യുഎഇയില്‍ മദ്യക്കള്ളക്കടത്തുകാരുടെ ആക്രമണത്തില്‍ ഇന്ത്യക്കാരന് ഗുരുതര പരിക്ക്; ഏഴു പേര്‍ പിടിയില്‍

By Web TeamFirst Published Oct 9, 2020, 11:53 AM IST
Highlights

ഇവര്‍ ഇതിന് മുമ്പും മദ്യം വില്‍ക്കുന്നത് യുവാവിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടായിരുന്നു. ഈ വിവരം ദുബൈ പൊലീസിനെ അറിയിക്കാന്‍ വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റ് ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെയാണ് ആക്രമണമുണ്ടായത്.

ദുബൈ: ദുബൈയില്‍ മദ്യക്കള്ളക്കടത്ത് സംഘത്തിന്റെ ആക്രമണത്തില്‍ ഇന്ത്യക്കാരന് പരിക്കേറ്റു. അനധികൃതമായി മദ്യം കടത്തുന്നത് ശ്രദ്ധയില്‍പ്പെട്ട യുവാവ് പൊലീസില്‍ വിവരം അറിയിക്കാനായി  ഇവരുടെ വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെയാണ് ആക്രമണമുണ്ടായത്.  

ഏഴുപേരടങ്ങുന്ന അക്രമി സംഘത്തില്‍ നാലു പാകിസ്ഥിനികളും രണ്ട് നേപ്പാളികളും ഒരു ഇന്ത്യക്കാരനുമാണ് ഉണ്ടായിരുന്നത്. കേസ് വ്യാഴാഴ്ച ദുബൈ പ്രാഥമിക കോടതി പരിഗണിച്ചു. അല്‍ റിഫ പ്രദേശത്ത് അനധികൃതമായി ഒരു വാഹനത്തിലാണ് ഇവര്‍ മദ്യം വില്‍പ്പന നടത്തിയിരുന്നത്. ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.

ഇന്ത്യക്കാരനായ യുവാവും സുഹൃത്തും ഒരു റെസിഡന്‍ഷ്യല്‍ ബില്‍ഡിങിന് സമീപം നിന്ന് പുകവലിക്കുകയായിരുന്നു. ഈ സമയം മദ്യക്കള്ളക്കടത്തുകാര്‍ സ്ഥലത്തെത്തി. ഇവര്‍ ഇതിന് മുമ്പും മദ്യം വില്‍ക്കുന്നത് യുവാവിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടായിരുന്നു. ഈ വിവരം ദുബൈ പൊലീസിനെ അറിയിക്കാന്‍ വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റ് ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെയാണ് ആക്രമണമുണ്ടായത്. യുവാവിനെ മദ്യക്കള്ളക്കടത്തുകാര്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു. ഇയാളുടെ പഴ്‌സില്‍ നിന്നും 1,500 ദിര്‍ഹവും ഇവര്‍ കൈക്കലാക്കി. ശേഷം അക്രമികള്‍ രക്ഷപ്പെടുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചു. ആക്രമണം നടത്തിയ എല്ലാ പ്രതികളെയും ദുബൈ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ പക്കല്‍ നിന്നും വന്‍ മദ്യശേഖരം പിടിച്ചെടുത്തു. ശാരീരിക അതിക്രമം, മോഷണം എന്നീ കുറ്റങ്ങള്‍ പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. അതേസമയം അനധികൃതമായി മദ്യ വില്‍പ്പന നടത്തിയതിന് കുറ്റക്കാര്‍ക്ക് ഒരു മാസത്തെ തടവുശിക്ഷയും അതിന് ശേഷമുള്ള നാടുകടത്തലും ദുബൈ കോടതി വിധിച്ചിട്ടുണ്ട്. ഒക്ടോബര്‍ 19നാണ് കേസില്‍ അടുത്ത വാദം കേള്‍ക്കുക.  
 

click me!