'വീട്ടകങ്ങളിലെ പെണ്‍നരകങ്ങള്‍', ബോധവല്‍ക്കരണവുമായി സിഡ്‌നിയില്‍ മലയാളി സ്ത്രീകളുടെ തെരുവ് നൃത്തം

Published : Mar 12, 2025, 01:45 PM ISTUpdated : Mar 12, 2025, 01:49 PM IST
'വീട്ടകങ്ങളിലെ പെണ്‍നരകങ്ങള്‍', ബോധവല്‍ക്കരണവുമായി സിഡ്‌നിയില്‍ മലയാളി സ്ത്രീകളുടെ തെരുവ് നൃത്തം

Synopsis

ഓസ്‌ട്രേലിയയില്‍ താമസിക്കുന്ന 60-ലേറെ മലയാളി സ്ത്രീകളാണ് നൃത്തപരിപാടി അവതരിപ്പിച്ചത്. അഞ്ജലി മോഹന്‍, ശരണ്യ രമേശന്‍, ശ്രുതി ചന്ദ്രന്‍ എന്നിവരാണ് ആ സംഘനൃത്തത്തിന് കൊറിയോഗ്രാഫി നിര്‍വഹിച്ചത്.

മൂന്ന് വര്‍ഷം മുമ്പ് രൂപം കൊണ്ട 'ചങ്ങായിമാര്‍' എന്ന മലയാളി വനിതാ കൂട്ടായ്മയാണ് സിഡ്നിയുടെ ഹൃദയഭാഗത്ത് ഈ പരിപാടി അവതരിപ്പിച്ചത്. ലോകത്തോട് ഒരു കാര്യം ഉച്ചത്തില്‍ വിളിച്ചുപറയാനും അവബോധം വളര്‍ത്താനുമായിരുന്നു ആ ശ്രമം. സ്വന്തം വീടുകളില്‍, സ്വന്തം മുറികളില്‍ സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുന്നുണ്ട്. വീട്ടകങ്ങളില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന പീഡനങ്ങള്‍ക്ക് അറുതി വേണം.

 

 

സിഡ്‌നി: സിഡ്നിയിലെ ലോകപ്രശസ്തമായ ഓപ്പറാ ഹൗസിന് തൊട്ടടുത്തുള്ള ജോര്‍ജ് സ്ട്രീറ്റില്‍ ഇക്കഴിഞ്ഞ വനിതാ ദിനത്തില്‍ ഒരു ഫ്‌ലാഷ് മോബ് അരങ്ങേറി. 'ചങ്ങായിമാര്‍' എന്ന പെണ്‍കൂട്ടായ്മയുടെ മുന്‍കൈയില്‍ ഒരു സംഘം മലയാളി സ്ത്രീകളായിരുന്നു തെരുവില്‍ ചുവടുകള്‍ വെച്ചത്. മലയാളത്തിലെ തട്ടുപൊളിപ്പന്‍ പാട്ടുകള്‍ക്കൊപ്പമായിരുന്നു ഓസ്‌ട്രേലിയന്‍ തെരുവില്‍ അവരുടെ നൃത്തം. കേരളത്തിന്റെ തനതുവസ്ത്ര പാരമ്പര്യം ഇഴകളിലോരോന്നിലും ആലേഖനം ചെയ്ത സാരികളായിരുന്നു അവര്‍ ധരിച്ചിരുന്നത്. 

മൂന്ന് വര്‍ഷം മുമ്പ് രൂപം കൊണ്ട 'ചങ്ങായിമാര്‍' എന്ന മലയാളി വനിതാ കൂട്ടായ്മയാണ് സിഡ്നിയുടെ ഹൃദയഭാഗത്ത് ഈ പരിപാടി അവതരിപ്പിച്ചത്. ലോകത്തോട് ഒരു കാര്യം ഉച്ചത്തില്‍ വിളിച്ചുപറയാനും അവബോധം വളര്‍ത്താനുമായിരുന്നു ആ ശ്രമം. സ്വന്തം വീടുകളില്‍, സ്വന്തം മുറികളില്‍ സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുന്നുണ്ട്. വീട്ടകങ്ങളില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന പീഡനങ്ങള്‍ക്ക് അറുതി വേണം. ഗാര്‍ഹിക പീഡന ഇരകള്‍ക്ക് സാമൂഹിക പിന്തുണ വേണം. വീടുകളില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന അദൃശ്യവും അസാധാരണവുമായ ശാരീരിക മാനസിക പീഡനങ്ങള്‍ക്കെതിരെ ലോകത്തിന്റെ മനസാക്ഷിയെ ഉണര്‍ത്താനുള്ള ബോവല്‍കരണ കാമ്പെയിന് തുടക്കമിട്ടാണ് തെരുവ് നൃത്തം സംഘടിപ്പിച്ചത്. 

കൗണ്‍സലര്‍ ശ്രീനി പിള്ളമാരി ആയിരുന്നു പരിപാടിയുടെ മുഖ്യാതിഥി. ഓസ്‌ട്രേലിയയിലെ മലയാളി കമ്യൂണിറ്റിക്കകത്ത് ഗാര്‍ഹിക പീഡനങ്ങള്‍ക്കെതിരായ ബോധവല്‍കരണ പരിപാടികള്‍ കാര്യക്ഷമമായി നടക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഈ ലക്ഷ്യത്തിനായി ചങ്ങായിമാര്‍ ഗ്രൂപ്പ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം പിന്തുണ വാഗ്ദാനം ചെയ്തു. 

