കൊവിഡ് കാലത്തും പ്രവാസികളെ കൈവിടാതെ ബഹ്‌റൈന്‍

By K T NoushadFirst Published Apr 10, 2020, 9:04 PM IST
Highlights

കൊവിഡ് ചികിത്സാ രംഗത്ത് വിവിധ രാജ്യങ്ങളിലെ അവഗണനയുടെ വാര്‍ത്തക്കിടെ മലയാളികളുള്‍പ്പെടെയുളള പ്രവാസികളെ ചേര്‍ത്ത് പിടിച്ച് ബഹ്‌റൈന്‍. പ്രതിരോധ-ചികിത്സാ സേവനങ്ങള്‍ സ്വദേശി-വിദേശി ഭേദമില്ലാതെ എല്ലാവര്‍ക്കും ലഭ്യമാക്കി മാതൃകയാകുകയാണ് ബഹ്‌റൈന്‍. 

മനാമ:  കൊവിഡ് ചികിത്സാ രംഗത്ത് വിവിധ രാജ്യങ്ങളിലെ അവഗണനയുടെ വാര്‍ത്തക്കിടെ മലയാളികളുള്‍പ്പെടെയുളള പ്രവാസികളെ ചേര്‍ത്ത് പിടിച്ച് ബഹ്‌റൈന്‍. പ്രതിരോധ-ചികിത്സാ സേവനങ്ങള്‍ സ്വദേശി-വിദേശി ഭേദമില്ലാതെ എല്ലാവര്‍ക്കും ലഭ്യമാക്കി മാതൃകയാകുകയാണ് ബഹ്‌റൈന്‍. രോഗ ലക്ഷണങ്ങളുളളവര്‍ ഹോട്ട് ലൈന്‍ നമ്പറായ 444-ല്‍ ബന്ധപ്പട്ടാല്‍ ഉടനടി സേവനം ലഭിക്കും. 

ഇംഗ്ലീഷിനും അറബിക്കും പുറമെ ഹിന്ദിയിലും ഹോട്ട് ലൈന്‍ സര്‍വീസ് ലഭ്യമാണ്. ഇതിന് പുറമെ മന്ത്രാലയത്തിന്റെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ആശുപത്രികളിലും വിദേശികളില്‍ നിന്ന് ഫീസ് ഇടാക്കുന്നതും റദ്ദാക്കി. വിദേശികള്‍ ഏഴ് ബഹ്‌റൈന്‍ ദീനാര്‍ ഫീസായി നല്‍കേണ്ടതില്ലെന്ന ആരോഗ്യ മന്ത്രാലയത്തിന്റെ അറിയിപ്പ് മലയാളികളുള്‍പ്പെടെയുളള സാധാരണ തൊഴിലാളികള്‍ക്ക് വലിയ ആശ്വാസമാകും. 

വിദേശികളുള്‍പ്പെടെ ആരും മൂന്ന് മാസത്തെ ഇല്ക്ട്രിസിറ്റി-വാട്ടര്‍ ബില്ലും മുനിസിപ്പല്‍ ടാക്‌സും അടക്കേണ്ടതില്ലെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ഏതെങ്കിലും വിദേശ രാജ്യക്കാര്‍ക്കിടയില്‍ കൂടുതലുണ്ടെന്ന പേരില്‍ വൈറസിനെ ഏതെങ്കിലും രാജ്യവുമായി ചേര്‍ത്ത് പറയരുതെന്ന് വാര്‍ത്താസമ്മേളനത്തില്‍ തന്നെ അധികൃതര്‍ വ്യക്തമാക്കി. വൈറസിന് മതമോ രാജ്യമോ ഇല്ലെന്നും ഇതിനെതിരെ ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്നുമാണ് നാഷനല്‍ ടാസ്‌ക് ഫോഴ്‌സ് അംഗം ലെഫ്റ്റനന്റ് കേണല്‍ ഡോ.മനാഫ് അല്‍ഖത്താനി ആവശ്യപ്പെട്ടത്. 

വൈറസ് ബാധയുണ്ടെന്ന് കണ്ടാലുടന്‍ അവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട എല്ലാവരെയും ടെസ്റ്റ് ചെയ്യുകയും ഐസോലേഷനില്‍ ആക്കുകയുമാണ് ബഹ്‌റൈന്‍ ചെയ്യുന്നത്. വിദേശ തൊഴിലാളികളുടെ കാര്യത്തിലും ഇതില്‍ മാറ്റമില്ല. സല്‍മാബാദ്, ഹിദ്ദ്, മനാമ എന്നിവിടങ്ങളില്‍ പോസിറ്റീവ് കേസുകള്‍ കണ്ടതിനെ തുടര്‍ന്ന് തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടം മുഴുവന്‍ ഐസോലേറ്റ് ചെയ്ത് എല്ലാവരെയും ടെസ്റ്റിന് വിധേയമാക്കി. തെരഞ്ഞെടുത്ത പ്രദേശങ്ങളില്‍ റാന്‍ഡം ടെസ്റ്റും ചെയ്യുന്നുണ്ട്. 

