രാഹുൽഗാന്ധിയുടെ യുഎഇ പര്യടനം വിജയിപ്പിക്കാൻ കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടത്തോടെ ഗള്‍ഫിലേക്ക്

By Web TeamFirst Published Jan 8, 2019, 5:01 PM IST
Highlights

ലോ‍ക്സ‍ഭാ തെരെഞ്ഞെടുപ്പിന്റെ പശ്ചാതലത്തില്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ യുഎഇയിലെത്തുമ്പോള്‍ സന്ദര്‍ശനം വിജയിപ്പിക്കാനുള്ള ഒരുക്കത്തിലാണ് രാജ്യത്തെ പാര്‍ട്ടി അനുഭാവികള്‍. ഈ മാസം 11ന് ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ അരലക്ഷത്തിലേറെപ്പേരെ പങ്കെടുപ്പിച്ച്കൊണ്ട് കരുത്തുതെളിയിക്കുകയാണ് കോണ്‍ഗ്രസ് നേതാക്കളുടെ ലക്ഷ്യം. 

ദുബായ്: രാഹുൽഗാന്ധിയുടെ യു.എ.ഇ പര്യടനം വിജയിപ്പിക്കാൻ കോൺഗ്രസിന്റെ കേരളാനേതാക്കൾ കൂട്ടത്തോടെ ഗള്‍ഫിലേക്ക്. ഈ മാസം 11, 12 തിയതികളിലാണ് കോണ്‍ഗ്രസ്സ് അധ്യക്ഷന്റെ യുഎഇ പര്യടനം. 

ലോ‍ക്സ‍ഭാ തെരെഞ്ഞെടുപ്പിന്റെ പശ്ചാതലത്തില്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ യുഎഇയിലെത്തുമ്പോള്‍ സന്ദര്‍ശനം വിജയിപ്പിക്കാനുള്ള ഒരുക്കത്തിലാണ് രാജ്യത്തെ പാര്‍ട്ടി അനുഭാവികള്‍. ഈ മാസം 11ന് ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ അരലക്ഷത്തിലേറെപ്പേരെ പങ്കെടുപ്പിച്ച്കൊണ്ട് കരുത്തുതെളിയിക്കുകയാണ് കോണ്‍ഗ്രസ് നേതാക്കളുടെ ലക്ഷ്യം. യു.എ.ഇയിലെ എമിറേറ്റുകളിലെല്ലാം വൻ പങ്കാളിത്തമുള്ള സ്വാഗതസംഘ യോഗങ്ങളും പ്രവർത്തക കൺവെൻഷനുകളും നടക്കുന്നുണ്ട്. 

എഐസിസി സെക്രട്ടറി ഹിമാൻഷു വ്യാസു  പത്തു ദിവസത്തോളമായി ദുബായിൽ ക്യാമ്പ് ചെയ്ത് പ്രവർത്തകരെ ഏകോപിപ്പിക്കുന്നുണ്ട്.  കേരളത്തിൽ നിന്നാണ് ഏറ്റവും കൂടുതല്‍ നേതാക്കളെത്തിയത്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, കെപിസിസി. പ്രചാരണസമിതി ചെയർമാൻ കെ. മുരളീധരന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, എം.കെ രാഘവന്‍ എം.പി തുടങ്ങിയവര്‍ ഇതിനോടകം എത്തിക്കഴിഞ്ഞു. രാഹുലിന്റെ സന്ദർശനത്തിന് പുറമെ കോൺഗ്രസ് പ്രവാസി സംഘടനകളിലെ പ്രശ്നങ്ങൾ പഠിച്ച് പരിഹരിക്കുകയെന്ന ലക്ഷ്യവും നേതാക്കളുടെ സന്ദർശനത്തിനു പിന്നിലുണ്ട്.  

വിവിധ രാജ്യങ്ങളിൽ ശ്രദ്ധേയമായ സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമായി പങ്കുചേരുമ്പോഴും നേതാക്കൾ തമ്മിലെ പ്രശ്നങ്ങളും ഗ്രൂപ്പിസവും സംഘടനക്ക് തടസം സൃഷ്ടിക്കുന്നുണ്ടെന്നാണ് വിലയിരുത്തല്‍. രാഹുലിന്റെ സന്ദർശനത്തിന് പിന്നാലെ പ്രവാസി ഘടകങ്ങളെ പാർലമെൻറ് തെരഞ്ഞെടുപ്പിനായി സജ്ജമാക്കുകകൂടിയാണ് കെപിസിസി ലക്ഷ്യംവെയ്ക്കുന്നത്.

click me!