സിഡ്‌നിയെ അമ്പരപ്പിച്ച ആ ഫ്‌ളാഷ്‌മോബ് അവതരിപ്പിച്ചത് ഒരു സംഘം മലയാളി സ്ത്രീകളായിരുന്നു.

ആ അതിശയക്കാഴ്ചയിലേക്കാണ് വിവിധ രാജ്യക്കാരായ സഞ്ചാരികള്‍ അടക്കം അനേകം മനുഷ്യര്‍ ഒറ്റയ്ക്കും കൂട്ടത്തോടെയും വന്നുചേര്‍ന്നത്. സിഡ്‌നി ഹാര്‍ബറിനരികിലൂടെ സഞ്ചരിക്കുന്ന ക്രൂയിസ് ഷിപ്പില്‍നിന്നുള്ള സഞ്ചാരികളും അവര്‍ക്ക് അപരിചിതമായ ഈ കൂട്ടനൃത്തം അതിശയക്കണ്ണുകളോടെ നോക്കിനിന്നു. 

സിഡ്‌നിയിലെ ലോകപ്രശസ്തമായ ഓപ്പറാ ഹൗസിന് മുഖാമുഖം നില്‍ക്കുന്ന ഓവര്‍സീസ് പാസഞ്ചര്‍ ടെര്‍മിനലിനു മുന്നില്‍ ഇക്കഴിഞ്ഞ ദിവസം അനേകം വിദേശികള്‍ കൗതുകത്തോടെ തടിച്ചുകൂടി. അവരെ സംബന്ധിച്ച് 'അസാധാരണ'മായ വേഷമണിഞ്ഞ ഒരു പറ്റം സ്ത്രീകള്‍ അറിയാത്ത ഭാഷയിലുള്ള പാട്ടുകള്‍ക്ക് അപരിചിതമായ നൃത്തച്ചുവടുകള്‍ വെക്കുന്നുണ്ടായിരുന്നു അവിടെ. ആ അതിശയക്കാഴ്ചയിലേക്കാണ് വിവിധ രാജ്യക്കാരായ സഞ്ചാരികള്‍ അടക്കം അനേകം മനുഷ്യര്‍ ഒറ്റയ്ക്കും കൂട്ടത്തോടെയും വന്നുചേര്‍ന്നത്. സിഡ്‌നി ഹാര്‍ബറിനരികിലൂടെ സഞ്ചരിക്കുന്ന ക്രൂയിസ് ഷിപ്പില്‍നിന്നുള്ള സഞ്ചാരികളും അവര്‍ക്ക് അപരിചിതമായ ഈ കൂട്ടനൃത്തം അതിശയക്കണ്ണുകളോടെ നോക്കിനിന്നു. 

സിഡ്‌നിയെ അമ്പരപ്പിച്ച ആ ഫ്‌ളാഷ്‌മോബ് അവതരിപ്പിച്ചത് ഒരു സംഘം മലയാളി സ്ത്രീകളായിരുന്നു. അവര്‍ നൃത്തം ചെയ്തത് മലയാളത്തിലെ തട്ടുപൊളിപ്പന്‍ പാട്ടുകള്‍ക്കൊപ്പമായിരുന്നു. കേരളത്തിന്റെ തനതുവസ്ത്ര പാരമ്പര്യം ഇഴകളിലോരോന്നിലും ആലേഖനം ചെയ്ത സാരികളായിരുന്നു അവര്‍ ധരിച്ചിരുന്നത്. ഫ്‌ളാഷ് മോഷ് അപരിചിതമല്ലെങ്കിലും കേരള സാരിയുടുത്ത്, മലയാളം പാട്ടുകള്‍ക്ക് ചുവടുവെക്കുന്ന ആ പരിപാടി സിഡ്‌നി നഗരത്തിന് അത്ര പരിചിതമായിരുന്നില്ല. 

