സൗദിയില്‍ വീണ്ടും ബസ് അപകടം; ഒരാള്‍ മരിച്ചു, നിരവധി മലയാളികള്‍ക്ക് പരിക്ക്

By Web TeamFirst Published Oct 21, 2019, 1:09 PM IST
Highlights

ദമ്മാമില്‍ നിന്നുള്ള ഉംറ തീര്‍ത്ഥാടക സംഘമാണ് അപകടത്തില്‍ പെട്ടത്. മദീനാ സന്ദര്‍ശനം കഴിഞ്ഞ് മക്കയിലത്തെി ഉംറ നിര്‍വഹിച്ച ശേഷം തിരികെ ദമ്മാമിലേക്കുള്ള മടക്കയാത്രയിലാണ് അപകടത്തില്‍ പെട്ടത്.

റിയാദ്: മദീനയില്‍ 36 പേരുടെ മരണത്തിനിടയാക്കിയ ഉംറ ബസപകടത്തിന്റെ ഞെട്ടല്‍ മാറും മുമ്പ് വീണ്ടും ഉംറ തീര്‍ഥാടകരുടെ ബസില്‍ ട്രെയിലര്‍ ഇടിച്ച് അപകടം. റിയാദില്‍ നിന്ന് 700 കിലോമീറ്ററര്‍ അകലെ അതിവേഗ പാതയില്‍ തായിഫിന് സമീപം അല്‍മോയയിലുണ്ടായ അപകടത്തില്‍ ഒരു പാകിസ്ഥാന്‍ പൗരന്‍ മരിച്ചു. പത്തിലേറെ മലയാളികള്‍ക്ക് പരിക്കേറ്റു. 

ദമ്മാമില്‍ നിന്നുള്ള ഉംറ തീര്‍ത്ഥാടക സംഘമാണ് അപകടത്തില്‍ പെട്ടത്. മദീനാ സന്ദര്‍ശനം കഴിഞ്ഞ് മക്കയിലത്തെി ഉംറ നിര്‍വഹിച്ച ശേഷം തിരികെ ദമ്മാമിലേക്കുള്ള മടക്കയാത്രയിലാണ് അപകടത്തില്‍ പെട്ടത്. കഴിഞ്ഞ ദിവസം രാത്രി വിശ്രമത്തിനായി റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ബസിന്റെ പിന്നിലേക്ക് ട്രെയിലര്‍ ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ട്രെയിലര്‍ പൂര്‍ണമായും തകര്‍ന്നു. 

ബസിലുണ്ടായിരുന്നവരില്‍ പരിക്കേറ്റവരെ ഉടന്‍ അല്‍മോയ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ വിദഗ്ധ ചികിത്സക്കായി തായിഫ് ആശുപത്രിയിലേക്ക് മാറ്റി. മറ്റുള്ളവര്‍ പ്രാഥമിക ചികിത്സക്ക് ശേഷം ആശുപത്രി വിട്ടു. ബസ് ഡ്രൈവര്‍ മലപ്പുറം പുലാമന്തോള്‍ സ്വദേശി അബൂബക്കര്‍ സിദ്ദീഖ്, തായിഫ് കിങ് അബ്ദുല്‍ അസീസ് ആശുപത്രിയിലും യാത്രക്കാരനായ തൃശൂര്‍ മംഗലംകുന്ന് സ്വദേശി സെയ്ദാലി അബൂബക്കര്‍ കിങ് ഫൈസല്‍ ആശുപത്രിയിലും ചികിത്സയിലാണ്. 

click me!