
റിയാദ്: സൗദിയിൽ ഓൺലൈൻ ടാക്സികളിൽ നിരീക്ഷണ ക്യാമറ നിർബന്ധമാക്കുന്നു. സ്മാർട്ട് ഫോൺ ആപ്ലിക്കേഷൻ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ടാക്സികളിലാണ് നിരീക്ഷണ സംവിധാനം ശക്തമാക്കുന്നത്. അമിത കൂലി വാങ്ങുന്നത് തടയാനും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. സ്മാർട്ട് ഫോൺ ആപ്ലിക്കേഷൻ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഓരോ ടാക്സി കാറിലും അഞ്ചു നിരീക്ഷണ ക്യാമറകൾ വീതം സ്ഥാപിക്കണമെന്നാണ് പൊതു ഗതാഗത അതോറിറ്റി തയ്യാറാക്കിയ നിയമാവലി ആവശ്യപ്പെടുന്നത്.
കാറുകളുടെ വ്യത്യസ്ഥ ഭാഗങ്ങളിലായാണ് ക്യാമറകൾ സ്ഥാപിക്കേണ്ടത്. ഡ്രൈവറുടെ ഭാഗത്തും വാഹനം പുറത്തു നിന്ന് നിരീക്ഷിക്കുന്നതിനും യാത്രക്കാരെ നിരീക്ഷിക്കുന്നതിനുമാണ് ക്യാമറകൾ സ്ഥാപിക്കുന്നത്. യാത്രക്കാരെ നിരീക്ഷിക്കുന്നതിന് വെയ്ക്കുന്ന ക്യാമറകൾ യാത്രക്കാരുടെ മുഖം വ്യക്തമാകുന്ന രീതിയിലായിരിക്കണം സ്ഥാപിക്കേണ്ടതെന്ന് വ്യവസ്ഥയുണ്ട്.
യാത്രക്കാരുടെ സുരക്ഷിതത്വത്തിനും അവരുടെ റൂട്ടുകൾ കൃത്യമായി അറിയുന്നതിനും യാത്രക്കാരിൽ നിന്ന് കൂടുതൽ നിരക്ക് ഈടാക്കുന്നതിന് ദൈർഘ്യമേറിയ റൂട്ടുകൾ ഡ്രൈവർ തിരഞ്ഞെടുക്കുന്നത് നിരീക്ഷിക്കുന്നതിനുമാണ് ക്യാമറകൾ സ്ഥാപിക്കുന്നതിലൂടെ പൊതു ഗതാഗത അതോറിറ്റി ലക്ഷ്യമിടുന്നത്.
പുതിയ നിബന്ധന പബ്ലിക് ടാക്സികൾക്കും ഫാമിലി ടാക്സികൾക്കും എയർപോർട്ട് ടാക്സികൾക്കും ബാധകമാണ്. മുഴുവൻ ടാക്സി കാറുകളിലും ട്രാക്കിംഗ് സംവിധാനം സ്ഥാപിക്കണമെന്നും പുതിയ നിയമാവലി അനുശാസിക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam