അമ്മയുടെ കൈയില്‍ നിന്ന് അബദ്ധത്തില്‍ ചൂടുവെള്ളം ദേഹത്തുവീണ് മൂന്ന് വയസുകാരന്‍ മരിച്ചു

By Web TeamFirst Published Oct 17, 2019, 7:36 PM IST
Highlights

അടുക്കളയില്‍ അമ്മയ്ക്കൊപ്പം നില്‍ക്കുന്നതിനിടെ അബദ്ധത്തില്‍ ചൂടുവെള്ളം കുട്ടിയുടെ ശരീരത്തില്‍ വീഴുകയായിരുന്നു. ചൂടുവെള്ളം നിറച്ച പാത്രം ഒരു കൈകൊണ്ട് എടുത്തുമാറ്റുന്നതിനിടെ തന്റെ കൈ തട്ടിയാണ് പാത്രത്തിലെ വെള്ളം നിലത്തുവീണതെന്ന് അമ്മ പൊലീസിനോട് പറഞ്ഞു. 

ഷാര്‍ജ: യുഎഇയില്‍ അമ്മയുടെ കൈയില്‍ നിന്ന് അബദ്ധത്തില്‍ ചൂടുവെള്ളം ശരീരത്തില്‍വീണ് മൂന്ന് വയസുകാരന്‍ മരിച്ചു. ബംഗ്ലാദേശ് സ്വദേശിയായ കുട്ടി ഗുരുതരമായി പൊള്ളലേറ്റതിനെ തുടര്‍ന്ന് കഴിഞ്ഞ മൂന്ന് ദിവസമായി ഷാര്‍ജയിലെ അല്‍ ഖാസിമി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ഗുരുതരമായ പൊള്ളലുകളാണ് കുട്ടിയുടെ മരണത്തിലേക്ക് നയിച്ചതെന്ന് ആശുപത്രി അധികൃതര്‍ പൊലീസിന് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ശരീരത്തിന്റെ 33 ശതമാനവും പൊള്ളലേറ്റ നിലയില്‍ ഗുരുതരാവസ്ഥയിലാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അടുക്കളയില്‍ അമ്മയ്ക്കൊപ്പം നില്‍ക്കുന്നതിനിടെ അബദ്ധത്തില്‍ ചൂടുവെള്ളം കുട്ടിയുടെ ശരീരത്തില്‍ വീഴുകയായിരുന്നു. ചൂടുവെള്ളം നിറച്ച പാത്രം ഒരു കൈകൊണ്ട് എടുത്തുമാറ്റുന്നതിനിടെ തന്റെ കൈ തട്ടിയാണ് പാത്രത്തിലെ വെള്ളം നിലത്തുവീണതെന്ന് അമ്മ പൊലീസിനോട് പറഞ്ഞു. അമ്മയുടെ തൊട്ടടുത്ത് നില്‍ക്കുകയായിരുന്ന കുഞ്ഞിന് ഗുരുതരമായി പൊള്ളലേറ്റു.

ഷാര്‍ജയിലെ കുവൈത്ത് ആശുപത്രിയിലേക്കാണ് കുട്ടിയെ ഉടനടി എത്തിച്ചത്. പിന്നീട് അവിടെ നിന്ന് അല്‍ ഖാസിമി ആശുപത്രിയിലേക്ക് കൊണ്ടുപോയി. അടിയന്തര ശസ്ത്രക്രിയ്ക്ക് ശേഷം തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. പൊള്ളലുകളിലെ അണുബാധയും ശരീരത്തിലെ ഹീമോഗ്ലോബിന്‍ അളവ് കുറഞ്ഞതും രക്തസമ്മര്‍ദ്ദം നിയന്ത്രാണാതീതമായി കുറഞ്ഞതും മരണ കാരണമായെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.  

click me!