സൗദിയിലും കുവൈത്തിലും സിബിഎസ്ഇ പരീക്ഷകള്‍ മാറ്റി; ആശങ്കയോടെ വിദ്യാര്‍ത്ഥികള്‍

By Web TeamFirst Published Mar 13, 2020, 2:41 PM IST
Highlights

കുവൈത്തില്‍ കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായി പൊതുഅവധി പ്രഖ്യാപിച്ചതുകൊണ്ടാണ് പരീക്ഷകളും മാറ്റിവെയ്ക്കേണ്ടി വന്നത്. നേരത്തെ സ്കൂളുകള്‍ക്ക് മാത്രം അവധി പ്രഖ്യാപിച്ചിരുന്നപ്പോള്‍ പരീക്ഷകള്‍ നടന്നിരുന്നു. 

റിയാദ്/കുവൈത്ത് സിറ്റി: കൊറോണ വൈറസിനെതിയ ജാഗ്രതയുടെ ഭാഗമായി സൗദി അറേബ്യയിലും കുവൈത്തിലും സിബിഎസ്ഇ പരീക്ഷകള്‍ മാറ്റിവെച്ചു. വിദ്യാഭ്യാസ മന്ത്രാലത്തിന്റെ കര്‍ശന നിര്‍ദേശപ്രകാരമാണ് 10, 12 ക്ലസുകളിലെ പരീക്ഷകള്‍ മാറ്റിയതെന്ന് സ്കൂള്‍ അധികൃതര്‍ വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും അറിയിച്ചു. പത്താം ക്ലാസില്‍ രണ്ട് പരീക്ഷകളും പന്ത്രണ്ടാം ക്ലാസില്‍ അഞ്ച് പരീക്ഷകളുമാണ് ഇനി ബാക്കിയുണ്ടായിരുന്നത്.

കുവൈത്തില്‍ കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായി പൊതുഅവധി പ്രഖ്യാപിച്ചതുകൊണ്ടാണ് പരീക്ഷകളും മാറ്റിവെയ്ക്കേണ്ടി വന്നത്. നേരത്തെ സ്കൂളുകള്‍ക്ക് മാത്രം അവധി പ്രഖ്യാപിച്ചിരുന്നപ്പോള്‍ പരീക്ഷകള്‍ നടന്നിരുന്നു. പരീക്ഷാ നടത്തിപ്പിനെതിരെ അറബ് വംശജരായ ചില രക്ഷിതാക്കള്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് മാറ്റിവെയ്ക്കേണ്ടി വന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. പുതുക്കിയ പരീക്ഷാ തീയ്യതി സംബന്ധിച്ച തീരുമാനം സിബിഎസ്ഇയാണ് കൈക്കൊള്ളേണ്ടത്. 

കുവൈത്തില്‍ മാര്‍ച്ച് 29 വരെയാണ് ഇപ്പോള്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. സ്കൂളുകള്‍ എന്ന് തുറക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. പത്താം ക്ലാസില്‍ സിബിഎസ്ഇ പരീക്ഷയെഴുതുന്നവരില്‍ പലരും പ്ലസ് വണ്ണിന് നാട്ടില്‍ പഠനം നടത്താന്‍ ആഗ്രഹിക്കുന്നവരാണ്. നാട്ടില്‍ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിക്കുന്ന സമയത്ത് പരീക്ഷ പൂര്‍ത്തിയായി ഫലം പ്രസിദ്ധീകരിക്കുമോ എന്ന ആശങ്കയിലാണ് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും. 

click me!