സൗദി അറേബ്യയും യുഎഇയും ചെറിയ പെരുന്നാൾ പ്രമാണിച്ചുള്ള അവധി ദിനങ്ങൾ പ്രഖ്യാപിച്ചു. സൗദിയിൽ സർക്കാർ, സ്വകാര്യ മേഖലകൾക്ക് നാല് ദിവസത്തെ പൊതു അവധി മാർച്ച് 18-ന് ആരംഭിക്കുമ്പോൾ, യുഎഇയിൽ സർക്കാർ, സ്വകാര്യ മേഖലകൾക്ക് വ്യത്യസ്ത അവധി ദിനങ്ങളാണ്.
റിയാദ്: ചെറിയ പെരുന്നാൾ പ്രമാണിച്ചുള്ള അവധി പ്രഖ്യാപിച്ച് സൗദി അറേബ്യ. സർക്കാർ, സ്വകാര്യ മേഖലകളിലെ ജീവനക്കാർക്കുള്ള അവധി ദിനങ്ങളാണ് അധികൃതർ പുറത്തുവിട്ടത്. സൗദിയിൽ മാർച്ച് 4 ബുധനാഴ്ചയാണ് അവധി സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്. മാർച്ച് 18 ബുധനാഴ്ച മുതലാണ് പൊതു അവധി ആരംഭിക്കുന്നത്. എല്ലാ ജീവനക്കാർക്കും നാല് ദിവസം അവധി ലഭിക്കും. മാർച്ച് 22 ഞായറാഴ്ച മുതൽ സാധാരണ നിലയിൽ പ്രവൃത്തിദിവസം പുനരാരംഭിക്കും. റമദാൻ മാസപ്പിറവി കാണുന്നതിനനുസരിച്ച് പെരുന്നാൾ തീയതിയിൽ മാറ്റം വരാം.
യുഎഇയിലെ അവധി
യുഎഇയിൽ ഫെഡറൽ, സ്വകാര്യ മേഖലകളിലെ അവധി ദിനങ്ങൾ വ്യത്യസ്തമാണ്. ഫെഡറൽ സർക്കാർ ജീവനക്കാർക്ക് മാർച്ച് 19 വ്യാഴം മുതൽ മാർച്ച് 22 ഞായർ വരെയാണ് അവധി. മാർച്ച് 23 തിങ്കളാഴ്ച ഔദ്യോഗിക പ്രവൃത്തി ദിവസം പുനരാരംഭിക്കും.
സ്വകാര്യ മേഖലയ്ക്ക് മാർച്ച് 19 വ്യാഴം മുതൽ മാർച്ച് 21 ശനി വരെയാണ് പ്രാഥമികമായി പ്രഖ്യാപിച്ച അവധി. സാധാരണ ഞായറാഴ്ച ജോലി ചെയ്യുന്നവർ മാർച്ച് 22-ന് തിരികെ പ്രവേശിക്കണം. റമദാൻ 30 ദിവസമുണ്ടെങ്കിൽ സ്വകാര്യ മേഖലയിലെ അവധി മാർച്ച് 22 ഞായറാഴ്ച കൂടി നീട്ടി നൽകുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഔദ്യോഗിക അവധികൾ ചന്ദ്രപ്പിറവി നിരീക്ഷണത്തിന് വിധേയമായിരിക്കും.


