'ലണ്ടൻ, മാലി, ബാങ്കോക്ക്'; കൊച്ചി വിമാനത്താവളത്തിൽ നിന്ന് 300ലേറെ അധിക സർവീസുകൾ, സമയക്രമത്തിൽ മാറ്റം

Published : Mar 07, 2024, 02:36 PM ISTUpdated : Mar 07, 2024, 02:56 PM IST
'ലണ്ടൻ, മാലി, ബാങ്കോക്ക്'; കൊച്ചി വിമാനത്താവളത്തിൽ നിന്ന് 300ലേറെ അധിക സർവീസുകൾ, സമയക്രമത്തിൽ മാറ്റം

Synopsis

ദോഹയിലേക്ക് 46 സർവീസുകളും ദുബായിലേക്ക് 45 സർവീസുകളാണ് കൊച്ചിയിൽ നിന്നുള്ളത്. തായ് എയർവേയ്‌സ് ബാങ്കോക്ക് സുവർണഭൂമി വിമാനത്താവളത്തിലേക്ക് ത്രിവാര പ്രീമിയം സർവീസുകൾ  ആരംഭിക്കുന്നു. അതോടൊപ്പം  തായ് ലയൺ എയർ ബാങ്കോക്ക് ഡോൺ മ്യൂങ് വിമാനത്താവളത്തിലേക്ക് പ്രതിദിന സർവീസുകളും ആരംഭിക്കും.

കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള  വേനൽക്കാല വിമാന സർവീസ് സമയവിവര പട്ടിക പ്രഖ്യാപിച്ച് സിയാൽ. ഇപ്പോൾ നിലവിലുള്ള  ശീതകാല പട്ടികയിൽ ആകെ 1330  സർവീസുകളാണുള്ളത്. പുതിയ വേനൽക്കാല പട്ടികയിൽ 1628 പ്രതിവാര സർവീസുകളായി.  2024  മാർച്ച് 31  മുതൽ ഒക്‌ടോബർ 26  വരെയാണ് പ്രാബല്യം.  രാജ്യാന്തര സെക്ടറിൽ ഇരുപത്തിയാറും ആഭ്യന്തര സെക്ടറിൽ എട്ടും എയർലൈനുകളാണ് സിയാലിൽ സർവീസ് നടത്തുന്നത്. രാജ്യാന്തര സെക്ടറിൽ ഏറ്റവും അധികം സർവീസുള്ളത് അബുദാബിയിലേക്കാണ്,  66  പ്രതിവാര സർവീസുകൾ.  

ദോഹയിലേക്ക് 46 സർവീസുകളും ദുബായിലേക്ക് 45 സർവീസുകളാണ് കൊച്ചിയിൽ നിന്നുള്ളത്. തായ് എയർവേയ്‌സ് ബാങ്കോക്ക് സുവർണഭൂമി വിമാനത്താവളത്തിലേക്ക് ത്രിവാര പ്രീമിയം സർവീസുകൾ  ആരംഭിക്കുന്നു. അതോടൊപ്പം  തായ് ലയൺ എയർ ബാങ്കോക്ക് ഡോൺ മ്യൂങ് വിമാനത്താവളത്തിലേക്ക് പ്രതിദിന സർവീസുകളും ആരംഭിക്കും. നിലവിലുള്ള തായ് എയർ ഏഷ്യ പ്രതിദിന സർവീസുകൾക്ക് പുറമെയാണിത്. അബുദാബി, റിയാദ്, ജിദ്ദ എന്നിവിടങ്ങളിലേക്ക് പ്രതിദിന വിമാന സർവീസുകളുമായി  ആകാശ എയർ അന്താരാഷ്ട്ര സെക്ടറിൽ  പ്രവർത്തനം തുടങ്ങുന്നു. 

ഇത്തിഹാദ് അബുദാബിയിലേക്ക് ആഴ്ചയിൽ 7 അധിക വിമാനങ്ങളും എയർ ഏഷ്യ ബെർഹാദ് കോലാലംപൂരിലേക്ക്  ആഴ്ചയിൽ 5 സർവീസുകളും നടത്തും. ഇൻഡിഗോ ദോഹയിലേക്കും സ്‌പൈസ്ജെറ്റ് മാലിയിലേക്കും അധിക പ്രതിദിന സർവീസുകൾ  പ്രഖ്യാപിച്ചിട്ടുണ്ട്. ലണ്ടനിലെ ഗാറ്റ്‌വിക്കിലേക്ക് ഇപ്പോഴുള്ള ചൊവ്വ, വ്യാഴം, ശനി ത്രിവാര സർവീസുകൾക്ക് പുറമെ എയർ ഇന്ത്യ ആഴ്ചയിൽ ഒരു അധിക സർവീസ് കൂടി തുടങ്ങും.  ജസീറ എയർവേയ്‌സും സൗദിയയും യഥാക്രമം കുവൈറ്റിലേക്കും ജിദ്ദയിലേക്കും 2 അധിക പ്രതിവാര വിമാന സർവീസുകൾ ആരംഭിക്കും.

തിരക്കേറിയ റൂട്ടുകളിലും  പ്രാദേശിക റൂട്ടുകളിലും സേവനങ്ങൾ വിപുലീകരിക്കുന്നതിനുള്ള  സിയാലിൻ്റെ ശ്രമങ്ങൾക്ക് യാത്രക്കാരുടേയും വിമാന കമ്പനികളുടെയും ഭാഗത്ത് നിന്ന് മികച്ച  പ്രതികരണമാണ് ലഭിച്ചിട്ടുള്ളത്.  ലക്ഷദ്വീപിൽ  സമീപകാലത്തുണ്ടായ  വിനോദസഞ്ചാര വികസനം കണക്കിലെടുത്ത് കൊച്ചിയിൽ നിന്ന് അഗത്തിയിലേക്ക് കൂടുതൽ സർവീസുകൾ ഒരുങ്ങുന്നു.  നിലവിലുള്ള   ശൈത്യകാല സമയക്രമ പ്രകാരം,  അഗത്തിയിലേക്ക് അലയൻസ് എയറിൻറെ 10 സർവീസുകളാണുള്ളത്. വേനൽക്കാല സമയക്രമം അനുസരിച്ച് ഇത് 16 ആയി ഉയരും. ഇൻഡിഗോ അഗത്തിയിലേക്ക് പ്രതിദിന വിമാന സർവീസുകൾ  ആരംഭിക്കുന്നതോടെയാണിത്.  

എയർ ഇന്ത്യ എക്‌സ്പ്രസ് ഹൈദരാബാദിലേക്ക് ദിവസേന 2 അധിക വിമാന ഓപ്പറേഷനുകൾ തുടങ്ങും. ആകാശ എയർ, വിസ്താര എന്നിവ  ബാംഗ്ലൂരിലേക്ക് ദിവസേന അധിക സർവീസുകൾ നടത്തും. നിലവിൽ ബാംഗ്ലൂരിലേക്ക് പ്രതിവാരം 87 സർവീസുകലുണ്ട്. ഇൻഡിഗോ, എയർ ഇന്ത്യ എക്സ്പ്രസ്, ആകാശ എയർ എന്നിവ പ്രതിവാരം 14 അധിക സർവീസുകൾ തുടങ്ങും. ഇതോടെ കൊച്ചി-ബാംഗ്ലൂർ സെക്ടറിൽ പ്രതിദിനം ശരാശരി 16 വിമാന സർവീസുകളാവും. കൂടാതെ,  കൊച്ചിയിൽ നിന്ന് പുതിയ ആഭ്യന്തര സെക്ടറായ കോഴിക്കോടേക്ക് പ്രതിദിനസർവീസുകൾ ഇൻഡിഗോ ആരംഭിക്കുന്നു.  കോഴിക്കോട് നിന്ന് രാവിലെ 8:30 ന് പുറപ്പെട്ട്  9:30 ന് കൊച്ചിയിലെത്തിച്ചേരും. മടക്കവിമാനം ഉച്ചക്ക് 1:35 ന് പുറപ്പെട്ട് 2:35 ന് കോഴിക്കോട് എത്തിച്ചേരും. ആഭ്യന്തര പ്രതിവാര വിമാനസർവീസുകളിൽ  ബാംഗ്ലൂരിലേക്ക് 122,  ഡൽഹിയിലേക്ക് 71, മുംബൈയിലേക്ക് 68, ഹൈദരാബാദിലേക്ക് 61, ചെന്നൈയിലേക്ക് 49, അഗത്തിയിലേക്ക് 16, അഹമ്മദാബാദ്, ഗോവ, കണ്ണൂർ, കൊൽക്കത്ത, പൂനെ, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് 7 സർവീസുകൾ വീതവും സേലത്തേക്ക് 5 പ്രതിവാര സർവീസുകളും ഉണ്ടായിരിക്കും. 

അന്താരാഷ്ട്ര ട്രാഫിക്കിന്‍റെ കാര്യത്തിൽ രാജ്യത്തെ നാലാമത്തെ വലിയ വിമാനത്താവളമാണ് സിയാൽ.  കലണ്ടർ വർഷം 1  കോടി യാത്രക്കാരെ കൈകാര്യം ചെയ്യുന്ന കേരളത്തിലെ ഏക വിമാനത്താവളവുമാണ് സിയാൽ.  അത് കൊണ്ട് തന്നെ,  ഇന്ത്യൻ വ്യോമയാന മേഖലയുടെ വികസനങ്ങൾക്കൊപ്പം മുന്നേറാനും നവീകരിക്കാനുമുള്ള  ശ്രമങ്ങളാണ്  സിയാൽ  നടത്തി വരുന്നതെന്ന്  സിയാൽ മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ് ഐ.എ.എസ് പറഞ്ഞു. 

“പുതിയ റൂട്ടുകൾ ആരംഭിച്ചും, നിലവിലെ രാജ്യാന്തര - ആഭ്യന്തര വിമാന സർവീസുകളുടെ എണ്ണം വർധിപ്പിച്ചും യാത്രക്കാരുടെ സൗകര്യങ്ങൾ വികസിപ്പിക്കുക എന്നതാണ് സിയാലിന്റെ ലക്ഷ്യം.  തിരക്കേറിയ ആഭ്യന്തര റൂട്ടുകളിലേക്കും  വിവിധ ഗൾഫ് നഗരങ്ങളിലേക്കും അധിക സർവീസുകൾ  തുടങ്ങാൻ ധാരണയായിട്ടുണ്ട്. വ്യോമേതര മാർഗങ്ങളിൽ കൂടിയും വിമാനത്താവളത്തിന്റെ വികസനം സാധ്യമാക്കനുള്ള സജീവ ശ്രമങ്ങളും സിയാൽ ആവിഷ്കരിക്കുകയും  നടപ്പിലാക്കി വരികയുമാണ്. വ്യോമയാന മേഖലയിൽ ദക്ഷിണേന്ത്യയിലെ പ്രധാനപ്പെട്ട ഒരു ഹബ്ബായി മാറാനുള്ള സിയാലിന്റെ ശ്രമങ്ങൾ ഇതിലൂടെ ശക്തിപ്പെടും എന്നാണ് ഞങ്ങളുടെ പ്രതീക്ഷ”- സുഹാസ് പറഞ്ഞു.  

പൂർണമായും സൗരോർജത്തിൽ പ്രവർത്തിക്കുന്ന ലോകത്തിലെ ആദ്യത്തെ വിമാനത്താവളമായ സിയാൽ,  ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡുമായി (ബി.പി.സി.എൽ) സഹകരിച്ച് ഗ്രീൻ ഹൈഡ്രജൻ ഉൽപ്പാദിപ്പിക്കുന്നതിനുള്ള ഒരു സംരംഭത്തിന് കൂടി തുടക്കമിട്ടു കഴിഞ്ഞു.  ഈ ഉദ്യമത്തിൽ ഏർപ്പെടുന്ന ലോകത്തിലെ ആദ്യത്തെ വിമാനത്താവളം എന്ന വിശേഷണം കൂടി സിയാൽ സ്വന്തമാക്കി.

Read More : 10 വർഷത്തെ നിയമപോരാട്ടം, ഒടുവിൽ മോചനം; പ്രൊഫസർ ജി എൻ സായിബാബ ജയിൽമോചിതനായി

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

click me!

Recommended Stories

യുഎഇ സ്വദേശിവത്കരണം, നിയമം പാലിച്ചില്ലെങ്കിൽ ജനുവരി 1 മുതൽ കടുത്ത നടപടി, മുന്നറിയിപ്പ് നൽകി അധികൃതർ
തൊഴിലാളികളുടെ ശമ്പളം ഉറപ്പാക്കാൻ പുതിയ സംവിധാനം; സെൻട്രൽ ബാങ്കുമായി ബന്ധിപ്പിക്കുമെന്ന് കുവൈത്ത് മാൻപവർ അതോറിറ്റി