
അബുദാബി : യാത്രക്കാരന്റെ ശരീരത്തിനുള്ളിൽ ഒളിപ്പിച്ച് രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച കൊക്കെയ്ൻ പിടികൂടി. അബുദാബി വിമാനത്താവളത്തിൽ വെച്ചാണ് ഇയാളെ പിടികൂടിയത്. 1198 ഗ്രാം ഭാരം വരുന്ന കൊക്കെയ്നിന്റെ 89 ക്യാപ്സ്യൂളുകളാണ് ഇയാളുടെ കുടലിൽ നിന്നും കണ്ടെടുത്തത്. ഇതിന് 50 ലക്ഷം ദിർഹം വിപണി മൂല്യം വരും. സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റിയുടെ ജനറൽ ഡയറക്ടറേറ്റ് ഓഫ് പോർട്സ് ആണ് ലഹരി മരുന്ന് കടത്താനുള്ള ശ്രമം പരാജയപ്പെടുത്തിയത്.
തെക്കൻ അമേരിക്കൻ രാജ്യത്ത് നിന്നുള്ള യാത്രക്കാരനിൽ നിന്നുമാണ് ലഹരി വസ്തുക്കൾ കണ്ടെത്തിയത്. എയർപോർട്ടിൽ കസ്റ്റംസ് പരിശോധന നടത്തുന്നതിനിടെ അധികൃതർക്ക് യാത്രക്കാരന്റെ പെരുമാറ്റത്തിൽ സംശയം തോന്നുകയായിരുന്നു. തുടർന്ന് ഇയാളെ സ്കാനിങ് ചെയ്യുകയും ശരീരത്തിനുള്ളിൽ ലഹരി വസ്തുക്കൾ ഒളിപ്പിച്ചിട്ടുണ്ടെന്ന് കണ്ടെത്തുകയുമായിരുന്നു. പ്രതിയെ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറുകയും ശരീരത്തിൽ നിന്ന് 89 കാപ്സ്യൂൾ രൂപത്തിലുള്ള കൊക്കെയ്ൻ പിടികൂടുകയുമായിരുന്നു.
കഴിഞ്ഞയാഴ്ച, സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച 5 കിലോ കഞ്ചാവ് അധികൃതർ പിടികൂടിയിരുന്നു. വിമാനത്താവളത്തിലെ സ്‌ക്രീനിംഗ് സംവിധാനങ്ങളിലൂടെ യാത്രക്കാരന്റെ ബാഗേജ് കടന്നുപോകുമ്പോൾ കസ്റ്റംസ് ഇൻസ്‌പെക്ടർമാർക്ക് സംശയം തോന്നിയതിനെ തുടർന്നാണ് പിടികൂടിയത്. മനുഷ്യശരീരത്തിൽ ഒളിപ്പിച്ചിരിക്കുന്ന മയക്കുമരുന്നുകൾ കണ്ടെത്താൻ കഴിവുള്ള റേഡിയോളജിക്കൽ ഉപകരണങ്ങൾ ഉൾപ്പെടെയുള്ള നൂതന ഉപകരണങ്ങളും സാങ്കേതികവിദ്യകളും കസ്റ്റംസ് പരിശോധനാ സംഘങ്ങൾ വിമാനത്താവളത്തിൽ ഉപയോഗിക്കുന്നുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