തീപിടുത്തത്തെ തുടര്‍ന്ന് അടച്ചിട്ടിരുന്ന ബര്‍ദുബായ് ക്ഷേത്രം ഭക്തര്‍ക്കായി തുറന്നുകൊടുത്തു

By Web TeamFirst Published Feb 19, 2020, 9:26 AM IST
Highlights

അര്‍ദ്ധരാത്രിയുണ്ടായ തീപിടുത്തം ഉടന്‍ തന്നെ സുരക്ഷാ ജീവനക്കാര്‍ സിവില്‍ ഡിഫന്‍സിനെ അറിയിക്കുകയായിരുന്നു. ഉടന്‍ സ്ഥലത്തെത്തിയ സിവില്‍ ഡിഫന്‍സ് സംഘം തീ നിയന്ത്രണ വിധേയമാക്കി. 

ദുബായ്: സമീപത്തുണ്ടായ തീപിടുത്തത്തെ തുടര്‍ന്ന് അടച്ചിട്ടിരുന്ന ബര്‍ദുബായ് ക്ഷേത്രം ചൊവ്വാഴ്ച വൈകുന്നേരം ആറ് മണിയോടെ ഭക്തര്‍ക്കായി തുറന്നുകൊടുത്തു. ക്ഷേത്രത്തിന്റെ താഴേ നിലയിലുള്ള രണ്ട് കടകളിലാണ് തിങ്കളാഴ്ച പുലര്‍ച്ചെ തീപിടിച്ചത്. സംഭവത്തില്‍ ക്ഷേത്രത്തിന് നാശനഷ്ടങ്ങളൊന്നും സംഭവിച്ചിരുന്നില്ല.

അര്‍ദ്ധരാത്രിയുണ്ടായ തീപിടുത്തം ഉടന്‍ തന്നെ സുരക്ഷാ ജീവനക്കാര്‍ സിവില്‍ ഡിഫന്‍സിനെ അറിയിക്കുകയായിരുന്നു. ഉടന്‍ സ്ഥലത്തെത്തിയ സിവില്‍ ഡിഫന്‍സ് സംഘം തീ നിയന്ത്രണ വിധേയമാക്കി. തുടര്‍ന്ന് സുരക്ഷാ മുന്‍കരുതലുകളുടെ ഭാഗമായി ഇവിടേക്കുള്ള വൈദ്യുതി, കുടിവെള്ള കണക്ഷനുകളില്‍ വിച്ഛേദിച്ചിരുന്നു. ചൊവ്വാഴ്ച വൈകുന്നേരത്തോടെ ഇവ പുനഃസ്ഥാപിച്ചതിന് ശേഷമാണ് ക്ഷേത്രം ഭക്തര്‍ക്കായി തുറന്നുകൊടുത്തത്. 

ഒന്നാം നിലയിലുള്ള ക്ഷേത്രത്തിന് തീപിടുത്തത്തില്‍ തകരാറുകളൊന്നും സംഭവിച്ചിട്ടില്ലെന്ന് ഭാരവാഹികള്‍ പറഞ്ഞു. താഴേ നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന കടകളാണ് കത്തിനശിച്ചത്. മുകളിലുള്ള നിലയില്‍ താമസിച്ചിരുന്ന ക്ഷേത്ര ജീവനക്കാരെ സിവില്‍ ഡിഫന്‍സ് അധികൃതര്‍ ഒഴിപ്പിച്ചിരുന്നു. അതേസമയം ക്ഷേത്രത്തില്‍ മഹാശിവരാത്രി ആഘോഷത്തിനുള്ള ഒരുക്കങ്ങള്‍  പുരോഗമിക്കുകയാണ്. വെള്ളിയാഴ്ചയ്ക്കകം 60,000 ഭക്തര്‍ ക്ഷേത്രത്തിലെത്തുമെന്നാണ് പ്രതീക്ഷ.

click me!