി വരുന്ന ഭക്ഷണം അലക്ഷ്യമായി വലിച്ചെറിയാതെ, പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കും നല്‍കാന്‍ മറ്റ് മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്ന നിര്‍ദ്ദേശം കൗണ്‍സിലര്‍ മുമ്പോട്ടുവെച്ചു.

ഭക്ഷണം പൊതുസ്ഥലങ്ങളില്‍ വലിച്ചെറിയുന്നവരെ ബോധവത്കരിക്കാനുള്ള മുന്നറിയിപ്പുകള്‍ സ്ഥാപിക്കണമെന്നും, ഭക്ഷണാവശിഷ്ടങ്ങള്‍ നിക്ഷേപിക്കുന്നതിനായി പ്രത്യേക സ്ഥലങ്ങള്‍ നിശ്ചയിക്കാനുമുള്ള നിര്‍ദ്ദേശം കൗണ്‍സിലര്‍മാര്‍ അംഗീകരിച്ചു. നോര്‍ത്തേണ്‍ മുന്‍സിപ്പാലിറ്റി, കൗണ്‍സിലിന്റെ പബ്ലിക് റിലേഷന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ കമ്മറ്റി, വര്‍ക്ക്‌സ്, മുന്‍സിപ്പാലിറ്റീസ് അഫയേഴ്‌സ്, നഗരാസൂത്രണ മന്ത്രാലയം എന്നിവ സംയുക്തമായി ചേര്‍ന്ന് ഭക്ഷണാവശിഷ്ടങ്ങള്‍ സംസ്‌കരിക്കുന്നതിനായി പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. നിയമലംകര്‍ക്ക് ശിക്ഷ നല്‍കാനുള്ള തീരുമാനം കൂടി ഉള്‍പ്പെടുത്തി നിര്‍ദ്ദേശം ഭേദഗതി ചെയ്തു. ഇത് പുഃനപരിശോധനയ്ക്കായി വര്‍ക്ക്‌സ്, മുന്‍സിപ്പാലിറ്റീസ് അഫയേഴ്‌സിനും നഗരാസൂത്രണ മന്ത്രി ഇസ്സാം ഖലാഫിനും അയച്ചു. ഇതോടെ കടല്‍ക്കാക്കകളുടെ പൊണ്ണത്തടി ബഹ്റൈനില്‍ പ്രധാനപ്പെട്ട തീരുമാനത്തിന് കാരണമായിരിക്കുകയാണ്.
 

click me!