യുഎഇയില്‍ തീപിടുത്തം; ജീവന്‍ പണയംവെച്ച് അമ്മ രണ്ട് കുട്ടികളുടെ ജീവന്‍ രക്ഷിച്ചു

By Web TeamFirst Published Jul 13, 2019, 7:00 PM IST
Highlights

കെട്ടിടത്തിന്റെ താഴെ നിലയിലാണ് തീപിടിച്ചത്. കനത്ത പുക ഉയരുന്നത് കണ്ട് തന്നെ രണ്ടാം നിലയിലെ ബാല്‍ക്കണിയിലേക്ക് ഓടിക്കയറിയ അമ്മ, രണ്ട് കുട്ടികളെയും രക്ഷിച്ച് താഴെയെത്തിക്കുകയായിരുന്നു. 

അല്‍ഐന്‍: താമസ സ്ഥലത്തുണ്ടായ തീപിടുത്തത്തിനിടെ അമ്മയുടെ ധീരത രണ്ട് കുട്ടികളുടെ ജീവന്‍ രക്ഷിച്ചു. അല്‍ഐനിലെ അല്‍ ഹിലിലാണ് തീപിടുത്തമുണ്ടായത്. വിവരം ലഭിച്ചയുടന്‍ അഗ്നിശമന സേന, ട്രാഫിക് പട്രോള്‍, ആംബുലന്‍സ്, പാരാമെഡിക്കല്‍ സംഘങ്ങള്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയെന്ന് അബുദാബി സിവില്‍ ഡിഫന്‍സ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ മുഹമ്മദ് അല്‍ കിത്ബി പറഞ്ഞു.

കെട്ടിടത്തിന്റെ താഴെ നിലയിലാണ് തീപിടിച്ചത്. കനത്ത പുക ഉയരുന്നത് കണ്ട് തന്നെ രണ്ടാം നിലയിലെ ബാല്‍ക്കണിയിലേക്ക് ഓടിക്കയറിയ അമ്മ, രണ്ട് കുട്ടികളെയും രക്ഷിച്ച് താഴെയെത്തിക്കുകയായിരുന്നു. അമ്മയുടെ ധീരതയെ സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥര്‍ അഭിനന്ദിക്കുകയും ചെയ്തു. മൂവരെയും ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രദേശത്തെ മറ്റ് കെട്ടിടങ്ങളില്‍ നിന്ന് അഗ്നിശമന സേന ജനങ്ങളെ ഒഴിപ്പിച്ചു. തീ മറ്റിടങ്ങളിലേക്ക് പടരാതെ രക്ഷാപ്രവര്‍ത്തകര്‍ തടഞ്ഞു. എ.സി പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ്  അധികൃതരുടെ പ്രാഥമിക നിഗമനം. വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്. വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ഗൃഹോപകരണങ്ങള്‍ ശരിയായ വിധത്തില്‍ പരിശോധിച്ച് സുരക്ഷ ഉറപ്പാക്കണമെന്നും അന്തരീക്ഷ താപനില ഉയര്‍ന്ന സാഹചര്യത്തില്‍ അപകടങ്ങള്‍ക്ക് സാധ്യതയുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

click me!