ഖത്തര്‍ ആകാശത്ത് ബഹ്‌റൈന്റെ യുദ്ധവിമാനങ്ങള്‍ അതിക്രമിച്ച് കയറി; യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ പരാതി

By Web TeamFirst Published Dec 26, 2020, 6:43 PM IST
Highlights

ഖത്തറിനെതിരായ ഉപരോധം തുടരുന്ന രാജ്യമായ ബഹ്‌റൈന്‍ ബോധപൂര്‍വ്വം പ്രശ്‌നവും സമ്മര്‍ദ്ദവും ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും യുദ്ധവിമാനങ്ങള്‍ അതിക്രമിച്ച കടന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും ഖത്തറിന്റെ പരമാധികാരത്തെ ചോദ്യം ചെയ്യുന്നതാണെന്നും ഖത്തര്‍ ചൂണ്ടിക്കാട്ടി. 

ദോഹ: വ്യോമപരിധി ലംഘിച്ച് ഖത്തറിന്റെ ആകാശത്ത് ബഹ്‌റൈന്‍ യുദ്ധവിമാനങ്ങള്‍ അതിക്രമിച്ച് കടന്നു. നാല് ബഹ്‌റൈനി ഫൈറ്റര്‍ ജെറ്റുകള്‍ തങ്ങളുടെ വ്യോമാതിര്‍ത്തിക്കുള്ളിലേക്ക് പ്രവേശിച്ചതായി ഖത്തര്‍ ഐക്യരാഷ്ട്രസഭ സുരക്ഷ കൗണ്‍സിലിനെയും ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറലിനെയും അറിയിച്ചു. ഡിസംബര്‍ ഒമ്പത് ബുധനാഴ്ചയാണ് സംഭവം ഉണ്ടായതെന്നാണ് ഖത്തര്‍ വ്യക്തമാക്കുന്നത്.

ഖത്തര്‍ ജലാതിര്‍ത്തിക്ക് മുകളിലൂടെയാണ് ബഹ്റൈനി വിമാനങ്ങള്‍ ഖത്തര്‍ പ്രദേശത്തേക്ക് അതിക്രമിച്ച് കയറിയത്. സംഭവത്തില്‍ ഖത്തറിന്റെ ഐക്യരാഷ്ട്രസഭയിലെ സ്ഥിരം പ്രതിനിധിയായ ശൈഖ ഉല്‍യാ അഹ്മദ് ബിന്‍ സെയ്ഫ് ആല്‍ഥാനി പ്രതിഷേധം അറിയിച്ചു. ഖത്തറിന്റെ പരമാധികാരവും അതിര്‍ത്തി സുരക്ഷയും ലംഘിച്ച നടപടിയെ ശക്തമായ ഭാഷയില്‍ അപലപിക്കുന്ന ഔദ്യോഗിക കത്ത് സുരക്ഷാ കൗണ്‍സില്‍ പ്രസിഡന്റും ആഫിക്കയുടെ യുഎന്നിലെ സ്ഥിരം പ്രതിനിധി അംബാസഡറുമായ ജെറി മാറ്റ്‌ജെല, യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് എന്നിവര്‍ക്ക് കൈമാറി. 

ഖത്തറിനെതിരായ ഉപരോധം തുടരുന്ന രാജ്യമായ ബഹ്‌റൈന്‍ ബോധപൂര്‍വ്വം പ്രശ്‌നവും സമ്മര്‍ദ്ദവും ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും യുദ്ധവിമാനങ്ങള്‍ അതിക്രമിച്ച് കടന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും ഖത്തറിന്റെ പരമാധികാരത്തെ ചോദ്യം ചെയ്യുന്നതാണെന്നും ഖത്തര്‍ ചൂണ്ടിക്കാട്ടി. ഇതാദ്യമായല്ല ബഹ്റൈന്‍ ഖത്തറിന്റെ വ്യോമാതിര്‍ത്തി ലംഘിക്കുന്നതെന്നും കത്തില്‍ കൂട്ടിച്ചേര്‍ത്തു.

click me!