അഴിമതിയും അധികാര ദുര്‍വിനിയോഗവും; സൗദിയില്‍ വിദേശികളടക്കം 226 പേര്‍ക്കെതിരെ കേസ്

By Web TeamFirst Published Nov 28, 2020, 1:07 PM IST
Highlights

ആറ് അഴിമതി കേസുകളുമായി ബന്ധപ്പെട്ട വിശദാംശങ്ങളാണ് അധികൃതര്‍ പുറത്തുവിട്ടത്. പ്രതിരോധ മന്ത്രാലയത്തിലെ നിരവധി ഉദ്യോഗസ്ഥരുള്‍പ്പെടെ നടത്തിയ സംശയാസ്പദമായ സാമ്പത്തിക ഇടപാടുകളാണ് രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ പ്രധാനപ്പെട്ടത്.

റിയാദ്: അഴിമതിയും കൈക്കൂലിയുമായി ബന്ധപ്പെട്ട് സൗദി അറേബ്യയില്‍ നിരവധി പേര്‍ക്കെതിരെ അഴിമതി വിരുദ്ധ അതോറിറ്റി കേസ് രജിസ്റ്റര്‍ ചെയ്തു. അഴിമതിയും അധികാര ദുര്‍വിനിയോഗവും കൈക്കൂലിയുമായി ബന്ധപ്പെട്ട 158 കേസുകളിലായി 226 പേര്‍ പ്രതികളാണ്. ഇവരില്‍ സ്വദേശികളും വിദേശികളുമുള്‍പ്പെടുന്നു. ഇവര്‍ക്കെതിരെ നിയമനടപടികള്‍ പൂര്‍ത്തിയാക്കി വരികയാണ്.

ആറ് അഴിമതി കേസുകളുമായി ബന്ധപ്പെട്ട വിശദാംശങ്ങളാണ് അധികൃതര്‍ പുറത്തുവിട്ടത്. പ്രതിരോധ മന്ത്രാലയത്തിലെ നിരവധി ഉദ്യോഗസ്ഥരുള്‍പ്പെടെ നടത്തിയ സംശയാസ്പദമായ സാമ്പത്തിക ഇടപാടുകളാണ് രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ പ്രധാനപ്പെട്ടത്. കൈക്കൂലി, അധികാര ദുര്‍വിനിയോഗം, കള്ളപ്പണം വെളുപ്പിക്കല്‍ എന്നിങ്ങനെയുള്ള കുറ്റകൃത്യങ്ങളാണ് കണ്ടെത്തിയത്. ഇതിലൂടെ പ്രതികള്‍ 122 കോടി റിയാല്‍ അനധികൃതമായി സമ്പാദിച്ചു. 48 പേരെയാണ് ഈ കേസില്‍ ചോദ്യം ചെയ്തത്. 

ഇതില്‍ 19 പേര്‍ പ്രതിരോധ മന്ത്രാലയത്തിലെ ജീവനക്കാരും മൂന്നുപേര്‍ മറ്റ് ഗവണ്‍മെന്റ് ജീവനക്കാരും 18 പേര്‍ വ്യവസായികളും എട്ടുപേര്‍ സംയുക്ത സേനയുമായി കരാറുള്ള സ്വകാര്യ കമ്പനി ജീവനക്കാരുമാണ്. ഈ കമ്പനി ജീവനക്കാരില്‍ മൂന്നുപേര്‍ വിദേശികളാണ്. കേസന്വേഷണം പൂര്‍ത്തിയാക്കി 44 പേര്‍ക്കെതിരെ കുറ്റം ആരോപിച്ചിട്ടുണ്ട്.  ഇവരെ ശിക്ഷാ നടപടികള്‍ക്ക് വിധേയമാക്കും. അനധികൃത സമ്പാദ്യം ഖജനാവിലേക്ക് കണ്ടുകെട്ടും.

ഒരു പ്രവിശ്യയിലെ നഗരസഭയിലെ ക്വാളിറ്റി വിഭാഗം മേധാവിയും സഹോദരനുമാണ് രണ്ടാമത്തെ കേസില്‍ പ്രതികള്‍. കരാര്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് 23.2 ദശലക്ഷം റിയാല്‍ കൈക്കൂലി വാങ്ങിയതാണ് കേസ്. രാജ്യത്തെ ഒരു ഗവര്‍ണറേറ്റ് പരിധിയിലെ ധനമന്ത്രാലയം ബ്രാഞ്ച് ഓഫീസിലെ ഉദ്യോഗസ്ഥര്‍ കരാര്‍ സ്ഥാപനത്തില്‍ നിന്ന് ഒരു ലക്ഷം റിയാല്‍ കൈക്കൂലി വാങ്ങിയതാണ് മൂന്നാമത്തെ കേസ്.

നാഷണല്‍ ഗാര്‍ഡില്‍ നിന്ന് വിരമിച്ച മേജര്‍ ജനറല്‍ റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ 82 ലക്ഷം റിയാല്‍ കൈക്കൂലി വാങ്ങിയതാണ് നാലാമത്തെ കേസ്. അഞ്ചാമത്തെ കേസില്‍ ഒരു പ്രവിശ്യയിലെ ആരോഗ്യ വകുപ്പിന് കീഴിലെ കാര്‍, പര്‍ച്ചേസിങ് വിഭാഗം മേധാവിയാണ് അറസ്റ്റിലായത്. ഇതേ ആരോഗ്യ വകുപ്പിലെ ആര്‍ക്കൈവ്‌സ് വിഭാഗം ഉദ്യോഗസ്ഥന് 70,000 റിയാല്‍ കൈക്കൂലി നല്‍കുന്നതിനിടെ ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ചാണ് കരാര്‍, പര്‍ച്ചേസിങ് വിഭാഗം മേധാവിയെ അറസ്റ്റ് ചെയ്തത്. 

വിദ്യാഭ്യാസ മന്ത്രാലയത്തില്‍ നിയമനം ശരിയാക്കി തരാമെന്ന് വാഗ്ദാനം ചെയ്ത് സൗദി യുവതികളില്‍ നിന്ന് 20,000 റിയാല്‍ കൈക്കൂലി സ്വാകരിക്കുന്നതിനിടെയാണ് വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പിടിയിലായത്. ഇതാണ് ആറാമത്തെ കേസ്. അഴിമതിക്കാരെയും വ്യക്തിതാല്‍പ്പര്യങ്ങള്‍ക്ക് വേണ്ടി അധികാര ദുര്‍വിനിയോഗം നടത്തുന്നവരെയും നിരീക്ഷിച്ച് പിടികൂടുമെന്നും ഇവര്‍ക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കുമെന്നും അഴിമതി വിരുദ്ധ കമ്മീഷന്‍ അറിയിച്ചു. അഴിമതികളും അധികാര ദുര്‍വിനിയോഗങ്ങളും ശ്രദ്ധയില്‍പ്പെട്ടാല്‍ 980 എന്ന നമ്പറില്‍ വിളിച്ച് അറിയിക്കാമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.  


 

click me!