ചെക്ക് കേസ്; ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടി തുഷാര്‍ കോടതിയില്‍ അപേക്ഷ നല്‍കി

By Web TeamFirst Published Aug 27, 2019, 6:04 PM IST
Highlights

തുഷാറിന്‍റെ അപേക്ഷയില്‍ അജ്മാന്‍ കോടതി രണ്ടു ദിവസത്തിനകം തീരുമാനമെടുത്തേക്കും. അപേക്ഷ കോടതി സ്വീകരിച്ചാല്‍ തുഷാറിന് നാട്ടിലേക്ക് മടങ്ങാന്‍ കഴിയും. കോടതിക്ക് അകത്തും പുറത്തും വച്ചുള്ള ഒത്തുതീർപ്പു ചർച്ചകൾ ഫലം കാണാത്ത സാഹചര്യത്തിലാണ് തുഷാറിന്റെ പുതിയ നീക്കം. 

ദുബായ്: ചെക്ക് കേസിൽ അജ്മാനിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളി ജാമ്യ വ്യവസ്ഥയില്‍ ഇളവ്  നൽകണമെന്നാവശ്യപ്പെട്ട് കോടതിയിൽ അപേക്ഷ നൽകി. യുഎഇ പൗരന്റെ പാസ്പോർട്ട് കോടതിയിൽ സമർപ്പിച്ച് സ്വന്തം പാസ്പോര്‍ട്ട് തിരികെ വാങ്ങാനാണ് തുഷാറിന്റെ ശ്രമം. ഇതിനായി യുഎഇ പൗരന്റെ പാസ്പോര്‍ട്ട്  കോടതിയിൽ സമര്‍പ്പിച്ചു.

തുഷാറിന്‍റെ അപേക്ഷയില്‍ അജ്മാന്‍ കോടതി രണ്ടു ദിവസത്തിനകം തീരുമാനമെടുത്തേക്കും. അപേക്ഷ കോടതി സ്വീകരിച്ചാല്‍ തുഷാറിന് നാട്ടിലേക്ക് മടങ്ങാന്‍ കഴിയും. കോടതിക്ക് അകത്തും പുറത്തും വച്ചുള്ള ഒത്തുതീർപ്പു ചർച്ചകൾ ഫലം കാണാത്ത സാഹചര്യത്തിലാണ് തുഷാറിന്റെ പുതിയ നീക്കം. വിചാരണ തീരുന്നത് വരെയോ അല്ലെങ്കിൽ കോടതിക്ക് പുറത്തു കേസ് ഒത്തുതീർപ്പാകുന്നത് വരെയോ യുഎഇ വിട്ടു പോകരുത് എന്ന വ്യവസ്ഥയിലാണ് അജ്‌മാൻ കോടതി കഴിഞ്ഞ വ്യാഴാഴ്ച തുഷാറിനു ജാമ്യം അനുവദിച്ചത്.

ചെക്ക് കേസില്‍ വ്യാഴാഴ്ചയാണ് തുഷാര്‍ വെള്ളാപ്പള്ളി യുഎഇയിലെ അജ്മാനിൽ അറസ്റ്റിലായത്. പത്ത് വര്‍ഷം മുന്‍പുള്ള ചെക്ക് ഇടപാടില്‍ തൃശ്ശൂര്‍ സ്വദേശി നാസില്‍ അബ്ദുള്ളയുടെ പരാതിയിലാണ് തുഷാർ അറസ്റ്റിലായത്. കോടതി ജാമ്യം അനുവദിച്ചതോടെ ഒന്നര ദിവസത്തെ ജയില്‍ വാസത്തിന് ശേഷം തുഷാര്‍ പുറത്തിറങ്ങി. അജ്മാന്‍ കോടതിയില്‍ ജാമ്യത്തുക കെട്ടിവച്ചതോടെയാണ് തുഷാര്‍ വെള്ളാപ്പള്ളിക്ക് ജാമ്യം കിട്ടിയത്. എം എ യൂസഫലിയുടെ ഇടപെടലാണ് തുഷാറിന്റെ ജയില്‍ മോചനം എളുപ്പത്തിലാക്കിയത്.

click me!