ഇതില്‍ പോസറ്റീവായി കണ്ടെത്തിയാല്‍ അവരുമായി സമ്പര്‍ക്കത്തിലേര്‍പ്പട്ടവരെ മുഴുവന്‍ ഐസോലേറ്റ് ചെയ്യുന്നുമുണ്ട്. ബഹ്‌റൈന്‍ ഇന്റര്‍നാഷനല്‍ എക്‌സിബിഷന്‍ സെന്ററിനെ കോവിഡ് ചികിത്സാ കേന്ദ്രമാക്കി മാറ്റിയാണ് ഐസോലേഷനും ചികിത്സക്കുമുളള വിപുലമായ സൗകര്യമൊരുക്കിയിരിക്കുന്നത്. വ്യക്തികളുടെ സഞ്ചാരപാത എളുപ്പം മനസ്സിലാക്കാനുപകരിക്കുന്നവിധം 'ബി അവെയര്‍' എന്ന മൊബൈല്‍ ആപ് ഇറക്കിയതും പ്രവാസികള്‍ക്ക് ഉപകാരപ്പെടുന്നുണ്ട്. 

രാജ്യം പൂര്‍ണമായി അടച്ചിടാതെ തന്നെ കോവിഡിനെ പ്രതിരോധിക്കാനുളള ശ്രമത്തിലാണ് ബഹ്‌റൈന്‍. മാസ്‌കും സോഷ്യല്‍ ഡിസ്റ്റെന്‍സിംഗും വഴി വ്യാപനം ഇല്ലാതാക്കനാണ് ശ്രമം. സൂപ്പര്‍മാര്‍ക്കറ്റ്, ഫാര്‍മസി, ബേക്കറി , ബാങ്ക് എന്നിവ തുറന്നു പ്രവര്‍ത്തിക്കുന്നതിന് ഇതുവരെ വിലക്കുണ്ടായിട്ടില്ല. മറ്റു വാണിജ്യ സ്ഥാപനങ്ങള്‍ തുറക്കുന്നതിന് മാര്‍ച്ച് 26 മുതല്‍ രണ്ടാഴ്ചയാണ് വിലക്കുണ്ടായിരുന്നത്. ഇതില്‍ സിനിമാ ശാലകള്‍, സലൂണ്‍, ജിംനേഷ്യ തുടങ്ങിയവയൊഴികെ ബാക്കിയെല്ലാം തുറക്കാന്‍ തുറക്കാന്‍ കഴിഞ്ഞ ദിവസം സര്‍ക്കാര്‍ അനുമതി നല്‍കി. ഇത്തരം സ്ഥാപനങ്ങള്‍ രണ്ടാഴ്ചക്കാലം മാത്രമാണ് പൂട്ടിക്കിടന്നത് എന്നത് കൊണ്ട് ഇതില്‍ തൊഴില്‍ ചെയ്യുന്നവരെ സാരമായി ബാധിച്ചിട്ടില്ല. 

സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ തുടര്‍ന്ന് വിവിധ ലേബര്‍ അക്കമഡേഷനില്‍ കഴിയുന്നവര്‍ക്ക് അതാത് കമ്പനികള്‍ തന്നെ ഭക്ഷണമെത്തിക്കുന്നുണ്ട്. സലൂണ്‍, ഹോട്ടല്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്നവരെയും ഗാര്‍ഹിക തൊഴിലാളികളെയുമാണ് നിലവില്‍ ഇത് കൂടുതല്‍ ബാധിച്ചിട്ടുളളത്. ഇവര്‍ക്കാവശ്യമായ ഭക്ഷ്യ വസ്തുക്കളെത്തിക്കാന്‍ വിവിധ സംഘടനകള്‍ രംഗത്തുണ്ട്. ബഹ്‌റൈനിലെ പ്രവാസികള്‍ ഇതുവരെ മറ്റിടങ്ങളിലെ പോലെ പ്രതിസന്ധിയിലായിട്ടില്ലന്ന് ഈ സംഘടനകളും അഭിപ്രായപ്പെടുന്നു. 

ബഹ്‌റൈന്‍ കേരളീയ സമാജത്തില്‍ നടക്കുന്ന ഭക്ഷ്യ ധാന്യ വിതരണത്തിന് ക്യാപിറ്റല്‍ ഗവര്‍ണറേറ്റിന്റെ സഹായം ലഭിച്ചിട്ടുണ്ടെന്ന് കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണ് പിളള അറിയിച്ചു. സര്‍ക്കാര്‍ പ്രതിരോധ നടപടികള്‍ കാരണം മറ്റ് ഗള്‍ഫു രാജ്യങ്ങളിലേതു പോലുളള ഭീതി ബഹ്‌റൈനിലെ മലയാളികള്‍ക്കിടയില്‍ ഇല്ലെന്ന്  പ്രവാസി കമ്മീഷന്‍ അംഗം സുബൈര്‍ കണ്ണൂര്‍ പറഞ്ഞു. വിളിക്കുന്നവര്‍ക്കൊക്കെ ഭക്ഷണമെത്തിക്കുന്നുണ്ടെന്നും പ്രവാസികളുടെ ബഹ്‌റൈനിലെ അവസ്ഥ തൃപ്തികരമാണെന്നും ഐ.സി.ആര്‍.എഫ് ചെയര്‍മാന്‍ അരുള്‍ദാസും അഭിപ്രായപ്പെട്ടു. ടെസ്റ്റിന്റെയും രോഗവിമുക്തി നേടിയവരുടെയും എണ്ണത്തിന്റെ കാര്യത്തില്‍ ബഹ്‌റൈന്‍ അന്താരാഷ്ടതലത്തില്‍ മുന്നിലാണ്. ആകെ 907 പേരില്‍ 530 പേരും രോഗമുക്തരായി. ആറ് പേരാണ് ആകെ മരിച്ചത്.

 

click me!