
ദുബായ്: ലോകത്തിലെ ഏറ്റവും ആഡംബരമേറിയ ഹോട്ടലുകളിലൊന്നായ ദുബായിലെ ബുർജ് അൽ അറബ് നവീകരണത്തിനൊരുങ്ങുന്നു. 1999-ൽ പ്രവർത്തനം ആരംഭിച്ചതിന് ശേഷം ഇതാദ്യമായാണ് ഹോട്ടലിൽ ഇത്രയും വലിയ തോതിലുള്ള പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടക്കുന്നത്. ഇതിന്റെ ഭാഗമായി അടുത്ത 18 മാസത്തേക്ക് ഹോട്ടൽ അടച്ചിടുമെന്ന് ജുമൈറ ഗ്രൂപ്പ് അറിയിച്ചു.
ഘട്ടം ഘട്ടമായുള്ള നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ ഏകദേശം ഒന്നര വർഷമെടുക്കും. ഈ സമയത്ത് ഹോട്ടൽ അതിഥികൾക്കായി ലഭ്യമാകില്ല. ദുബായിയുടെ ആഗോള അടയാളമായി മാറിയ ഈ കെട്ടിടത്തിന്റെ തനിമ നിലനിർത്തിക്കൊണ്ട് തന്നെ ഉൾവശം കൂടുതൽ ആധുനികവും ആകർഷകവുമാക്കുക എന്നതാണ് ലക്ഷ്യം. പ്രശസ്ത ഫ്രഞ്ച് ഇന്റീരിയർ ആർക്കിടെക്റ്റ് ട്രിസ്റ്റൻ ഔവർ ആണ് ഈ പദ്ധതിക്ക് നേതൃത്വം നൽകുന്നത്. പാരീസിലെ പ്രശസ്തമായ ഹോട്ടൽ ഡി ക്മില്ലൻ നവീകരിച്ചത് ഇദ്ദേഹമായിരുന്നു.
ഈ ഐതിഹാസിക കെട്ടിടത്തെ വരുംതലമുറകൾക്കായി സംരക്ഷിക്കാനാണ് ഈ പദ്ധതിയെന്നാണ് ദുബായ് ഹോൾഡിംഗിന്റെ കീഴിലുള്ള ജുമൈറ ഗ്രൂപ്പ് പറയുന്നത്. 27 നിലകളുള്ള ഈ ഹോട്ടൽ ആധുനിക ദുബായിയുടെ വളർച്ചയുടെയും ലക്ഷ്യങ്ങളുടെയും പ്രതീകമായാണ് കണക്കാക്കപ്പെടുന്നത്. നിലവിൽ 198 ആഡംബര സ്യൂട്ടുകളാണ് ഇവിടെയുള്ളത്. സ്വർണ്ണപ്പാളികളും വിലകൂടിയ മാർബിളുകളും, സ്വാറോവ്സ്കി ക്രിസ്റ്റലുകളും കൊണ്ട് അലംകൃതമായ ഇതിന്റെ അകത്തളം വിശ്വപ്രസിദ്ധമാണ്. നവീകരണത്തിന് ശേഷവും ഹോട്ടലിന്റെ സവിശേഷമായ പായ്ക്കപ്പൽ ആകൃതിയിൽ മാറ്റമുണ്ടാകില്ല.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam