വിസ റദ്ദാക്കി പ്രവാസിയെ നാടുകടത്താന്‍ വാഹനത്തില്‍ മയക്കുമരുന്ന് ഒളിപ്പിച്ചു

By Web TeamFirst Published May 27, 2019, 1:27 PM IST
Highlights

തൊഴിലുടമയും ഭര്‍ത്താവുമല്ലാതെ അറസ്റ്റിലായ ഒരാള്‍ ഇവരുടെ ബന്ധുവുമാണ്. മയക്കുമരുന്നിന് അടിമയായ മറ്റൊരാളെ ഉപയോഗിച്ചായിരുന്നു ഇവര്‍ പ്രവാസിയെ കുടുക്കാന്‍ നോക്കിയത്.

റാസല്‍ഖൈമ: പ്രവാസിയായ ജീവനക്കാരന്റെ വാഹനത്തില്‍ മയക്കുമരുന്ന് ഒളിപ്പിച്ചുവെച്ച സംഭവത്തില്‍ വനിതയായ തൊഴിലുടമയും ഭര്‍ത്താവും അടക്കം നാല് പേര്‍ റാസല്‍ഖൈമയില്‍ പിടിയിലായി. ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്യാനും നാടുകടത്തപ്പെടാനും അങ്ങനെ വിസ റദ്ദാക്കാനുമായിരുന്നു ഇവരുടെ പദ്ധതി. തൊഴിലുടമയും ഭര്‍ത്താവുമല്ലാതെ അറസ്റ്റിലായ ഒരാള്‍ ഇവരുടെ ബന്ധുവുമാണ്. മയക്കുമരുന്നിന് അടിമയായ മറ്റൊരാളെ ഉപയോഗിച്ചായിരുന്നു ഇവര്‍ പ്രവാസിയെ കുടുക്കാന്‍ നോക്കിയത്.

താന്‍ മയക്കുമരുന്ന് ഒളിപ്പിച്ചുവെന്ന് സമ്മതിച്ച പ്രധാനപ്രതി എന്നാല്‍ അത് സ്വബോധത്തോടെ അല്ലായിരുന്നുവെന്ന് വാദിച്ചു. മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതിനാല്‍ എന്താണ് ചെയ്തതെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും ഇയാള്‍ പറഞ്ഞു. തന്നോട് ആരും ആവശ്യപ്പെട്ടിട്ടല്ല മയക്കുമരുന്ന് ഒളിപ്പിച്ചതെന്നും ഇയാള്‍ കോടതിയില്‍ പറഞ്ഞു. പ്രതിയുടെ മൊഴി കണക്കിലെടുത്ത് തൊഴിലുടമയെയും ബന്ധുവിനെയും കുറ്റവിമുക്തരാക്കണമെന്നും ഇവരുടെ അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍ ഭര്‍ത്താവ് പ്രോസിക്യൂഷന് മുന്‍പാകെ കുറ്റം സമ്മതിച്ചതാണെന്നും ഇപ്പോല്‍ മറ്റുള്ളവരെ രക്ഷിക്കാനായി പ്രധാനപ്രതി കളവ്  പറയുകയാണെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. കേസ് കോടതി മേയ് 29ലേക്ക് മാറ്റി.

click me!