യുഎഇയില്‍ ക്യാരിഫോര്‍ സ്റ്റോറുകള്‍ സാധാരണ പോലെ പ്രവര്‍ത്തിക്കും

By Web TeamFirst Published Mar 24, 2020, 5:36 PM IST
Highlights

ആവശ്യത്തിന് സാധനങ്ങളുടെ സ്റ്റോക്കുണ്ടെന്നതിനാല്‍ അക്കാര്യത്തിലും വിതരണ ശൃംഖലയിലും ആത്മവിശ്വാസമുണ്ട്. സാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്തും. വിതരണക്കാരുമായി ബന്ധപ്പെട്ട് സാധനങ്ങള്‍ മാന്യമായ വിലയില്‍ തന്നെ ലഭ്യമാക്കാന്‍ ശ്രമിക്കുന്നതുകൊണ്ട് ഉപഭോക്താക്കള്‍ക്ക് ഷോപ്പിങ് ബില്‍ കൂടുന്ന സ്ഥിതിവിശേഷമില്ലെന്നും അധികൃതര്‍ അറിയിച്ചു.
 

ദുബായ്: യുഎഇയിലുടനീളമുള്ള ഷോപ്പിങ് മാളുകള്‍ അടയ്ക്കുകയാണെങ്കിലും ക്യാരിഫോര്‍ സ്റ്റോറുകള്‍ പ്രവര്‍ത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. എല്ലാ ദിവസവും പതിവ് പ്രവൃത്തി സമയങ്ങളില്‍ തന്നെ ക്യാരിഫോര്‍ സ്റ്റോറുകള്‍ തുറക്കുമെന്നും എല്ലാ സാധനങ്ങളും ഉപഭോക്താക്കളുടെ ആവശ്യാനുസരണം ലഭ്യമാണെന്നും ക്യാരിഫോര്‍ കണ്‍ട്രി മാനേജര്‍ ഫിലിപ്പ് പെഗ്വിലാന്‍ അറിയിച്ചു.

മറ്റുള്ളവരെക്കൂടി പരിഗണിച്ചുകൊണ്ട് ഉത്തരവാദിത്ത ഷോപ്പിങ് ശീലമാക്കക്കണമെന്ന് ക്യാരിഫോര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ ഉപഭോക്താക്കളോട് അഭ്യര്‍ത്ഥിച്ചു. ആവശ്യത്തിന് സാധനങ്ങളുടെ സ്റ്റോക്കുണ്ടെന്നതിനാല്‍ അക്കാര്യത്തിലും വിതരണ ശൃംഖലയിലും ആത്മവിശ്വാസമുണ്ട്. സാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്തും. വിതരണക്കാരുമായി ബന്ധപ്പെട്ട് സാധനങ്ങള്‍ മാന്യമായ വിലയില്‍ തന്നെ ലഭ്യമാക്കാന്‍ ശ്രമിക്കുന്നതുകൊണ്ട് ഉപഭോക്താക്കള്‍ക്ക് ഷോപ്പിങ് ബില്‍ കൂടുന്ന സ്ഥിതിവിശേഷമില്ലെന്നും അധികൃതര്‍ അറിയിച്ചു.

സ്റ്റോറുകളുടെയെല്ലാം ശുചിത്വം ഉറപ്പാക്കിയിട്ടുള്ളതിന് പുറമെ ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും സുരക്ഷ പരിഗണിച്ച് മതിയായ സാമൂഹിക അകലം പാലിക്കാനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. നേര്‍ക്കുനേരെയുള്ള സമ്പര്‍ക്കം കുറയ്ക്കാന്‍ ചെക്ക് ഔട്ട് കൌണ്ടറുകളില്‍ അക്രിലിക് ഗ്ലാസ് സ്ക്രീനുകള്‍ സ്ഥാപിപിച്ചിട്ടുണ്ട്. ശാരീരിക അകലം ഫലപ്രദമായി പാലിക്കാന്‍ ഉപഭോക്താക്കളെ ബോധവത്കരിക്കാന്‍ ലക്ഷ്യമിട്ടുള്ള ബോര്‍ഡുകളും സ്ഥാപിച്ചിട്ടുണ്ട്.

വെല്ലുവിളികള്‍ക്കിടയിലും ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ച സേവനവും മിതമായ വിലയും ഉറപ്പുനല്‍കാന്‍ ക്യാരിഫോര്‍ പ്രതിജ്ഞാബദ്ധമാണെന്നും അധികൃതര്‍ അറിയിച്ചു

click me!