കുവൈത്തിലെ അബ്ദലി അതിർത്തി ചെക്ക്‌പോസ്റ്റിൽ ഡ്രോൺ ആക്രമണം. ആക്രമണത്തിൽ നാശനഷ്ടങ്ങൾ സംഭവിച്ചെങ്കിലും ആളപായമൊന്നും ഉണ്ടായിട്ടില്ല. സംഭവം നടന്ന ഉടൻ തന്നെ പ്രത്യേക സംഘങ്ങൾ സ്ഥലത്തെത്തി സുരക്ഷാ നടപടികൾ സ്വീകരിച്ചു.

കുവൈത്ത് സിറ്റി: കുവൈത്തിലെ അബ്ദലി അതിർത്തി ചെക്ക്‌പോസ്റ്റിൽ ഡ്രോൺ ആക്രമണം. ചെക്ക്പോസ്റ്റിൽ ആക്രമണം ഉണ്ടായതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ആക്രമണത്തിൽ നാശനഷ്ടങ്ങൾ സംഭവിച്ചെങ്കിലും ആളപായമൊന്നും ഉണ്ടായിട്ടില്ല.

സംഭവം നടന്ന ഉടൻ തന്നെ പ്രത്യേക സംഘങ്ങൾ സ്ഥലത്തെത്തി സുരക്ഷാ നടപടികൾ സ്വീകരിക്കുകയും ബന്ധപ്പെട്ട അധികൃതരുമായി ചേർന്ന് സ്ഥിതിഗതികൾ നിയന്ത്രണത്തിലാക്കുകയും ചെയ്തതായി പ്രതിരോധ മന്ത്രാലയ വക്താവ് മേജർ ജനറൽ സൗദ് അബ്ദുൽഅസീസ് അൽ-ഒതൈബി അറിയിച്ചു. കരസേനയുടെ പരിശോധനയും സ്ഫോടകവസ്തു നിർവീര്യമാക്കൽ സംഘങ്ങളും ഡ്രോണിന്റെ അവശിഷ്ടങ്ങൾ നീക്കം ചെയ്യുകയും പ്രദേശം പൂർണമായും സുരക്ഷിതമാണെന്ന് ഉറപ്പാക്കുന്നതിനുള്ള പരിശോധനകൾ തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തിന്റെ അതിർത്തികളും സുരക്ഷയും സംരക്ഷിക്കുന്നതിനായി കുവൈത്ത് സായുധ സേന ഉയർന്ന ജാഗ്രതയോടെയും പൂർണ സന്നദ്ധതയോടെയും ദൗത്യങ്ങൾ തുടരുന്നതായും പ്രതിരോധ മന്ത്രാലയം അറിയിച്ചു.