തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ ചെക്ക് കേസ്: നാസില്‍ അബ്‍ദുള്ളക്ക് വേണ്ടി സഹപാഠികളും സുഹൃത്തുക്കളും രംഗത്ത്

By Web TeamFirst Published Aug 30, 2019, 12:38 AM IST
Highlights

തുഷാര്‍ വെള്ളാപള്ളിക്കെതിരായ വണ്ടി ചെക്ക് കേസില്‍ നടത്തിയ ഒത്തു തീര്‍പ്പ് ചര്‍ച്ചയും ഫലം കണ്ടില്ല. തുഷാറിന്‍റെയും പരാതിക്കാരന്‍ നാസിലിന്‍റേയും സുഹൃത്തുക്കള്‍ തമ്മിലാണ് ചര്‍ച്ച നടത്തിയത്. 

ദുബായ്: തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ ചെക്ക് കേസ് നല്‍കിയ പ്രവാസി മലയാളി നാസില്‍ അബ്ദുള്ളക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് സഹപാഠികളും സുഹൃത്തുക്കളും രംഗത്ത് .ഇക്കാര്യം ആവശ്യപ്പെട്ട് ഇവര്‍ മുഖ്യമന്ത്രിയെ കാണും. നാസില്‍ പഠിച്ച ഭട്ക്കല്‍ അഞ്ചുമാന്‍ എന്‍ജിനീയറിംഗ് കോളേജിലെ അലുമ്നി അസോസിയേഷനാണ് അദ്ദേഹത്തിന് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയത്. 

നാസിലിനും കുടുംബത്തിനും നീതി കിട്ടാൻ മുഖ്യമന്ത്രി ഇടപെടണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. നാസിൽ ഇടതുപക്ഷ അനുഭാവിയാണ്. മുഖ്യമന്ത്രി പക്ഷം പിടിച്ചിട്ടില്ല. തുഷാറിന് വേണ്ടി സഹായം അഭ്യർത്ഥിച്ചത് മുഖ്യമന്ത്രിയുടെ വിവേചനാധികാരം മാത്രമാണെന്നും പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന നേതാക്കള്‍ വിശദീകരിച്ചു. കോളേജിലെ എല്ലാ പൂര്‍വ്വ വിദ്യാര്‍ത്ഥികളും നാസിലിന് പിന്തുണ അറിയിച്ചിട്ടുണ്ടെന്ന് ഇവര്‍ വ്യക്തമാക്കി.

കേസ് കോടതിയില്‍ ആയതിനാല്‍ കൂടുതല്‍ കാര്യങ്ങള്‍ വിശദീകരിക്കാനാവില്ലെന്ന നിലപാടിലായിരുന്നു നാസിലിന്‍റെ സുഹൃത്തുക്കള്‍. അതേസമയം, തുഷാര്‍ വെള്ളാപള്ളിക്കെതിരായ വണ്ടി ചെക്ക് കേസില്‍ നടത്തിയ ഒത്തു തീര്‍പ്പ് ചര്‍ച്ചയും ഫലം കണ്ടില്ല. തുഷാറിന്‍റെയും പരാതിക്കാരന്‍ നാസിലിന്‍റേയും സുഹൃത്തുക്കള്‍ തമ്മിലാണ് ചര്‍ച്ച നടത്തിയത്. ആറുകോടി രൂപവേണമെന്ന നിലപാടില്‍ പരാതിക്കാരന്‍ ഉറച്ചു നിന്നതോടെ ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു.

ആദ്യഘട്ടത്തില്‍ സഹായവാഗ്ധാനവുമായി എത്തിയ പല പ്രമുഖരും പിന്മാറിയതും തുഷാര്‍ ക്യാമ്പിന് ക്ഷീണമുണ്ടാക്കി. വരുന്ന മൂന്ന് ദിവസം കോടതി അവധിയായ സാഹചര്യത്തില്‍ കോടതിക്കുപുറത്ത് ഒത്തുതീര്‍പ്പാക്കാനാണ് ശ്രമം. കേസ് അവസാനിപ്പിക്കാതെ തുഷാറിന് യുഎഇ വിട്ടുപോകാനാവില്ല.

click me!