
മസ്കറ്റ്: കുരിശുമരണത്തിന് ശേഷം മൂന്നാം നാളിൽ ക്രിസ്തുവിന്റെ ഉയിർപ്പിനെ അനുസ്മരിച്ച് ഒമാനിലെ ക്രൈസ്തവ വിശ്വാസികൾ ഭക്തിനിർഭരമായി ഈസ്റ്റർ ആഘോഷിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ദേവാലയങ്ങളിൽ നിരവധി വിശ്വാസികളെത്തി. ഈസ്റ്ററിനോടനുബന്ധിച്ച് മസ്കറ്റ്, ഗാലാ, സലാല, സുഹാർ എന്നിവിടങ്ങളിലെ ദേവാലയങ്ങളിൽ ശനിയാഴ്ച രാത്രി മുതൽ ഞായറാഴ്ച പുലർച്ചെ വരെ പ്രത്യേക ആരാധനകളും ശുശ്രൂഷകളും നടന്നു. ഒമാന്റെ ഉൾപ്രദേശങ്ങളിൽ നിന്നടക്കം നൂറുകണക്കിന് വിശ്വാസികളാണ് ഇത്തവണയും പ്രാർത്ഥനകളിൽ പങ്കുചേർന്നത്.
വിവിധ ദേവാലയങ്ങളിൽ നടന്ന ഈസ്റ്റർ ശുശ്രൂഷകൾക്ക് മെത്രാപ്പോലീത്താമാരും വൈദികരും നേതൃത്വം നൽകി. മസ്കറ്റ് മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവകയിൽ ഡോ. ജോസഫ് മാർ ദീവന്നാസ്യോസ്, സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ ഗീവർഗീസ് മാർ സ്തേഫാനോസ്, സുഹാർ സെന്റ് ജോർജ് ഓർത്തഡോക്സ് ഇടവകയിൽ ഡോ. ഗബ്രിയേൽ മാർ ഗ്രീഗോറിയോസ്, സലാല സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയിൽ വൈദികർ എന്നിവർ ശുശ്രൂഷകൾക്ക് കാർമ്മികത്വം വഹിച്ചു.
അൻപത് ദിവസത്തെ കഠിനമായ വ്രതാനുഷ്ഠാനങ്ങൾക്കൊടുവിലാണ് വിശ്വാസികൾ ഈസ്റ്റർ തിരുനാൾ ആചരിക്കുന്നത്. ത്യാഗത്തിന്റെയും പുനരുജ്ജീവനത്തിന്റെയും സന്ദേശം പകർന്നു നൽകുന്ന ഈ തിരുനാൾ വിശ്വാസികൾക്ക് ആത്മീയ പുതുജീവനത്തിന്റെ പ്രതീകമായി മാറി. കുടുംബാംഗങ്ങളോടൊപ്പം പ്രാർത്ഥനകളിലും ആഘോഷങ്ങളിലും പങ്കുചേർന്ന വിശ്വാസികൾ പരസ്പരം ഈസ്റ്റർ ആശംസകൾ നേർന്ന് ദിനം ആഘോഷിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam