എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് ഗള്‍ഫിലും ലക്ഷദ്വീപിലും ആവശ്യമെങ്കില്‍ സെന്ററുകള്‍ ഒരുക്കുമെന്ന് മുഖ്യമന്ത്രി

By Web TeamFirst Published May 19, 2020, 6:23 PM IST
Highlights

ഗള്‍ഫ് രാജ്യങ്ങളില്‍ ഇതിന് പ്രായോഗിക തടസമുണ്ടായാല്‍ അവിടങ്ങളില്‍ പരീക്ഷ നടത്താന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

തിരുവനന്തപുരം: എസ്.എസ്.എല്‍.സി, പ്ലസ് ടൂ പരീക്ഷകള്‍ക്ക് ആവശ്യമെങ്കില്‍ ഗള്‍ഫിലും ലക്ഷ്യദ്വീപിലും കേന്ദ്രങ്ങള്‍ ഒരുക്കുമെന്ന് മുഖ്യമന്ത്രി. ഇതിനുള്ള നടപടികള്‍ വിദ്യാഭ്യാസ വകുപ്പ് സ്വീകരിക്കും. എന്നാല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ഇതിന് പ്രായോഗിക തടസമുണ്ടായാല്‍ അവിടങ്ങളില്‍ പരീക്ഷ നടത്താന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു..

അതേസമയം കേരളത്തില്‍ എസ്.എസ്.എല്‍.സി പ്ലസ് ടു പരീക്ഷകള്‍ നിശ്ചയിച്ച തീയതികളില്‍ തന്നെ നടത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പരീക്ഷ നടത്തിപ്പ് മാറ്റിവെക്കണമെന്ന പ്രതിപക്ഷ ആവശ്യം അദ്ദേഹം തള്ളി. ആവശ്യമായ എല്ലാ സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിയാണ് കുട്ടികള്‍ പരീക്ഷാ ഹാളില്‍ ഉണ്ടാകുക. സുരക്ഷാ ക്രമീകരണങ്ങള്‍ പാലിച്ചാണ് കുട്ടികളെ ഹാളില്‍ എത്തിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ ഇപ്പോള്‍ പരീക്ഷ നടക്കാനുള്ള അവസ്ഥയുണ്ടായതുകൊണ്ടാണ് പരീക്ഷ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്കും മാതാപിതാക്കള്‍ക്കും ആശങ്കയുണ്ടാകേണ്ട ആവശ്യമില്ലെന്നും മറ്റ് ജില്ലകളില്‍ കുടുങ്ങിപ്പോയ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷക്കെത്താനുള്ള സൗകര്യം ഒരുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പ്രതിപക്ഷ ആരോപണം അടിസ്ഥാനമില്ലാത്തതാണെന്നും എല്ലാവരും പരീക്ഷക്ക് തയ്യാറെടുക്കണമെന്നും നല്ല രീതിയില്‍ പരീക്ഷ എഴുതണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മെയ് 26 മുതലാണ് മുടങ്ങിക്കിടക്കുന്ന പരീക്ഷകള്‍ നടത്തുന്നത്.

click me!