ഓസ്‌ട്രേലിയയില്‍ താമസിക്കുന്ന 60-ലേറെ മലയാളി സ്ത്രീകളാണ് നൃത്തപരിപാടി അവതരിപ്പിച്ചത്. അഞ്ജലി മോഹന്‍, ശരണ്യ രമേശന്‍, ശ്രുതി ചന്ദ്രന്‍ എന്നിവരാണ് ആ സംഘനൃത്തത്തിന് കൊറിയോഗ്രാഫി നിര്‍വഹിച്ചത്. രണ്ട് മാസത്തോളം നീണ്ട പരിശീലനങ്ങള്‍ക്കു ശേഷമാണ് 'ചങ്ങായിമാര്‍' തെരുവുകളിലേക്ക് നൃത്തതച്ചുവടുകളുമായി ഇറങ്ങിയത്. 

Also Read: സെറ്റുമുണ്ടും സണ്‍ഗ്ലാസും, ചുവടുവെക്കാന്‍ പാലാപ്പള്ളി തിരുപ്പള്ളി; സിഡ്‌നി നഗരത്തില്‍ മലയാളി പെണ്‍പട!

......................

 

കണ്ണൂരില്‍ വേരുകളുള്ള, തിരുവനന്തപുരത്ത് താമസിച്ചിരുന്ന ശ്രീലക്ഷ്മി നായര്‍ എന്ന യുവതിയുടെ മുന്‍കൈയിലാണ് 2022-ല്‍ 'ചങ്ങായിമാര്‍ എന്ന ഈ ഗ്രൂപ്പ് പിറക്കുന്നത്. ജീവിതം ഓസ്ട്രേലിയയിലേക്ക് പറിച്ചുനടപ്പെട്ട നാളുകളില്‍ തന്നെപ്പോലുള്ള മറ്റ് സ്ത്രീകളെ കണ്ടെത്താന്‍ നടത്തിയ ശ്രമത്തിന്റെ ഭാഗമായാണ് ശ്രീലക്ഷ്മി ഈ കൂട്ടായ്മക്ക് രൂപം നല്‍കിയത്. വീടകങ്ങളിലും തൊഴിലിടങ്ങളിലുമായി അവരവരുടേതായ ഒറ്റപ്പെട്ട ജീവിതം നയിച്ചിരുന്ന സമാനമനസ്‌കരായ അനേകം മലയാളി സ്ത്രീകള്‍ വൈകാതെ ആ കൂട്ടായ്മയിലേക്ക് ഒഴുകിയെത്തി. എല്ലാ മാസവും അവര്‍ മഹാനഗരത്തിന്റെ ഏതെങ്കിലും ഭാഗത്ത് ഒത്തുചേര്‍ന്നു. സിഡ്നിയുടെ പല ഭാഗങ്ങളിലുള്ള മനോഹര സ്ഥലങ്ങള്‍ കണ്ടെത്തി, ഒന്നിച്ച് യാത്രകള്‍ പോയി. യോഗ മുതല്‍ നൃത്തം, സംഗീതം, വ്യായാമം വരെ അനേകം കാര്യങ്ങള്‍ക്കായി ഒരുമിച്ചുനിന്നു. അതിര്‍ത്തികള്‍ മറികടക്കുന്ന പെണ്‍ചങ്ങാത്തങ്ങളെ ആഘോഷിച്ചു. ഈ ഗ്രൂപ്പ് ഇതിനകം സിഡ്നിയുടെ വിവിധ ഭാഗങ്ങളില്‍ സാംസ്‌കാരിക പരിപാടികളും കലാ അവതരണങ്ങളും നടത്തിക്കഴിഞ്ഞു. സിഡ്നി നഗരത്തില്‍ ഒരു മലയാളി സ്ത്രീയും ഒറ്റയ്ക്കാവില്ലെന്ന സന്ദേശം സമൂഹത്തിനു നല്‍കാന്‍ ഒരേ മനസ്സുള്ള ഈ സ്ത്രീ കൂട്ടായ്മയ്ക്ക് ഇതിനകം കഴിഞ്ഞതായി ശ്രീലക്ഷ്മി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.

200 ഓളം 'ചങ്ങായി'മാരാണ് ഈ കൂട്ടായ്മയില്‍ ഇപ്പോഴുള്ളത്. ഇതിലെ അറുപതിലേറെ പേരാണ് ഫ്ളാഷ് മോബ് അവതരിപ്പിച്ചത്. 


 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

click me!

Recommended Stories

സ്കോട്ട്ലൻഡിലെ കെയർ ഹോമിൽ സഹപ്രവർത്തകയെ ബലാത്സംഗം ചെയ്ത മലയാളി നഴ്സിന് 7 വർഷം തടവ്
ബിഗ് ടിക്കറ്റ് റേസ് വീക്കെൻഡിൽ നൽകിയത് 560,000 ദിർഹം സമ്മാനം