
റിയാദ്: സൗദി അറേബ്യയിലെ വിനോദസഞ്ചാരത്തിനുള്ള ഏറ്റവും വലിയ കടൽപാലം നിർമാണം പൂത്തിയായി ഗതാഗതത്തിനായി തുറന്നു. റെഡ്സീ ടൂറിസം പദ്ധതിയുടെ ഭാഗമാണ് ‘ശൂറ’ എന്ന പാലം. ചെങ്കടൽ വിനോദസഞ്ചാര മേഖലയിലെ സുപ്രധാനമായ ഒരു ദ്വീപുമായി കരയെ ബന്ധിപ്പിക്കുന്നതാണ് ഈ പാലം. റെഡ്സീ ഡെവലപ്മെൻറ് കമ്പനിയാണ് നിർമാണം നടത്തിയത്.
ദ്വീപിലെ 11 റിസോർട്ടുകളുടെയും അവിടെയുള്ള നിരവധി ഇതര താമസ കേന്ദ്രങ്ങളുടെയും നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ പാലം പ്രധാന പങ്കുവഹിക്കും. 3.3 ചതുരശ്ര കിലോമീറ്റർ ദൈർഘ്യമുള്ള പാലം വിവിധതരം സസ്യജാലങ്ങളാൽ സമ്പന്നവും മനോഹരവുമായ ഭൂപ്രകൃതിയിലൂടെ വിനോദ സഞ്ചാരകേന്ദ്രത്തിലേക്ക് ടൂറിസ്റ്റുകളെ നയിക്കുന്ന പാതയാണ് ഈ പാലം. ആ സവിശേഷത സന്ദർശകരുടെ അനുഭവം സമ്പന്നമാക്കുമെന്ന് റെഡ്സീ കമ്പനി സി ഇ ഒ ജോൺ പഗാനോ വിശദീകരിച്ചു.
പാലത്തിൽ ഇലക്ട്രിക് കാറുകൾക്കും സൈക്കിളുകൾക്കും പ്രത്യേകം ട്രാക്കുകളും ഒരുക്കിയിട്ടുണ്ട്. അതുപോലെ കടലിനോട് ചേർന്ന് നടന്നുപോകാൻ പറ്റുന്ന കാൽനട പാതയും ഇതിലുണ്ട്. 2017 ജൂലൈ 31 നാണ് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ചെങ്കടൽ ടൂറിസം പദ്ധതി പ്രഖ്യാപിച്ചത്. ആകെ 34,000 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലാണ് പദ്ധതി. ഉംലജ്, അൽവജ്അ് പ്രദേശങ്ങൾക്കിടയിലുള്ള 90- ലധികം പ്രകൃതിദത്ത ദ്വീപുകൾ ഇതിൽ ഉൾപ്പെടുന്നു.
Read more: ഹയ്യ കാര്‍ഡ് ഉടമകള്‍ക്ക് ഉംറ നിര്‍വഹിക്കാനും മദീന സന്ദര്‍ശിക്കാനും സൗജന്യ വിസ
ഈ ദ്വീപുകളെ ടൂറിസ് കേന്ദ്രങ്ങളാക്കി മാറ്റി സഞ്ചാരികളെ സ്വാഗതം ചെയ്യുന്നതിനുള്ള പ്രവർത്തനങ്ങളാണ് നടന്നുവരുന്നത്. ഈ വർഷം അവസാനത്തോടെ ദ്വീപിലെ ആദ്യത്തെ ഹോട്ടൽ തുറക്കാനാണ് പദ്ധതി. ആദ്യഘട്ടത്തിൽ പദ്ധതിയിട്ടിരിക്കുന്ന 16 ഹോട്ടലുകൾ അടുത്ത വർഷം അവസാനത്തോടെയും തുറക്കും. 2030 ൽ പദ്ധതി പൂർത്തിയാകുമ്പോൾ ചെങ്കടലിൽ 8,000 വരെ മുറികളുള്ള 50 ഹോട്ടലുകൾ, 1,000 ലധികം റെസിഡൻഷ്യൽ യൂനിറ്റുകൾ, ഒരു ആഡംബര കടലോര റിസോർട്ട്, മറ്റ് വിനോദ സഞ്ചാര കേന്ദ്രങ്ങൾ എന്നിവ ഉൾപ്പെടുന്നതായിരിക്കും റെഡ്സീ ടൂറിസം പദ്ധതി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