
റിയാദ്: സൗദി തെക്കുപടിഞ്ഞാറൻ പ്രവിശ്യയായ ജിസാനിൽ ഹൃദയാഘാതം മൂലം കഴിഞ്ഞ ചൊവ്വാഴ്ച മരിച്ച മലപ്പുറം താനൂർ ഓലപ്പീടിക സ്വദേശിനി ജമീലയുടെ (55) മൃതദേഹം ഖബറടക്കി. അഞ്ച് മാസം മുമ്പ് സന്ദർശന വിസയിൽ ജിസാനിലുള്ള മകന്‍റെ അടുത്തേക്ക് വന്നതായിരുന്നു ജമീലയും ഭർത്താവ് അലവിയും. ശേഷം അപ്രതീക്ഷിതമായുണ്ടായ ജമീലയുടെ വിയോഗം കുടുംബത്തെ ഏറെ ദുഃഖത്തിലാഴ്ത്തി.
ജിസാനിലെ സാംപ്കോ കമ്പനിയിലാണ് മകൻ ഹംസത്തുൽ സൈഫുള്ള ജോലി ചെയ്യുന്നത്. കമ്പനി ജീവനക്കാരടക്കം സ്വദേശികളും വിദേശികളുമായി നൂറുകണക്കിന് ആളുകളാണ് പഴയ അൽഗരാവി മാർക്കറ്റിന് മുൻവശമുള്ള അമീറസീത്ത മസ്ജിദിൽ നടന്ന ജമീലയുടെ മയ്യിത്ത് നമസ്ക്കാരത്തിൽ പങ്കെടുത്തത്. ശേഷം മഗാരിയയിലെ കൊക്കകോള കമ്പനിക്കടുത്തുള്ള മഖ്ബറയിൽ മൃതദേഹം ഖബറടക്കി. ഉമ്മയെ അവസാനമായി ഒരുനോക്ക് കാണുന്നതിനായി പെൺമക്കളായ സജീന, ജസീന, നസീന, റുബീന എന്നിവർ നാട്ടിൽനിന്നും ജിസാനിൽ എത്തിയിരുന്നു. ഏക മകൻ സൈഫുള്ള അടക്കം അഞ്ച് മക്കളാണ് ഇവർക്കുള്ളത്. ജിസാനിൽ സൈഫുള്ളയുടെ ഭാര്യ ഷംന സനയും മക്കളായ അശ്‌റഫ്, ശംസുദ്ധീൻ, റഫീഖ്, അസീസ് എന്നിവരുമുണ്ട്.
കെ.എം.സി.സി ജിസാൻ സെൻട്രൽ കമ്മിറ്റി വെൽഫയർ വിഭാഗത്തിെൻറ പ്രവർത്തനമാണ് മരണാനന്തര നിയമനടപടിക്രമങ്ങൾ പെട്ടെന്ന് പൂർത്തീകരിക്കാൻ സഹായിച്ചത്. പ്രസിഡൻറ് ശംസു പൂക്കോട്ടൂർ, അബ്ദുൽ ഗഫൂർ മൂന്നിയൂർ, സിറാജ് പുല്ലൂരാൻപാറ, ബന്ധു നിസാർ സാഗർ, സാംപ്‌കോ കമ്പനി ഉടമ കെ.പി. പ്രവീൺ, സൂപ്പർവൈസർ സൂരജ് എന്നിവർ സഹായവുമായി രംഗത്തുണ്ടായിരുന്നു. കെ.എം.സി.സി നേതാക്കളായ ഹാരിസ് കല്ലായി, ഗഫൂർ വാവൂർ, മൻസൂർ നാലകത്ത്, ജസ്മൽ വളമംഗലം, ബഷീർ ആക്കോട്, ശംസു സാംത്ത, സിറാജ് കുറ്റ്യാടി (ഐ.സി.എഫ്), ഫൈസൽ മേലാറ്റൂർ (ജല), സൗദിയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ബന്ധുക്കൾ തുടങ്ങി നിരവധി പേർ മയ്യിത്ത് നമസ്ക്കാരത്തിനും ഖബറടക്ക ചടങ്ങിനുമായി എത്തിയിരുന്നു. മുസ്തഫ സഅദി പ്രാർഥനക്ക് നേതൃത്വം നൽകി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