ഒമാന്‍ ഭരണാധികാരിയുടെ വേര്‍പാടില്‍ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

By Web TeamFirst Published Jan 11, 2020, 10:32 AM IST
Highlights

ഇന്ത്യയില്‍ വിദ്യാഭ്യാസം നേടിയ അദ്ദേഹം ഇന്ത്യക്കാരുമായും വിശിഷ്യ മലയാളികളുമായും അടുത്ത ബന്ധം കാത്തുസൂക്ഷിച്ചിരുന്നതായി അദ്ദേഹം ഫേസ്‍ബുക്കില്‍ പോസ്റ്റ് ചെയ്ത അനുശോചനക്കുറിപ്പില്‍ വ്യക്തമാക്കുന്നു.

തിരുവനന്തപുരം: ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സയിദിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. ഇന്ത്യയില്‍ വിദ്യാഭ്യാസം നേടിയ അദ്ദേഹം ഇന്ത്യക്കാരുമായും വിശിഷ്യ മലയാളികളുമായും അടുത്ത ബന്ധം കാത്തുസൂക്ഷിച്ചിരുന്നതായി അദ്ദേഹം ഫേസ്‍ബുക്കില്‍ പോസ്റ്റ് ചെയ്ത അനുശോചനക്കുറിപ്പില്‍ വ്യക്തമാക്കുന്നു.

ഫേസ്‍ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സഈദിന്റെ വേർപാടിൽ അനുശോചിക്കുന്നു.

ഇന്ത്യയിൽ വിദ്യാഭ്യാസം നേടിയ അദ്ദേഹം ഇന്ത്യക്കാരുമായും വിശിഷ്യ മലയാളികളുമായും അടുത്ത ബന്ധം കാത്തുസൂക്ഷിച്ചിരുന്നു.

1970ൽ ഭരണം ഏറ്റെടുത്ത സുൽത്താൻ ഒമാനെ ആധുനിക വത്കരിക്കുന്നതിൽ സുപ്രധാന പങ്കു വഹിച്ചു. ഒമാന് ഭരണഘടന ഉണ്ടാക്കിയതും മന്ത്രിസഭ രൂപീകരിച്ചതുമൊക്കെ സുൽത്താന്റെ ഭരണമികവിന് ദൃഷ്ടാന്തങ്ങളാണ്.

അറബ് ലോകത്ത് സൗഹൃദവും സമാധാനവും കാത്തുസൂക്ഷിക്കാൻ എന്നും മുൻപന്തിയിലുണ്ടായിരുന്ന ഭരണാധികാരിയായിരുന്നു അദ്ദേഹം. ജനങ്ങളുമായി ഏറ്റവും അടുത്ത ബന്ധം പുലർത്തുകയും ജനങ്ങൾ ഇഷ്ടപ്പെടുകയും ചെയ്ത സുൽത്താൻ ഒമാന്റെ ഭരണ സാരഥ്യം ദീർഘകാലം വഹിച്ചു. മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസി സമൂഹത്തിന് സൗകര്യങ്ങളും സംരക്ഷണവും ഉറപ്പാക്കാൻ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

സുൽത്താൻ ഖാബൂസ് ബിൻ സഈദിന്റെ വേർപാടിലൂടെ മനുഷ്യസ്നേഹിയായ ഭരണാധികാരിയെയാണ് നഷ്ടപ്പെട്ടത്.

click me!