യുഎഇയില്‍ ഇന്ത്യക്കാരന്‍ ഉള്‍പ്പെടെ 15 പേര്‍ക്ക് കൂടി കൊറോണ; രണ്ട് പേര്‍ സുഖം പ്രാപിച്ചു

By Web TeamFirst Published Mar 7, 2020, 12:16 PM IST
Highlights

തായ്‍ലന്റ്, ചൈന, മൊറോക്കോ, ഇന്ത്യ എന്നിവിടങ്ങളില്‍ നിന്നുള്ള ഓരോരുത്തര്‍ ഉള്‍പ്പെടെയുള്ള 15 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. സൗദി അറേബ്യ, എത്യോപ്യ, ഇറാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള രണ്ട് പേര്‍ വീതവും യുഎഇ പൗരന്മാരായ മൂന്ന് പേരും ഇവരില്‍ ഉള്‍പ്പെടുന്നു. വിദേശത്ത് നിന്നെത്തിയവരായിരുന്നു ഇവരെല്ലാം. 

അബുദാബി: യുഎഇയില്‍ വിവിധ രാജ്യക്കാരായ 15 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 45 ആയി. അതേസമയം നേരത്തെ രോഗം ബാധിച്ച് ചികിത്സയിലായിരുന്ന രണ്ട് പേര്‍ സുഖം പ്രാപിച്ചു.

തായ്‍ലന്റ്, ചൈന, മൊറോക്കോ, ഇന്ത്യ എന്നിവിടങ്ങളില്‍ നിന്നുള്ള ഓരോരുത്തര്‍ ഉള്‍പ്പെടെയുള്ള 15 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. സൗദി അറേബ്യ, എത്യോപ്യ, ഇറാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള രണ്ട് പേര്‍ വീതവും യുഎഇ പൗരന്മാരായ മൂന്ന് പേരും ഇവരില്‍ ഉള്‍പ്പെടുന്നു. വിദേശത്ത് നിന്നെത്തിയവരായിരുന്നു ഇവരെല്ലാം. വിമാനത്താവളത്തിലെ പരിശോധനകളില്‍ രോഗലക്ഷണങ്ങള്‍ കണ്ട് വിശദപരിശോധന നടത്തിയപ്പോഴാണ് ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നവരുമായി അടുത്ത് ഇടപഴകിയിരുന്ന രണ്ട് പേര്‍ക്കും കഴിഞ്ഞ ദിവസം കൊറോണ സ്ഥിരീകരിച്ചു. എല്ലാവരുടെയും ആരോഗ്യ നില തൃപ്തികരമാണെന്നും മതിയായ ചികിത്സ ലഭ്യമാക്കുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

രാജ്യത്ത് കൊറോണ ബാധിതരായിരുന്ന 38കാരനും 10 വയസുള്ള കുട്ടിയുമാണ് സുഖം പ്രാപിച്ചതെന്ന് ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. യുഎഇയില്‍ ആദ്യമായി കൊറോണ സ്ഥിരീകരിച്ച ചൈനീസ് കുടുംബത്തിലെ അംഗങ്ങളാണ് ഇരുവരും. ഇതോടെ ഈ കുടുംബത്തിലെ എല്ലാവരും കൊറോണ വിമുക്തരായി. രാജ്യത്ത് ഇതുവരെ കൊറോണ ബാധിതരായി ചികിത്സയിലായിരുന്ന ഏഴ് പേര്‍ സുഖംപ്രാപിച്ചിട്ടുണ്ട്. 

click me!