
ദുബൈ: യുഎഇയുടെ ആകാശത്തിൽ വിസ്മയം തീർത്ത് ബക്ക് മൂൺ. ഇന്നലെയാണ് ജൂലൈയിലെ സൂപ്പർ മൂൺ എന്നറിയപ്പെടുന്ന ബക്ക് മൂൺ ഉദിച്ചത്. ഭൂമിയോട് കൂടുതൽ അടുത്ത് വരുന്നതിനാൽ സാധാരണ പൂർണചന്ദ്രനേക്കാൾ വലിപ്പവും തിളക്കവും ബക്ക് മൂണിന് കൂടുതൽ ആയിരിക്കും. അതുകൊണ്ടുതന്നെ ലോകമെമ്പാടുമുള്ള ആകാശ നിരീക്ഷകരെ ഏറെ ആകർഷിക്കുന്നതായിരുന്നു ഇന്നലെ ഉദിച്ച ബക്ക് മൂൺ.
ബക്ക് മൂൺ എന്ന പേര് വടക്കേ അമേരിക്കയിലെ ഗോത്രവർഗക്കാരുടെ പാരമ്പര്യത്തിൽ നിന്നുമാണ് ലഭിച്ചത്. പ്രകൃതിയുടെ മാറ്റവും ജീവജാലങ്ങളുടെ പരിണാമവും അനുസരിച്ചാണ് ഓരോ മാസത്തിലെയും പൂർണചന്ദ്രന് പേരുകൾ നൽകുന്നത്. ബക്കുകൾ എന്നറിയപ്പെടുന്ന ആൺ മാനുകൾ അവരുടെ കൊമ്പുകൾ വളർത്താൻ തുടങ്ങുന്ന സമയമാണ് സാധാരണയായി ഈ കാലയളവ്. അതിനാലാണ് ഈ സമയത്ത് ഉദിക്കുന്ന ചന്ദ്രന് ബക്ക് മൂൺ എന്ന പേര് ലഭിക്കാൻ കാരണം.
ജൂലൈയിൽ വേനൽക്കാല കൊടുങ്കാറ്റുകൾ ഉണ്ടാകുന്നതിനാൽ `തണ്ടർ മൂൺ' എന്നും ഈ കാലയളവ് യൂറോപ്പിൽ വൈക്കോൽ വിളവെടുപ്പ് കാലമായതിനാൽ അവിടങ്ങളിൽ `ഹെയ് മൂൺ' എന്നും ബക്ക് മൂൺ അറിയപ്പെടുന്നുണ്ട്.
ജ്യോതിശാസ്ത്രപരമായി ബക്ക് മൂണിന് ഏറെ സവിശേഷതകളുണ്ട്. ഈ വേനൽക്കാലത്തെ ആദ്യ പൂർണചന്ദ്രനാണിത്. കൂടാതെ ഇത് സൂര്യനിൽ നിന്നും ഒരുപാട് അകലെയായിരിക്കും. ഇതിന്റെ ഫലമായി ഓറഞ്ച് നിറത്തിലാണ് ചന്ദ്രനെ കാണാൻ സാധിക്കുക. ഗൾഫ് രാജ്യങ്ങളിലുടനീളം ബക്ക് മൂണിനെ കാണാൻ സാധിച്ചിരുന്നു. നഗ്ന നേത്രങ്ങൾ കൊണ്ട് കാണാനാകും വിധത്തിൽ സാധാരണ പൂർണ ചന്ദ്രനെപ്പോലെയാണ് ഇത് പ്രത്യക്ഷമായത്.
വെളിച്ചം കുറഞ്ഞ പ്രദേശങ്ങളിലും മറ്റ് തടസ്സങ്ങളൊന്നുമില്ലാതെയുള്ള തുറന്ന പ്രദേശങ്ങളിലും പ്രത്യേകിച്ച് മരുഭൂമികളിൽ കൂടുതൽ വ്യക്തമായി ബക്ക് മൂണിനെ കാണാൻ സാധിച്ചു. യുഎഇയിലെ ജുമൈറ ബീച്ച്, അൽ ഖുദ്ര തടാകം എന്നിവിടങ്ങളിൽ ബക്ക് മൂണിനെ കാണാൻ സൗകര്യമൊരുക്കിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam