ഒമാന്‍-ഇന്ത്യ എയര്‍ ബബിള്‍ കരാര്‍ ധാരണയില്‍ മാറ്റം

By Web TeamFirst Published Nov 7, 2020, 10:49 PM IST
Highlights

പുതുക്കിയ എയര്‍ ബബിള്‍ ധാരണ പ്രകാരം ഇന്‍ഡിഗോ, ഗോ എയര്‍ എന്നീ വിമാന കമ്പനികള്‍ ഇന്ത്യയില്‍ നിന്നും തിരിച്ച് മസ്‌കറ്റില്‍ നിന്നുമുള്ള സര്‍വീസുകള്‍ നവംബര്‍ ഏട്ടോടു കൂടി അവസാനിപ്പിക്കും.

മസ്കറ്റ്: ഒമാനും ഇന്ത്യയും തമ്മിലേര്‍പ്പെട്ട എയര്‍ ബബിള്‍ കരാര്‍ ധാരണയില്‍ മാറ്റം. നവംബര്‍ 9 മുതല്‍ ഒമാന്‍ എയര്‍, സലാം എയര്‍, എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് എന്നിവയ്ക്ക് മാത്രമേ ഒമാനും ഇന്ത്യയും തമ്മിലുള്ള എയര്‍ ബബിള്‍ കരാറിന്റെ ഭാഗമായി വിമാന സര്‍വീസുകള്‍ നടത്തുവാന്‍ അനുമതിയുള്ളൂ. ഇരുരാജ്യങ്ങള്‍ തമ്മിലുള്ള  എയര്‍ ബബിള്‍ കരാര്‍ ധാരണയില്‍ മാറ്റം ഉണ്ടായത് മൂലമാണ് സ്വകാര്യ വിമാനക്കമ്പനികളുടെ സര്‍വീസുകള്‍ നിര്‍ത്തിവെക്കുന്നത്.

പുതുക്കിയ എയര്‍ ബബിള്‍ ധാരണ പ്രകാരം ഇന്‍ഡിഗോ, ഗോ എയര്‍ എന്നീ വിമാന കമ്പനികള്‍ ഇന്ത്യയില്‍ നിന്നും തിരിച്ച് മസ്‌കറ്റില്‍ നിന്നുമുള്ള സര്‍വീസുകള്‍ നവംബര്‍ ഏട്ടോടു കൂടി അവസാനിപ്പിക്കും. ഈ വിമാനങ്ങളില്‍ യാത്ര ചെയ്യുവാന്‍ ടിക്കറ്റുകള്‍  വാങ്ങിയിരുന്നവര്‍ക്ക് പണം മടക്കി നല്‍കുമെന്നും വിമാന കമ്പനി അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഒക്ടോബര്‍ ഒന്നുമുതലാണ്  ഒമാനും ഇന്ത്യയും തമ്മിലുള്ള എയര്‍ ബബിള്‍ കരാര്‍ പ്രാബല്യത്തില്‍ വന്നത്. മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് 11 ഇന്ത്യന്‍ നഗരങ്ങളിലേക്കാണ് എയര്‍ ബബിള്‍ കരാറിലൂടെ സര്‍വീസുകള്‍ നടന്നു വരുന്നത്. നിലവിലെ  ഒമാന്‍-ഇന്ത്യ എയര്‍ ബബിള്‍ കരാര്‍ കാലാവധി നവംബര്‍ 30ന് അവസാനിക്കും.

click me!