ആംബുലന്‍സിന് വഴി നല്‍കാന്‍ ചുവപ്പ് സിഗ്നല്‍ ലംഘിക്കാമോ? ദുബായ് പൊലീസിന്റെ വീഡിയോ കാണാം

By Web TeamFirst Published Oct 25, 2019, 2:06 PM IST
Highlights

എമര്‍ജന്‍സി വാഹനങ്ങളെ കാണുമ്പോള്‍ റോഡില്‍ മറ്റ് ഡ്രൈവര്‍മാര്‍ എങ്ങനെ പെരുമാറണം. ദുബായ് പൊലീസ് പുറത്തിറക്കിയ അറിയിപ്പും വിശദമായ വീഡിയോയും കാണാം...

ദുബായ്: പൊലീസ്, ആംബുലന്‍സ്, അഗ്നിശമന സേന തുടങ്ങിയ വാഹനങ്ങള്‍ വരുമ്പോള്‍ മറ്റ് ഡ്രൈവര്‍മാരും കാല്‍നട യാത്രക്കാരും എന്ത് ചെയ്യണമെന്ന് ബോധവത്കരിക്കുകയാണ് ദുബായ് പൊലീസ്. വാഹനങ്ങള്‍ ഓടിക്കുന്നവര്‍ റോഡിന്റെ വശങ്ങളിലുള്ള റോഡ് ഷോള്‍ഡറുകള്‍  ഒരിക്കലും ഉപയോഗിക്കരുതെന്ന് പൊലീസ് പുറത്തിറക്കിയ മുന്നറിയിപ്പില്‍ പറയുന്നു. പിന്നില്‍ ഒരു എമര്‍ജന്‍സി വാഹനം വരുന്നുണ്ടെങ്കില്‍ ചുവപ്പ് സിഗ്നല്‍ ലംഘിച്ച് വാഹനം മുന്നോട്ട് പോകരുത്. പകരം വശങ്ങളിലേക്ക് ചേര്‍ത്ത് നിര്‍ത്തുകയാണ് ചെയ്യേണ്ടത്. ഇവയടക്കം വിശദമായ നിര്‍ദേശങ്ങളാണ് പൊലീസ് വിഡീയോ ദൃശ്യങ്ങള്‍ സഹിതം സാമൂഹിക മാധ്യമങ്ങളിലൂടെ നല്‍കിയിരിക്കുന്നത്.

മെയിന്‍ റോഡുകളിലും ഹൈവേകളിലും
1. വാഹനം വലതുവശത്തേക്ക് ചേര്‍ത്തുനിര്‍ത്തി എമര്‍ജന്‍സി വാഹനത്തിന് വഴി നല്‍കണം
2. ഗതാഗതക്കുരുക്കുണ്ടെങ്കില്‍ എമര്‍ജന്‍സി വാഹനം, റോഡ് ഷോള്‍ഡര്‍ ഉപയോഗിക്കും

മറ്റ് റോഡുകളില്‍
1. എമര്‍ജന്‍സി വാഹനങ്ങള്‍ മറ്റ് വാഹനങ്ങള്‍ക്കിടയിലൂടെ മുന്നോട്ട് നീങ്ങുമെന്നതിനാല്‍ മറ്റ് വാഹനങ്ങള്‍ വലതുവശത്തേക്കോ ഇടതുവശത്തേക്കോ മാറ്റണം.

ജംഗ്ഷനുകളില്‍
1. വാഹനങ്ങള്‍ വലതുവശത്തേക്കോ ഇടതു വശത്തേക്കോ മാറ്റി നിര്‍ത്തണം. വാഹനങ്ങള്‍ക്കിടയിലൂടെ എമര്‍ജന്‍സി വാഹനം മുന്നോട്ട് നീങ്ങും.
2. ചുവപ്പ് സിഗ്നലാണെങ്കില്‍, എമര്‍ജന്‍സി വാഹനങ്ങള്‍ അല്‍പം വേഗത കുറച്ചശേഷം സിഗ്നല്‍ ക്രോസ് ചെയ്ത് മുന്നോട്ട് നീങ്ങും. ഈ സമയത്ത്മറ്റ് വാഹനങ്ങള്‍ സിഗ്നല്‍ തെറ്റിച്ച് മുന്നോട്ട് നീങ്ങാതെ വലതുവശത്തേക്കോ ഇടതുവശത്തേക്കോ നീങ്ങുകയാണ് വേണ്ടത്.
3. എന്നാല്‍ ഗ്രീന്‍ സിഗ്നലുള്ള വശങ്ങളിലെ വാഹനങ്ങള്‍ പൂര്‍ണമായി നിര്‍ത്തിക്കൊടുത്ത് എമര്‍ജന്‍സി വാഹനം കടന്നുപോകുന്നതുവരെ കാത്തിരിക്കണം.

റൗണ്ട് എബൗട്ടുകളില്‍
1. ഒരു എമര്‍ജന്‍സി വാഹനം റൗണ്ട് എബൗട്ടില്‍ ഉണ്ടെങ്കിലോ അല്ലെങ്കില്‍ അതിലേക്ക് പ്രവേശിക്കുന്നത് കാണുകയോ ചെയ്താല്‍ അത് കടന്നുപോകുന്നത് വരെ മറ്റ് വാഹനങ്ങള്‍ റൗണ്ട് എബൗട്ടിലേക്ക് കടക്കാന്‍ പാടില്ല.
2. നിങ്ങള്‍ റൗണ്ട് എബൗട്ടിലാണെങ്കില്‍ എമര്‍ജന്‍സി വാഹനം വരുന്നത് കണ്ടാല്‍ മുന്നോട്ട് നീങ്ങി റൗണ്ട് എബൗട്ടില്‍ നിന്ന് പുറത്തുകടന്നശേഷം എത്രയും വേഗം വലതുവശത്തെ വരിയിലേക്ക് മാറി വഴിയൊരുക്കണം.

കാല്‍നട യാത്രക്കാര്‍
1. എമര്‍ജന്‍സി വാഹനങ്ങള്‍ കാണുകയോ അവയുടെ ശബ്ദം കേള്‍ക്കുകയോ ചെയ്താല്‍ കാല്‍നട യാത്രക്കാര്‍ സീബ്രാ ലൈന്‍ ഉപയോഗിക്കാന്‍ പാടില്ല. 

വീഡിയോ കാണാം...

 

click me!