അനുമതി നല്‍കിയ വിമാനങ്ങള്‍ പോലും ഷെഡ്യൂള്‍ ചെയ്യാന്‍ സാധിക്കുന്നില്ല; മുരളീധരന് മറുപടിയുമായി മുഖ്യമന്ത്രി

By Web TeamFirst Published Jun 4, 2020, 7:06 PM IST
Highlights

ജൂണ്‍ മൂന്ന് മുതല്‍ ദിവസം 12 വിമാനങ്ങള്‍ വീതം എത്തുമെന്നാണ് അറിയിച്ചത്. ഇതിന് അനുമതി നല്‍കുകയും ചെയ്തു. ഇതനുസരിച്ച് ജൂണ്‍ മൂന്ന് മുതല്‍ 10 വരെ 84 വിമാനങ്ങള്‍ സംസ്ഥാനത്ത് എത്തണം. എന്നാല്‍ ഇതുവരെ 36 വിമാനങ്ങള്‍ മാത്രമേ ഷെഡ്യൂള്‍ ചെയ്യാന്‍ ചെയ്യാന്‍ കേന്ദ്ര സര്‍ക്കാറിന് കഴിഞ്ഞിട്ടുള്ളൂ. 

തിരുവനന്തപുരം: പ്രവാസികളെ തിരിച്ചെത്തിക്കാനുള്ള വിമാനങ്ങള്‍ക്ക് കേരളം അനുമതി നിഷേധിച്ചുവെന്ന കേന്ദ്രമന്ത്രി വി. മുരളീധരന്റെ ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതുവരെ കേരളം അനുമതി നല്‍കിയ വിമാനങ്ങള്‍ പോലും ഷെഡ്യൂള്‍ ചെയ്യാന്‍ കേന്ദ്രത്തിന് സാധിക്കുന്നില്ലെന്നും മുഖ്യമന്ത്രി ഇന്ന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ജൂണ്‍ മൂന്ന് മുതല്‍ ദിവസം 12 വിമാനങ്ങള്‍ വീതം എത്തുമെന്നാണ് അറിയിച്ചത്. ഇതിന് അനുമതി നല്‍കുകയും ചെയ്തു. ഇതനുസരിച്ച് ജൂണ്‍ മൂന്ന് മുതല്‍ 10 വരെ 84 വിമാനങ്ങള്‍ സംസ്ഥാനത്ത് എത്തണം. എന്നാല്‍ ഇതുവരെ 36 വിമാനങ്ങള്‍ മാത്രമേ ഷെഡ്യൂള്‍ ചെയ്യാന്‍ ചെയ്യാന്‍ കേന്ദ്ര സര്‍ക്കാറിന് കഴിഞ്ഞിട്ടുള്ളൂ. ഇനിയും 48 എണ്ണം ഷെഡ്യൂള്‍ ചെയ്യപ്പെടാനുണ്ട്. ഇപ്പോള്‍ പറഞ്ഞിട്ടുള്ള 12 എണ്ണം നടപ്പാക്കിയിട്ട് പോരേ 24 എണ്ണത്തെക്കുറിച്ച് സംസാരിക്കുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു.

ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് അനുമതി നല്‍കുന്നില്ലെന്ന ആരോപണത്തോടും മുഖ്യമന്ത്രി പ്രതികരിച്ചു. സ്‍പൈസ്ജെറ്റിന് 300 സര്‍വീസുകള്‍ നടത്താന്‍ അനുമതി നല്‍കി. ഒരു സംഘടനയ്ക്ക് 40 സര്‍വീസിനും അനുമതി നല്‍കിയിട്ടുണ്ട്. വിവിധ സംഘടനകള്‍ക്ക് 70,712 പേരെ സംസ്ഥാനത്ത് കൊണ്ടുവരാനുള്ള അനുമതി നല്‍കിയിട്ടുണ്ട്. അമിത് ചാര്‍ജ് ഈടാക്കരുതെന്നും മുന്‍ഗണനാ വിഭാഗങ്ങള്‍ക്ക് ആദ്യ പരിഗണന നല്‍കണമെന്നുമുള്ള രണ്ട് നിബന്ധനകളാണ് കേരളം വെച്ചിട്ടുള്ളത്. കമ്പനികള്‍ ചാര്‍ട്ടര്‍ വിമാനങ്ങള്‍ക്ക് ഒരു നിബന്ധനകളുമില്ല. 

തിരിച്ചെത്തുന്നവരുടെയും നാട്ടിലുള്ളവരുടെയും ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തേണ്ടതുണ്ട്. കൊവിഡിനെ നേരിടാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതില്‍ രാഷ്ട്രീയ ലക്ഷ്യമില്ല. എന്നാല്‍ ചിലര്‍ ഇതിനെ പ്രത്യേക അവസരമായി കാണുന്നു. സര്‍ക്കാറിനെതിരായ അവസരമായി ഉപയോഗിക്കാനൊക്കുമോയെന്ന് നോക്കുന്നുവെന്നും ഇത്തരം വിമര്‍ശനങ്ങള്‍ക്ക് അതേ തരത്തില്‍ മറുപടി പറയാന്‍ തനിക്ക് അറിയാമെങ്കിലും തത്കാലം അതിന് താത്പര്യമില്ലെന്നും കൊവിഡ് പ്രതിരോധത്തിലാണ് ശ്രദ്ധയൂന്നുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
 

click me!