രണ്ടു വര്‍ഷം മാത്രം പ്രായമുള്ള 'ചങ്ങായീസ്' എന്ന മലയാളി വനിതാ കൂട്ടായ്മയാണ് സിഡ്‌നിയുടെ ഹൃദയഭാഗത്ത് ഈ പരിപാടി അവതരിപ്പിച്ചത്. വനിതാ ദിനാചരണത്തിന്റെ ഭാഗമായി ലോകമെങ്ങുമുള്ള സ്ത്രീകളോട് രണ്ടു കാര്യങ്ങള്‍ ഉച്ചത്തില്‍ വിളിച്ചുപറയാനായിരുന്നു ആ ശ്രമം. പെണ്‍ സൗഹൃദങ്ങളിലും കൂട്ടുചേരലുകളിലുമുള്ള അളവറ്റ സാധ്യതകളും ശക്തിയും കണ്ടെത്താനുള്ള ഉള്‍ക്കാഴ്ച നല്‍കുക, അവരവരെ തിരിച്ചറിയാനും സ്വന്തം ഇഷ്ടങ്ങളെ പിന്തുടരാനും സ്വപ്‌നങ്ങളെ ആകാശത്തോളം പറത്തിവിടാനുമുള്ള പ്രചോദനം നല്‍കുക. ഈ അവബോധം സമാനമനസ്സുകളിലേക്കും സമാനസഹൃദയങ്ങളിലേക്കും എത്തിക്കാനായിരുന്നു ആ കൂടിച്ചേരല്‍. 

കണ്ണൂരില്‍ വേരുകളുള്ള, തിരുവനന്തപുരത്ത് താമസിച്ചിരുന്ന ശ്രീലക്ഷ്മി നായര്‍ എന്ന യുവതിയുടെ മുന്‍കൈയിലാണ് 2022-ല്‍ 'ചങ്ങായീസ്' എന്ന ഈ ഗ്രൂപ്പ് പിറക്കുന്നത്. ജീവിതം ഓസ്‌ട്രേലിയയിലേക്ക് പറിച്ചുനടപ്പെട്ട നാളുകളില്‍ തന്നെപ്പോലുള്ള മറ്റ് സ്ത്രീകളെ കണ്ടെത്താന്‍ നടത്തിയ ശ്രമത്തിന്റെ ഭാഗമായാണ് ശ്രീലക്ഷ്മി ഈ കൂട്ടായ്മക്ക് രൂപം നല്‍കിയത്. വീടകങ്ങളിലും തൊഴിലിടങ്ങളിലുമായി അവരവരുടേതായ ഒറ്റപ്പെട്ട ജീവിതം നയിച്ചിരുന്ന സമാനമനസ്‌കരായ അനേകം മലയാളി സ്ത്രീകള്‍ വൈകാതെ ആ കൂട്ടായ്മയിലേക്ക് ഒഴുകിയെത്തി. എല്ലാ മാസവും അവര്‍ മഹാനഗരത്തിന്റെ ഏതെങ്കിലും ഭാഗത്ത് ഒത്തുചേര്‍ന്നു. സിഡ്‌നിയുടെ പല ഭാഗങ്ങളിലുള്ള മനോഹര സ്ഥലങ്ങള്‍ കണ്ടെത്തി, ഒന്നിച്ച് യാത്രകള്‍ പോയി. യോഗ മുതല്‍ നൃത്തം, സംഗീതം, വ്യായാമം വരെ അനേകം കാര്യങ്ങള്‍ക്കായി ഒരുമിച്ചുനിന്നു. അതിര്‍ത്തികള്‍ മറികടക്കുന്ന പെണ്‍ചങ്ങാത്തങ്ങളെ ആഘോഷിച്ചു. ഈ ഗ്രൂപ്പ് ഇതിനകം സിഡ്‌നിയുടെ വിവിധ ഭാഗങ്ങളില്‍ സാംസ്‌കാരിക പരിപാടികളും കലാ അവതരണങ്ങളും നടത്തിക്കഴിഞ്ഞു. സിഡ്‌നി നഗരത്തില്‍ ഒരു മലയാളി സ്ത്രീയും ഒറ്റയ്ക്കാവില്ലെന്ന സന്ദേശം സമൂഹത്തിനു നല്‍കാന്‍ ഒരേ മനസ്സുള്ള ഈ സ്ത്രീ കൂട്ടായ്മയ്ക്ക് ഇതിനകം കഴിഞ്ഞതായി ശ്രീലക്ഷ്മി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. 

200 ഓളം 'ചങ്ങായി'മാരാണ് ഈ കൂട്ടായ്മയില്‍ ഇപ്പോഴുള്ളത്. ഇതിലെ നൂറോളം പേരാണ് ഓപ്പറാ ഹൗസിനുമുന്നില്‍ ഫ്‌ളാഷ് മോബ് അവതരിപ്പിച്ചത്. കൂട്ടായ്മയിലെ 50 നര്‍ത്തകിമാരാണ്, കേരള സാരിയുമുടുത്ത് സിഡ്‌നിയെ അതിശയിപ്പിച്ച ഫ്‌ളാഷ് മോബ് അവതരിപ്പിച്ചത്.