കൊവിഡ് പ്രതിരോധം: ചൈനീസ് മെഡിക്കല്‍ സംഘം സൗദിയില്‍

By Web TeamFirst Published Apr 16, 2020, 5:21 PM IST
Highlights
ഒടുവിലത്തെ റിപ്പോര്‍ട്ട് പ്രകാരം സൗദിയില്‍ 5862 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 79 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ചൈനയിലെ വുഹാനിലാണ് കൊവിഡ് രോഗം പൊട്ടിപ്പുറപ്പെട്ടതെങ്കിലും ചൈന രോഗത്തെ പിടിച്ചു കെട്ടി.

 
റിയാദ്: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന് സഹായിക്കാനായി ചൈനീസ് മെഡിക്കല്‍ സംഘം സൗദിയിലെത്തി. കഴിഞ്ഞ ദിവസമാണ് എട്ട് ഡോക്ടര്‍മാരും സഹായികളും അടങ്ങുന്ന സംഘം സൗദിയിലെത്തിയത്. കൊവിഡ് പരിശോധന, ചികിത്സ, രോഗ നിര്‍മാര്‍ജനം എന്നീ മേഖലകളില്‍ ചൈനീസ് സംഘം സൗദിക്ക് മാര്‍ഗ നിര്‍ദേശം നല്‍കും. വെന്റിലേറ്റര്‍, പരിശോധന കിറ്റ് തുടങ്ങിയ മെഡിക്കല്‍ ഉപകരണങ്ങളും ചൈന സൗദിയില്‍ എത്തിച്ചു. സൗദി അയച്ച പ്രത്യേക വിമാനത്തിലാണ് ചൈനീസ് സംഘം എത്തിയത്.

പകര്‍ച്ച വ്യാധി തടയുന്നതിന് സൗദിയെ കഴിയുന്ന രീതിയില്‍ സഹായിക്കുമെന്നും ചൈനയിലെ കൊവിഡ് വ്യാപന സമയത്ത് സൗദി സഹായിച്ചെന്നും വിദേശ കാര്യ വക്താവ് ഴാവോ ലിജിയാന്‍ പറഞ്ഞു. ചൈനയുടെ തന്ത്രപ്രധാന പങ്കാളിയാണ് സൗദി. ഇരു രാജ്യങ്ങളിലെയും പൊതുജനാരോഗ്യ സുരക്ഷ സംരക്ഷിക്കുന്നതിന് സഹകരിച്ച് പ്രവര്‍ത്തിക്കും. സൗദിയുമായി അടുത്ത ബന്ധം നിലനിര്‍ത്തുമെന്നും ചൈനീസ് വക്താവ് അറിയിച്ചു. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്ങുമായി ഫോണില്‍ സംസാരിച്ചതിന് തൊട്ടുപിന്നാലെയാണ് മെഡിക്കല്‍ സംഘത്തെ അയക്കാന്‍ ചൈന തീരുമാനിച്ചത്. 

ഒടുവിലത്തെ റിപ്പോര്‍ട്ട് പ്രകാരം സൗദിയില്‍ 5862 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 79 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ചൈനയിലെ വുഹാനിലാണ് കൊവിഡ് രോഗം പൊട്ടിപ്പുറപ്പെട്ടതെങ്കിലും ചൈന രോഗത്തെ പിടിച്ചു കെട്ടി. കഴിഞ്ഞ 24 മണിക്കൂറുല്‍ 46 പേര്‍ക്കാണ് ചൈനയില്‍ പുതുതായി രോഗം റിപ്പോര്‍ട്ട് ചെയ്തത്.
 
click me!