ഡെർമറ്റോളജി ക്ലിനിക്കിൽ പ്രസവചികിത്സ നടത്തുകയും ലൈസൻസില്ലാതെ നിയമവിരുദ്ധമായി മെഡിക്കൽ സേവനങ്ങൾ നൽകുകയും ചെയ്ത നിരവധി പേര്‍ അറസ്റ്റിൽ. അധികൃതരുടെ സംയുക്ത റെയ്ഡിലാണ് ഇവര്‍ പിടിയിലായത്.
കുവൈത്ത് സിറ്റി: കുവൈത്തിലെ ഹവല്ലിയിൽ ഡെർമറ്റോളജി ക്ലിനിക്കിന്റെ മറവിൽ അനുമതിയില്ലാതെ വിവിധ മെഡിക്കൽ സേവനങ്ങൾ നൽകി വന്ന കേന്ദ്രം അധികൃതർ റെയ്ഡ് ചെയ്തു. പബ്ലിക് അതോറിറ്റി ഫോർ മാൻപവർ, ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ്, വാണിജ്യ മന്ത്രാലയം, ആരോഗ്യ മന്ത്രാലയം എന്നിവ സംയുക്തമായി നടത്തിയ ഈ മിന്നൽ പരിശോധനയിൽ ലൈസൻസില്ലാതെ ചികിത്സ നടത്തിവന്ന നിരവധി ജീവനക്കാരെ പിടികൂടി. ചർമ്മരോഗ ചികിത്സയ്ക്ക് മാത്രം ലൈസൻസുള്ള ഈ കേന്ദ്രത്തിൽ പ്രസവചികിത്സ, ദന്തചികിത്സ, മുടി മാറ്റിവെക്കൽ എന്നീ വിഭാഗങ്ങൾ നിയമവിരുദ്ധമായി പ്രവർത്തിക്കുന്നതായി കണ്ടെത്തി.
കെട്ടിടത്തിന്റെ ഒന്നാം നിലയിൽ മൂന്ന് വ്യത്യസ്ത ക്ലിനിക്കുകൾ പ്രവർത്തിച്ചിരുന്നപ്പോൾ, താഴത്തെ നിലയിൽ അതീവ രഹസ്യമായാണ് മുടി മാറ്റിവെക്കൽ ശസ്ത്രക്രിയകൾ നടത്തിയിരുന്നത്. ആരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരമോ ലൈസൻസോ ഇല്ലാതെ രോഗികളെ ചികിത്സിച്ചിരുന്ന പ്രവാസി ജീവനക്കാരെയാണ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്. പരിശോധനയിൽ ആകെ അഞ്ച് ഗുരുതരമായ നിയമലംഘനങ്ങൾ രേഖപ്പെടുത്തി. സ്ഥാപനത്തിനെതിരെ നിയമനടപടികൾ ആരംഭിക്കുകയും കേസ് പ്രോസിക്യൂഷന് കൈമാറുകയും ചെയ്തു.


