
ഷാർജ: ചില്‍ഡ്രന്‍സ് റീഡിങ് ഫെസ്റ്റിവലിന് അല്‍ തവൂണില്‍ തുടക്കമായി. പതിനൊന്ന് ദിവസം നീളുന്ന വായനോത്സവത്തിൽ 18 രാജ്യങ്ങളില്‍ നിന്നുള്ള 167 പ്രസാധകര്‍ പങ്കെടുക്കുന്നുണ്ട്. അല്‍ തവൂണ്‍ എക്സ്പോസെന്ററിൽ ഷാര്‍ജ ഭരണാധികാരിയും യു എ ഇ സുപ്രീം കൗണ്‍സില്‍ അംഗവുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയാണ് മേളയുടെ ഉദ്ഘാടനം നിർവഹിച്ചത്.
ലോകപ്രശസ്തരായ 200 പ്രമുഖ വ്യക്തികൾ മേളയിൽ പങ്കെടുക്കുന്നുണ്ട്. 2,546 സാംസ്‌കാരിക-സാഹിത്യ ചടങ്ങുകളാണ് മേളയില്‍ ഒരുക്കിയിരിക്കുന്നത്. വായനയിലൂടെ സംസ്‌കാര സമ്പന്നമായ സമൂഹത്തിന്റെ ഭാഗമാകുന്നതിന് കുട്ടികളെ പ്രേരിപ്പിക്കുക എന്നതാണ് റീഡിങ് ഫെസ്റ്റിവലിലൂടെ ഷാര്‍ജ ബുക് അതോറിറ്റി ലക്ഷ്യമിടുന്നത്. നൂറുകണക്കിന് വിദ്യാര്‍ത്ഥികളാണ് ആദ്യ ദിനം തന്നെ ഷാര്‍ജ എക്സ്പോസെന്ററിൽ പുസ്തകോത്സവത്തിന്റെ ഭാഗമാകാൻ എത്തിയത്.
ഫെസ്റ്റിവലിനോട് ചേര്‍ന്ന് ഷാര്‍ജ ചില്‍ഡ്രന്‍സ് ബുക് അവാര്‍ഡ്, ഷാര്‍ജ ചില്‍ഡ്രന്‍സ് അവാര്‍ഡ് ഫോര്‍ ചില്‍ഡ്രന്‍ ഓഫ് ഡിറ്റര്‍മിനേഷന്‍, ഷാര്‍ജ ചില്‍ഡ്രന്‍സ് ബുക് ഇല്യുസ്‌ട്രേഷന്‍സ് എക്‌സിബിഷന്‍ അവാര്‍ഡ് എന്നിവ വിതരണം ചെയ്യും. കുരുന്നുകലാകാരന്മാരുടെ വ്യത്യസ്തവും പുതുമയാര്‍ന്നതുമായ പരിപാടികളും പ്രദര്‍ശനങ്ങളും മേളയിൽ അരങ്ങേറും. പൊതുജനങ്ങൾക്ക് മേളയിലേക്ക് പ്രവേശനം സൗജന്യമാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam