ലോകം ഗ്രാമമായി ചുരുങ്ങുന്ന ദുബൈ ഗ്ലോബൽ വില്ലേജ്

Published : Nov 14, 2022, 04:00 PM IST
ലോകം ഗ്രാമമായി ചുരുങ്ങുന്ന ദുബൈ ഗ്ലോബൽ വില്ലേജ്

Synopsis

പതിവു വിശേഷങ്ങൾക്കൊപ്പം ഇത്തവണ ഒട്ടേറെ പുതിയ കാഴ്ചകളും സന്ദര്‍ശകര്‍ക്കായി ഒരുക്കിയിട്ടുണ്ട്. കൂടുതൽ വിനോദ വിശ്രമ സൗകര്യങ്ങളാണ് ഇത്തവണത്തെ ആകര്‍ഷണങ്ങളിലൊന്ന്.

ദുബൈ: സംസ്കാരങ്ങളുടെ സംഗമ ഗ്രാമമാണ് ദുബൈ ഗ്ലോബൽ വില്ലേജ്. ലോകം ഇവിടെ ഒരു ഗ്രാമമായി ചുരുങ്ങുന്നു. വൈവിധ്യമാര്‍ന്ന സംസ്കാരത്തിൻറെ കാഴ്ചകളും രുചി വിശേഷങ്ങളും ഇവിടെ ഒന്നിക്കുന്നു. മാസ്കുകളുടെ മറയില്ലാതെ തുറന്ന ചിരിയോടെ ലോകജനത ഇവിടെ ഒത്തുചേരുകയാണ്.

കൊവിഡിനെ പടിക്ക് പുറത്താക്കിയാണ് ഗ്ലോബൽ വില്ലേജിൻറെ പുതിയ പതിപ്പ് സന്ദര്‍ശകരെ വരവേൽക്കുന്നത്. അതുകൊണ്ട് തന്നെ പുതിയ ആവേശത്തോടെയാണ് ഇക്കുറി സന്ദര്‍ശകര്‍ ഗ്ലോബൽ വില്ലേജിലേക്കെത്തുന്നത്. വര്‍ണവും വെളിച്ചവും ചേരുന്ന മായികലോകത്തെ വിസ്മയിപ്പിക്കുന്ന കാഴ്ചകൾ ഒരുക്കിയിരിക്കുന്നു.

പതിവു വിശേഷങ്ങൾക്കൊപ്പം ഇത്തവണ ഒട്ടേറെ പുതിയ കാഴ്ചകളും സന്ദര്‍ശകര്‍ക്കായി ഒരുക്കിയിട്ടുണ്ട്. കൂടുതൽ വിനോദ വിശ്രമ സൗകര്യങ്ങളാണ് ഇത്തവണത്തെ ആകര്‍ഷണങ്ങളിലൊന്ന്. സന്ദര്‍ശകര്‍ക്ക് ഒരു നിശ്ചിത തുക നൽകി ചുരുങ്ങിയ സമയത്തേക്ക് വിശ്രമിക്കാനും ഭക്ഷണം കഴിക്കാനും സൗകര്യമൊരുക്കുന്ന കബാനയാണ് ഇതിൽ പ്രധാനം.

Read More - യുഎഇയില്‍ വിസാ കാലാവധി കഴിഞ്ഞും രാജ്യം വിട്ടുപോകാത്തവര്‍ക്കുള്ള ഫൈനുകളില്‍ മാറ്റം വരുത്തി

റോഡ് ടു ഏഷ്യയാണ് ഗ്ലോബൽ വില്ലേജിലെ പുതിയ ഹൈലൈറ്റുകളിലൊന്ന്. പവലിയനുകൾ ഇല്ലാത്ത പതിനഞ്ചോളം രാജ്യങ്ങളിലെ ഉൽപ്പന്നങ്ങളാണ് റോഡ് ടു ഏഷ്യയിലുള്ളത്. ശ്രീലങ്കൻ ചായപ്പൊടിയും സുഗന്ധ വ്യഞ്ജനങ്ങളും, വിയറ്റ്നാമീസ് കരകൗശല വസ്തുക്കളും ഒക്കെ ഇവിടെ ലഭിക്കും. വഴിയോര വിൽപനകേന്ദ്രം എന്ന ആശയത്തിലാണ് റോഡ് ടു ഏഷ്യ ഒരുക്കിയിട്ടുള്ളത്.

അബ്രകളിലെ ഭക്ഷണശാലകളും, ട്രെയിൻ മാര്‍ക്കറ്റും ഒക്കെ ഒരേ സമയം കൗതുകവും പുതിയ അനുഭവവും സമ്മാനിക്കുന്നുണ്ട്. കൃത്രിമാമായി തയാറാക്കിയിട്ടുള്ള ഓപ്പൺ ഐസ് സ്കേറ്റിങ് റിങ്കും ഇത്തവണത്തെ പുതുമയാണ്.
ഇന്ത്യയടക്കം മുപ്പതോളം രാജ്യങ്ങളുടെ പവലിയനുകളാണ് ഗ്ലോബൽ വില്ലേജിലുള്ളത്. കേരളത്തിൻറെ തനത് ഉൽപ്പന്നങ്ങൾ തേടി അറബ് നാടുകളിൽ നിന്നടക്കമുള്ളവര്‍ ഇന്ത്യൻ പവലിയനിലേക്ക് എത്തുന്നുണ്ട്.

Read More - മുസ്ലിം ഇതര പ്രവാസികള്‍ക്കായി യുഎഇയില്‍ സിവില്‍ വിവാഹ സേവനങ്ങള്‍

ഇരുനൂറോളം റൈഡുകളുള്ള കാര്‍ണവിലും ഗ്ലോബൽ വില്ലേജിൽ ഇത്തവണ സന്ദര്‍ശകരെ ആകര്‍ഷിക്കുന്നുണ്ട്. ഗംഭീര അനുഭവമെന്നാണ് ഈ ആഗോളഗ്രാമത്തിലേക്കെത്തുന്ന ഓരോരുത്തരുടെയും വിലയിരുത്തൽ. ഏറ്റവും കുറഞ്ഞ ചെലവിൽ മികച്ച ഒരു വിനോദകേന്ദ്രം... ഒപ്പം തന്നെ ഒരു ആഗോള ഷോപ്പിങ് അനുഭവവും. അതാണ് ഗ്ലോബൽ വില്ലേജ് സന്ദര്‍ശകര്‍ക്ക് നൽകുന്ന അനുഭവം. ആ അനുഭവം ആസ്വദിക്കാനായി സന്ദര്‍ശകര്‍ ഈ ഗ്രാമത്തിലേക്ക് ഒഴുകിയെത്തുകയും ചെയ്യുന്നു.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

സ്കോട്ട്ലൻഡിലെ കെയർ ഹോമിൽ സഹപ്രവർത്തകയെ ബലാത്സംഗം ചെയ്ത മലയാളി നഴ്സിന് 7 വർഷം തടവ്
ബിഗ് ടിക്കറ്റ് റേസ് വീക്കെൻഡിൽ നൽകിയത് 560,000 ദിർഹം സമ്മാനം