ഒമാനിലെ സുഹാർ ഗവർണറേറ്റിൽ സുരക്ഷാ സേന രണ്ട് ഡ്രോണുകൾ തകർത്തു. ഇതിലൊന്ന് അൽ അവാഹി ഇൻഡസ്ട്രിയൽ ഏരിയയിൽ പതിച്ച് രണ്ട് വിദേശ തൊഴിലാളികൾ മരിക്കുകയും ഏതാനും പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 

മസ്കറ്റ്: ഒമാനിലെ സുഹാർ ഗവർണറേറ്റിൽ രണ്ട് ഡ്രോണുകൾ സുരക്ഷാ സേന തകർത്തു വീഴ്ത്തിയതായി സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. സുഹാറിലെ അൽ അവാഹി ഇൻഡസ്ട്രിയൽ ഏരിയയിൽ വീണ ഡ്രോണിന്റെ ആഘാതത്തിൽ രണ്ട് പ്രവാസികൾ മരിക്കുകയും ചിലർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു.

അതേസമയം, രണ്ടാമത്തെ ഡ്രോൺ തുറന്ന പ്രദേശത്ത് വീണതിനാൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഇരു സംഭവങ്ങളും ബന്ധപ്പെട്ട അധികാരികൾ പരിശോധിച്ചു കൊണ്ടിരിക്കുകയാണ്. സംഭവങ്ങളുടെ പശ്ചാത്തലവും ഡ്രോണുകളുടെ ഉറവിടവും സംബന്ധിച്ച് വിശദമായ അന്വേഷണം പുരോഗമിക്കുന്നതായി സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് ചിത്രങ്ങളോ സ്ഥിരീകരിക്കാത്ത വിവരങ്ങളോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കാതിരിക്കണമെന്ന് അധികൃതർ പൊതുജനങ്ങളോടും പ്രവാസികളോടും അഭ്യർത്ഥിച്ചു. ഔദ്യോഗിക ഉറവിടങ്ങളിൽ നിന്നുള്ള വിവരങ്ങൾ മാത്രമേ വിശ്വസിക്കാവൂവെന്നും അധികൃതർ വ്യക്തമാക്കി. എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും കൈക്കൊണ്ടിട്ടുണ്ടെന്ന് അധികൃതർ ഉറപ്പു നൽകി. രാജ്യത്തിന്റെ സുരക്ഷയും ജനങ്ങളുടെ സംരക്ഷണവും ഉറപ്പാക്കാൻ എല്ലാ സംവിധാനങ്ങളും സജ്ജമാണെന്നും അവർ അറിയിച്ചു.