
തിരുവനന്തപുരം: പ്രവാസികളെ തിരിച്ചെത്തിക്കുന്ന പ്രത്യേക സര്‍വീസുകളില്‍ നിന്ന് കണ്ണൂര്‍ വിമാനത്താവളത്തെ ഒഴിവാക്കിയത് ബുദ്ധിമുട്ടുണ്ടാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങള്‍ വഴിയും പ്രവാസികളെ എത്തിക്കണമെന്നാണ് ആവശ്യപ്പെട്ടത്. എന്നാല്‍ അതില്‍ നിന്ന് കണ്ണൂരിനെ ഒഴിവാക്കി. അതിന്റെ കാരണം വ്യക്തമാക്കിയിട്ടുമില്ല. കണ്ണൂര്‍ വിമാനത്താവളം വഴി നാട്ടിലെത്തേണ്ട ആയിരക്കണക്കിന് ആളുകളുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിരിച്ചുവരാനായി രജിസ്റ്റര്‍ ചെയ്ത കേരളീയരില്‍ 69,179 പേര്‍ കണ്ണൂരില്‍ ഇറങ്ങണമെന്നാണ് താത്പര്യപ്പെട്ടിട്ടുള്ളത്. ലോക്ക് ഡൌണ്‍ കാലത്ത് മറ്റിടങ്ങളില്‍ ഇറങ്ങിയാല്‍ അവരുടെ യാത്രയ്ക്കും മറ്റുമുണ്ടാരുന്ന ബുദ്ധിമുട്ട് ഊഹിക്കാവുന്നതാണ്. ഇക്കാര്യവും പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ വിശദമായി ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം, കൊച്ചി, കരിപ്പൂര്‍ വിമാനത്താവളങ്ങള്‍ വഴിയാണ് ആദ്യ ഘട്ടത്തില്‍ പ്രവാസികളെ തിരിച്ചെത്തിക്കുന്ന സര്‍വീസുകള്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.
അതേസമയം വിദേശരാജ്യങ്ങളില്‍ നിന്നെത്തുന്ന പ്രവാസികളെ അവിടെ കൊവിഡ് പരിശോധന നടത്താതെ കൊണ്ടുവരുന്നത് വലിയ അപകടം സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിമാനങ്ങളില്‍ ഇരുനൂറോളം പേരുണ്ടാകും. അവരില്‍ ഒന്നോ രണ്ടോ പേര്‍ക്ക് കൊവിഡ് രോഗമുണ്ടെങ്കില്‍ അത് വിമാനത്തിലുള്ള എല്ലാവരെയും ബാധിക്കും. ഇത് രാജ്യത്താകെ രോഗവ്യാപനമുണ്ടാകാന്‍ ഇടയാക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. യാത്ര തിരിക്കുന്നതിന് മുമ്പ് തന്നെ കൊവിഡ് പരിശോധന നടത്തണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam