യുഎഇയില്‍ നിന്ന് ഇതുവരെ മടങ്ങിയത് ഇരുപതോളം രാജ്യങ്ങളിലെ പൗരന്മാര്‍

By Web TeamFirst Published Apr 14, 2020, 7:06 PM IST
Highlights
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇരുപതോളം രാജ്യങ്ങളിലേക്ക് ഈ വിമാനക്കമ്പനികള്‍ സര്‍വീസ് നടത്തി. മാതൃരാജ്യങ്ങളിലേക്ക് മടങ്ങിപ്പോകുന്നവര്‍ക്ക് മാത്രമാണ് യാത്രാ അനുമതിയുള്ളത്. ഈ വിമാനങ്ങളില്‍ തിരികെ യാത്രക്കാരെ കൊണ്ടുവരുന്നതുമില്ല. 
ദുബായ്: യുഎഇയില്‍ വിമാന യാത്ര വിലക്ക് പിന്‍വലിച്ചിട്ടില്ലെങ്കിലും വിവിധ രാജ്യങ്ങളിലെ പൗരന്മാരെ തിരികെ കൊണ്ടുപോകുന്നതിനുള്ള നിരവധി പ്രത്യേക വിമാനങ്ങളാണ് ദിവസവും ഇപ്പോള്‍ ദുബായില്‍ നിന്ന് പറക്കുന്നത്. ഇത്തിഹാദ്, എമിറേറ്റ്സ്, ഫ്ലൈ ദുബായ് എന്നീ വിമാന കമ്പനികളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പ്രത്യേക സര്‍വീസുകള്‍ നടത്തുന്നത്.

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇരുപതോളം രാജ്യങ്ങളിലേക്ക് ഈ വിമാനക്കമ്പനികള്‍ സര്‍വീസ് നടത്തി. മാതൃരാജ്യങ്ങളിലേക്ക് മടങ്ങിപ്പോകുന്നവര്‍ക്ക് മാത്രമാണ് യാത്രാ അനുമതിയുള്ളത്. ഈ വിമാനങ്ങളില്‍ തിരികെ യാത്രക്കാരെ കൊണ്ടുവരുന്നതുമില്ല. ഏപ്രില്‍ അഞ്ചിന് സര്‍വീസ് തുടങ്ങിയ ഇത്തിഹാദ് ജക്കാര്‍ത്ത, മനില, മെല്‍ബണ്‍, സോള്‍, സിംഗപ്പൂര്‍, ടോക്കിയോ, ആംസ്റ്റര്‍ഡാം, ബ്രസല്‍സ്, ഡബ്ലിന്‍, ലണ്ടന്‍, സൂറിച്ച് എന്നിവിടങ്ങളിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്. കാബൂള്‍, ജക്കാര്‍ക്ക, മനില, തായ്‍പേയ്, ഷിക്കാഗോ, തുനീഷ്യ, അല്‍ജീരിയ എന്നിവിടങ്ങളിലേക്ക് എമിറേറ്റ്സും സര്‍വീസ് നടത്തുന്നുണ്ട്. ലണ്ടന്‍, ഫ്രാങ്ക്ഫര്‍ട്ട് എന്നിവിടങ്ങളിലേക്കും എമിറേറ്റ്സ് പ്രത്യേക സര്‍വീസ് നടത്തി.

അഫ്ഗാനിസ്ഥാന്‍, ക്രൊയേഷ്യ, ഈജിപ്ത്, ഇറാന്‍, റഷ്യ, സുഡാന്‍, സോമാലിയ, തായ്‍ലന്‍ഡ് എന്നിവിടങ്ങളിലേക്കാണ് ഫ്ലൈ ദുബായ് സര്‍വീസ് നടത്തിയത്. അസര്‍ബൈജാന്‍, ബള്‍ഗേറിയ, ക്രൊയേഷ്യ, ജോര്‍ജിയ, ഇറാഖ്, ഇറാന്‍, കിര്‍ഗിസ്ഥാന്‍, റുമേനിയ, റഷ്യ, സെര്‍ബിയ, താജികിസ്ഥാന്‍, യുക്രൈന്‍, ഉസ്‍ബെകിസ്ഥാന്‍ എന്നിവിടങ്ങളിലേക്കും സര്‍വീസുകള്‍ തുടരുന്നു.

നേരത്തെ ഏപ്രില്‍ 15 മുതല്‍ ഫ്ലൈ ദുബായ് ഇന്ത്യയിലേക്കും സര്‍വീസ് ആരംഭിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും കേന്ദ്ര സര്‍ക്കാറില്‍ നിന്ന് അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് റദ്ദാക്കുകയായിരുന്നു. നിലവില്‍ വിദേശരാജ്യങ്ങളില്‍ കഴിയുന്നവരെയൊന്നും ഇപ്പോള്‍ രാജ്യത്തേക്ക് കൊണ്ടുവരാനാകില്ലെന്നാണ് സര്‍ക്കാറിന്റെ നിലപാട്.
click me!