മാര്‍പാപ്പ യുഎഇയിലെത്തുമ്പോള്‍ അസുലഭ അവസരം കാത്ത് ഒരു മലയാളി കുരുന്ന്

By Web TeamFirst Published Feb 4, 2019, 11:32 AM IST
Highlights

2016ല്‍ മകളുടെ ജന്മദിനത്തില്‍ വത്തിക്കാനില്‍ വെച്ച് വലിയ ജനക്കൂട്ടത്തിനിടയിലും ഫ്രാന്‍സിസ് മാര്‍പാപ്പ മിഷേലിനെ തലോടി. അദ്ദേഹം മുന്നോട്ട് നീങ്ങവെ മകളുടെ ഒന്നാം ജന്മദിനമാണെന്ന് മോന്‍സി അദ്ദേഹത്തോട് പറഞ്ഞു. ഇതോടെ തിരികെ വന്ന മാര്‍പാപ്പ മകളെ അനുഗ്രഹിക്കുകയും അവള്‍ക്കായി ഒരുനിമിഷം പ്രാര്‍ത്ഥിക്കുകയും ചെയ്തു

അബുദാബി: ചരിത്രം കുറിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ യുഎഇ സന്ദര്‍ശിക്കുമ്പോള്‍ മൂന്ന് വയസിനിടെ ഒരിക്കല്‍ കൂടി അനുഗ്രഹം തേടാന്‍ കാത്തിരിക്കുകയാണ് മലയാളി കുടുംബം. 2015ലെ ക്രിസ്മസ് ദിനത്തില്‍ ജനിച്ച മിഷേല്‍ മോന്‍സി ഒന്നാം ജന്മദിനത്തില്‍ മാതാപിതാക്കള്‍ക്കൊപ്പം വത്തിക്കാനില്‍ വെച്ചാണ് മാര്‍പാപ്പയെ ആദ്യമായി കാണാനും അനുഗ്രഹം നേടാനും അവസരം ലഭിച്ചത്. രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറം മാര്‍പാപ്പ യുഎഇ സന്ദര്‍ശിക്കുമ്പോള്‍ അദ്ദേഹത്തെ വീണ്ടും സന്ദര്‍ശിക്കാനുള്ള അപൂര്‍വമായ ഭാഗ്യമാണ് ഈ കടുംബത്തിന് ലഭിക്കുന്നത്.

പത്തനംതിട്ട സ്വദേശികളായ മോന്‍സി സാമുവലും ഭാര്യ ജെന്‍സി ജോണും കള്‍ക്കൊപ്പം ഒരിക്കല്‍ കൂടി മാര്‍പാപ്പയുടെ അനുഗ്രഹം തേടാന്‍ കാത്തിരിക്കുന്ന വാര്‍ത്ത യുഎഇയിലെ മാധ്യമങ്ങളിലും ഇടംനേടി. 2016ല്‍ മകളുടെ ജന്മദിനത്തില്‍ വത്തിക്കാനില്‍ വെച്ച് വലിയ ജനക്കൂട്ടത്തിനിടയിലും ഫ്രാന്‍സിസ് മാര്‍പാപ്പ മിഷേലിനെ തലോടി. അദ്ദേഹം മുന്നോട്ട് നീങ്ങവെ മകളുടെ ഒന്നാം ജന്മദിനമാണെന്ന് മോന്‍സി അദ്ദേഹത്തോട് പറഞ്ഞു. ഇതോടെ തിരികെ വന്ന മാര്‍പാപ്പ മകളെ അനുഗ്രഹിക്കുകയും അവള്‍ക്കായി ഒരുനിമിഷം പ്രാര്‍ത്ഥിക്കുകയും ചെയ്തുവെന്ന് ജെന്‍സി പറ‌ഞ്ഞു. വിവരണാതീതമായൊരു നിമിഷമായിരുന്നു അത്. മകള്‍ക്ക് കൊടുക്കാന്‍ ഞങ്ങള്‍ക്ക് സാധിക്കുന്ന ഏറ്റവും വലിയ സമ്മാനം-ജെന്‍സിയുടെ വാക്കുകള്‍

കത്താലിക്കരല്ലെങ്കിലും പോപ്പിന്റെ അനുഗ്രഹം തേടുന്ന കാര്യത്തില്‍ ഒരു സംശയവുമില്ലെന്ന് ഓര്‍ത്തഡോക്ട്സ് വിഭാഗക്കാരിയായ ജെന്‍സി പറയുന്നു. മതവിശ്വാസങ്ങള്‍ക്കതീതമായി സാര്‍വലൗകികമായ സ്നേഹമാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സന്ദേശം. അദ്ദേഹത്തിന്റെ സാന്നിദ്ധ്യത്തില്‍ തന്നെ ആ മഹത്വം അനുഭവപ്പെട്ടുവെന്നും ജെന്‍സി പറയുന്നു. മാര്‍പാപ്പയോടൊപ്പെമുള്ള ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചപ്പോള്‍ നിരവധി സുഹൃത്തുക്കള്‍ അഭിനന്ദനവുമായെത്തി. ലോകത്തിലെ ഏറ്റവും മഹത്തായ വ്യക്തിത്വങ്ങളില്‍ ഒരാളായാണ് എല്ലാവരും അദ്ദേഹത്തെ വിലയിരുത്തുന്നത്. - ജെന്‍സി പറയുന്നു.

ഈ രാജ്യം ഇത്തരം അപൂര്‍വമായ അവസരങ്ങള്‍ ഞങ്ങള്‍ക്ക് പ്രാപ്യമാക്കുന്നുവെന്നാണ് യുഎഇയിലെത്തുന്ന മാര്‍പാപ്പയെ ഒരിക്കല്‍ കൂടി കാണാനുള്ള അവസരം ലഭിച്ചതിനെപ്പറ്റി ഈ കുടുംബം പറയുന്നത്. യുഎഇയില്‍ വളര്‍ന്ന ജെന്‍സി ബാങ്ക് ജീവനക്കാരിയാണ്. ഭര്‍ത്താവ് മോന്‍സി സാമുവല്‍ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്നു. മതസ്വാതന്ത്ര്യവും സമാധാനവും ഉറപ്പുനല്‍കുന്ന ഈ രാജ്യത്ത് ഇത്രയും നാള്‍ ജീവിക്കാന്‍ കഴിഞ്ഞത് തന്റെ ഭാഗ്യമാണ്. സഹിഷ്ണുതയോടെയുള്ള സമീപനം ഇവിടുത്തെ ഭരണാധികരായുടെ വിശാല മനസിന്റെ തെളിവാണെന്നും ജെന്‍സി പറഞ്ഞു.
 

-കടപ്പാട് : ഗള്‍ഫ് ന്യൂസ്

click me!