കെഎംസിസിയുടെ ഇടപെടൽ: മൂന്ന് മാസം മുമ്പ് മരിച്ച പ്രവാസികളുടെ ഖബറടക്കം നടത്തി

By Web TeamFirst Published Jun 30, 2020, 7:47 PM IST
Highlights

മൂന്ന് മാസം മുമ്പ് മരിച്ച ഉത്തർപ്രദേശ് സ്വദേശികളുടെ മൃതദേഹങ്ങൾ റിയാദിൽ ഖബറടക്കി. റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി വെല്‍ഫയര്‍ വിങ്ങിന്റെ ഇടപെടലാണ് ഇതിന് സഹായിച്ചത്.

റിയാദ്: മൂന്ന് മാസം മുമ്പ് മരിച്ച ഉത്തർപ്രദേശ് സ്വദേശികളുടെ മൃതദേഹങ്ങൾ റിയാദിൽ ഖബറടക്കി. റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി വെല്‍ഫയര്‍ വിങ്ങിന്റെ ഇടപെടലാണ് ഇതിന് സഹായിച്ചത്. ഉത്തര്‍പ്രദേശിലെ കോലൗറ സ്വദേശിയായ മുഹമ്മദ് അസ്ലം, ഗോരഖ്പൂര്‍ സ്വദേശിയായ തഫ്‌സീര്‍ ആലം എന്നിവരുടെ മൃതദേഹങ്ങളാണ് കഴിഞ്ഞ ദിവസം റിയാദിൽ ഖബറടക്കിയത്.

മുഹമ്മദ് അസ്ലം ഹൃദയാഘാതം മൂലമാണ് മരിച്ചത്. ഹൗസ് ഡ്രൈവറായിരുന്ന തഫ്‌സീര്‍ ആലം താമസ സ്ഥലത്ത് ആത്മഹത്യ ചെയ്യുകയായിരുന്നു. സ്പോൺസർമാരുടെയും ബന്ധുക്കളുടെയും അശ്രദ്ധയും അറിവില്ലായ്മയുമാണ്‌ മൃതദേഹം മറവ് ചെയ്യുന്നത് നീളാൻ കാരണം. 

എന്നാൽ റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി വെൽഫെയർ വിങ് ചെയർമാൻ സിദ്ദീഖ് തുവ്വൂർ വിഷയത്തിലിടപ്പെടുകയും ബന്ധുക്കളും സ്പോൺസർമാരും അടക്കമുള്ളവരുമായി ബന്ധപ്പെടുകയും നിയമനടപടികൾ പൂർത്തീകരിക്കുകയും ചെയ്തു. 

ഇതിനിടെ കോവിഡ് മരണങ്ങൾ കൂടിയതോടെ ശുമൈസി ആശുപത്രി മോർച്ചറിയിലായിരുന്ന മൃതദേഹങ്ങൾ റൂമ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരുന്നു. റൂമ പൊലീസുമായി ബന്ധപ്പെട്ട സിദ്ദീഖ് ഇരു മൃതദേഹങ്ങളും റിയാദിലെത്തിക്കുകയും ഖബറടക്കുകയുമായിരുന്നു. 

കഴിഞ്ഞ ദിവസം റിയാദിലെ മൻസൂരിയ, നസീം മഖ്ബറകളിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ മറവ് ചെയ്തത്. റാഫി കൂട്ടായി, അഷ്റഫ് വെള്ളേപ്പാടം എന്നിവരും നടപടികൾ പൂർത്തീകരിക്കുന്നതിന് സഹായിച്ചു

click me!